Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രു, ശത്രു തന്നെയെന്ന് തിരിച്ചറിയുക: മോഹൻലാൽ

mohanlal-kurukshetra

ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. പാക്കിസ്ഥാൻ ലജ്ജയില്ലാതെയാണ് ഇന്ത്യയെ ആക്രമിച്ചിരിക്കുന്നതെന്നും ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേ അറ്റമാണെന്നും മോഹൻലാൽ ബ്ലോഗിലൂടെ പറയുന്നു.

അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന തലക്കെട്ടോടെയാണ് ബ്ലോഗിന്റെ തുടക്കം. ബ്ലോഗിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം–

പാക്കിസ്ഥാൻ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു. ഭീകരരെ പരശീലിപ്പിച്ച്്, അതിർത്തി കടത്തിവിട്ട്, കാശ്മീരിലെ ഉറി സൈനികക്യാമ്പിൽ ഉറങ്ങിക്കിടന്നിരുന്ന 18 ധീരജവാന്മാരെയാണ് അവർ കൊന്നൊടുക്കിയത്. ലജ്ജ എന്ന വാക്ക് മനഃപൂർവാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. ഏത് ഭീകരപ്രവർത്തനവും ല‍‍ജ്ജാകരമാണ്. നാണം കെട്ടതാണ്.

ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഭീരുത്വമാണെന്ന് വ്യാസ മഹാഭാരതം തെളിയിച്ചിട്ടുണ്ട്. ഇന്ത്യ ഉണര്‍ന്നു കഴിഞ്ഞാല്‍ ഈ ലോകം തലകുനിക്കും. ഉറിയില്‍ മരിച്ച സൈനികര്‍ എനിക്ക് അപരിചതരാണ്. എന്നാല്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കുടുംബത്തെ ഞാന്‍ കാണുന്നു. അവരുടെ വേര്‍പാട് എന്നെ വേദനിപ്പിക്കുന്നു. ഇന്ത്യയുടെ വീരപുത്രന്‍മാര്‍ക്ക് എന്റെ കണ്ണീര്‍ പ്രണാമം. കാശ്മീരിലെ തന്ത്ര പ്രധാന മേഖലകളില്‍ പോകാന്‍ അവസരം ലഭിച്ച വ്യക്തി എന്ന നിലയില്‍ എത്ര ദുര്‍ഘടമായ പ്രതിസന്ധിയിലാണ് സൈന്യം സേവനം അനുഷ്ഠിക്കുന്നതെന്ന് എനിക്കറിയാം. അതിനവര്‍ ശമ്പളം വാങ്ങുന്നില്ലേ എന്ന് പറയുന്ന ബുദ്ധിജീവികളും ഉണ്ട്. മഞ്ഞുപെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളിലേക്ക് സ്‌നേഹത്തോടെ ഞാന്‍ അവരെ ആദരവോടെ ക്ഷണിക്കുന്നു.

ഞാന്‍ ഒരു യുദ്ധക്കൊതിയനല്ല. എന്നാല്‍ ശത്രുവിന്റെ ആയുധം ചങ്കില്‍ ആഴ്ന്നിറങ്ങുമ്പോള്‍ അലസനായിരിക്കാന്‍ മാത്രം യുദ്ധ വിരോധിയുമല്ല. ശത്രുവന്ന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ തുച്ഛമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞ് വാചകകസര്‍ത്തുകള്‍ നടത്തുന്നത് ഭീകരവാദത്തോളം മോശപ്പെട്ട കാര്യമാണ്. രാഷ്ട്രത്തിന്റെ സുരക്ഷപോലും വ്യക്തികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വിഘടനവാദികളുടെയും സ്വാകാര്യ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് ചിത്രീകരിക്കപ്പെടുമ്പോള്‍ അപമാനിക്കപ്പെടുന്നത് മരണത്തിന് മുന്‍പില്‍ മാറുവിരിച്ച് നില്‍ക്കുന്ന പട്ടാളക്കാരാണ്.

വീരമൃത്യു വരിച്ച ഈ ജവാന്‍മാരുടെ ചിതാഗ്നിയില്‍ നിന്ന് ഇന്ത്യ ഒറ്റക്കെട്ടായി ഉണരണം. മതവും രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമെല്ലാം പോര്‍മുഖങ്ങളില്‍ ഉപയോഗ ശൂന്യമാണ്. സ്വന്തം പാളയത്തിൽ അഭിപ്രായവ്യത്യാസങ്ങളുമായി ഒരു രാജ്യത്തിനും പോർമുഖത്ത് നിൽക്കാൻ സാധിക്കില്ല. ശത്രു ശത്രു തന്നെയാണ് എന്ന് ആദ്യം തിരിച്ചറിയുക.

നാം ഓരോരുത്തരും ഓരോ പടയാളികളാകുക. ഒരേ സ്വരത്തില്‍, ധീരതയില്‍ ഉയരുന്ന ശബ്ദമായി നമുക്ക് ഒന്നായി പറയാം ''അമര്‍ ജവാന്‍ അമര്‍ ഭാരത്'.

ബ്ലോഗിന്റെ പൂർണരൂപം വായിക്കാം

Your Rating: