Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ഒരു ഗാഥയാണ്; ലാലിന്റെ പ്രിയ ഗാഥ !

mohanlal-vandhanam

ലാ ലാ ലാ ലാ ലാലാാാാലാലാാ.... ഇന്നും ഈ ട്യൂൺ എവിടെകേട്ടാലും മനസ്സിൽ അറിയാതെ നിരാശയുടെ ആയിരം പളുങ്കുപാത്രങ്ങൾ ചിന്നിചിതറി, ഹൃദയത്തിന്റെ ഭിത്തികളെ കുത്തിനോവിച്ചുകൊണ്ടേയിരിക്കും. വിരഹത്തേക്കാൾ കൂടുതൽ നിരാശയാണ് ഈ ലാലാലാ കേൾക്കുമ്പോൾ. ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ,, ചെടികളുടെ ഇടയിൽ നിന്നും വലിച്ചെറിഞ്ഞ താക്കോൽ ഉണ്ണി കണ്ടെത്തിയിരുന്നെങ്കിൽ, ഉണ്ണി മുറിയിൽ എത്തിയപ്പോഴേക്കും പ്രതീക്ഷയുടെ ആ ഫോൺവിളി നിലയ്ക്കാതിരുന്നെങ്കിൽ, കൃത്യം എട്ടുമണിക്ക് തന്നെ ഗാഥയ്ക്ക് ഉണ്ണിയെ ഫോൺചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ മോഹിക്കാതെ, പ്രതീക്ഷിക്കാതെ വന്ദനം എന്ന സിനിമ കാണാനാവുമോ??

Malayalam Comedy Movie | Vandanam |

ഒരുപാട് ചിരിപ്പിച്ച്, പുറകേനടന്ന് പ്രണയം പിടിച്ചുവാങ്ങിയിട്ട് എന്തിനായിരുന്നു ഇങ്ങനെയൊരു വിധി. അതെ വിധിയും കാലവും തന്നെയാണ് ഇവിടെ വില്ലനായത്. ഇരുവഴികളിലായി ഇരുവരും പിരിഞ്ഞുപോകണമെന്ന് വിധി മുൻകൂടി തീരുമാനിച്ചിരിക്കാം. ''എങ്കില് എന്നോട് പറ ഐ ലൗവ് യൂ'' എന്ന് ഉണ്ണിയെക്കൊണ്ട് ഇത്ര രസകരമായി പ്രണയം പിടിച്ചുവാങ്ങിപ്പിച്ചിട്ട്, ഗാഥയെക്കുറിച്ചുള്ള എല്ലാ ജീവിതരഹസ്യങ്ങളും അറിഞ്ഞിട്ടു തന്നെ പ്രണയിപ്പിച്ചിട്ട്, ഇരുവരെയും സ്വപ്നങ്ങളുടെ വർണ്ണാകാശത്തിലേക്ക് പറത്തിവിട്ടിട്ട്, ഒരുപാട് ഒരുപാട് മോഹങ്ങൾ നൽകിയിട്ട്, എന്തിനായിരുന്നു വിധി ഇത്ര ക്രൂരത കാട്ടിയത്.

ഗാഥയുടെ ഓഫിസീൽ എത്തി ഗാഥ ജാമിന്റെ കാപ്ഷനു വേണ്ടി ഉണ്ണികൃഷ്ണൻ വാശിപിടിക്കുമ്പോൾ അറിയാതെ വായിൽ നിന്നും വീഴുന്ന ഒരു വാക്ക് ഓർമ്മയില്ലേ? Where ever you go I'm there. ഉണ്ണിയുടെ ആ വാക്ക് പാഴ്‌വാക്ക് ആക്കി തീർക്കുകയല്ലേ കള്ളവിധി ചെയ്തത്. ഗാഥ എവിടെപ്പോയാലും ഞാനും അവിടെ വരും എന്ന് ഒരിക്കലും തമാശയായിട്ടല്ല പറഞ്ഞത്. അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാണ്. നാട്ടിൽ നിന്നും അമ്മയെ ഉണ്ണി വിളിച്ചോണ്ടു വന്നതും ഗാഥയെ ജീവിതത്തിലേക്ക് കൂട്ടാനായിരുന്നില്ല. എന്നാൽ ഇതെല്ലാം ഉണ്ണിയുടെ വെറും പൊലീസ് നാടകമായിരുന്നുവെന്ന് ഗാഥയെക്കൊണ്ട് തോന്നിപ്പിക്കുകയല്ലേ ഇങ്ങനെയൊരു വേർപിരിയലൊരുക്കി വിധി ചെയ്തത്.

ഇതിലും ഭേദം ഇരുവരും കാണാതിരിക്കുന്നതായിരുന്നെവെന്ന് നൂറുവട്ടം തോന്നിയിട്ടുണ്ട്. കാത്തിരിപ്പ് സുഖകരമാണ്, പക്ഷെ വരുമെന്ന് പ്രതീക്ഷയുള്ളയാളെ എത്രകാലം വേണമെങ്കിലും കാത്തിരിക്കാം. എന്നെങ്കിലുമൊരിക്കൽ ജീവിതത്തിലേക്ക് വരുമെന്നോ, കണ്ടുമുട്ടുമെന്നോ ഉറപ്പില്ലാത്ത ഒരാൾക്കുവേണ്ടിയുള്ള കാത്തിരിപ്പ്, ആയിരം പനിനിർമുള്ളുകൾ കൊണ്ട് ഹൃദയത്തിൽ മുറിവേൽപ്പിക്കുന്നതു പോലെയാണ്. ആ വേദന നീറ്റിനീറ്റി കൊല്ലും. ഇഞ്ചിഞ്ചായി കൊല്ലുന്ന വേദനയിൽ നിന്നും ഉണ്ണിയ്ക്കും ഗാഥയ്ക്കും ഒരു മോചനം എന്നെങ്കിലും കിട്ടണേയെന്ന് പ്രതിക്ഷീച്ചുകൊണ്ട് മറ്റൊരു പ്രണയദിനം കൂടി കടന്നുവരികയാണ്...