Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകേഷിന്റെ കെ.ടി.മാമൻ

mukesh

നടൻകൂടിയായ മുകേഷ് എംഎൽഎ കെ.ടി.മാമൻ എന്നു പറഞ്ഞ് വാചാലനായി . സ്മരണകൾ ആ മനസ്സിൽനിന്ന് തിരശീല നീക്കി പുറത്തുവന്നു. മുകേഷിന്റെ അച്ഛൻ ഒ.മാധവൻ നടത്തിയിരുന്ന കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി കെ.ടി.മുഹമ്മദ് നാടകങ്ങൾ എഴുതുന്നത് കൊല്ലത്തെ കലാകേന്ദ്രത്തിന്റെ ഓഫിസിൽ താമസിച്ചായിരുന്നു . എല്ലാ വർഷവും മൂന്നുമാസമെങ്കിലും കെ.ടി നാടകരചനയുമായി ബന്ധപ്പെട്ട് ആ ഓഫിസിലുണ്ടാവും . നാടകം സംവിധാനം ചെയ്ത് ഉദ്ഘാടനവും കഴിഞ്ഞേ മടങ്ങിപ്പോവുമായിരുന്നുള്ളൂ .

മുകേഷിന്റെ വീടിനു തൊട്ടടുത്ത് തന്നെയാണ് കലാകേന്ദ്രം ഓഫിസും . അന്നൊക്കെ കെ.ടി.പ്രധാനമായും രണ്ട് നാടകസമിതികൾക്കു വേണ്ടിയാണ് എഴുതിയിരുന്നത്. കാളിദാസകലാകേന്ദ്രത്തിനു വേണ്ടിയും കോഴിക്കോട്ടെ സംഗമം തിയറ്റേഴ്സിനു വേണ്ടിയും . കാളിദാസകലാകേന്ദ്രം എന്റെ ആദ്യ ഭാര്യയും സംഗമം തിയറ്റേഴ്സ് രണ്ടാം ഭാര്യയുമാണെന്ന് കെ.ടി പറയുമായിരുന്നു . കെ.ടി. എഴുതാൻ കൊല്ലത്ത് തങ്ങുന്ന കാലത്ത് മുകേഷ് സ്കൂൾകുട്ടിയാണ്. കലാകേന്ദ്രം ഓഫിസിൽ രണ്ടുമൂന്നു പത്രങ്ങൾ വരുത്തുന്നുണ്ട്.

മുകേഷ് സ്കൂൾ വിട്ടു വന്നാൽ പത്രം വായിക്കാനെന്ന വ്യാജേന, ഈ ഓഫിസിലൊക്കെ ഒന്നു വന്നു നോക്കും. കെ.ടി.മാമൻ എഴുതുന്നതു ദൂരെ നിന്നു നോക്കുകയാണ് ലക്ഷ്യം . ജനലിന്റെ വിടവിലൂടെയോ മാറിനിന്നോ അങ്ങനെ നോക്കിനിൽക്കും.ഒരു ദിവസം കെ.ടി. ഭക്ഷണം കഴിക്കാൻ കുട്ടിയായ മുകേഷിന്റെ വീട്ടിലെത്തി . മുകേഷിനെ അടുത്തു വിളിച്ചു പറഞ്ഞു: ‘‘എപ്പോൾ അവസരം കിട്ടിയാലും വായിക്കണം. എനിക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റിയില്ല. അന്നത്തെ കാലത്തെ ദാരിദ്ര്യവും മറ്റും കാരണം ചെറിയ ക്ലാസിലേ പഠിത്തം നിർത്തേണ്ടി വന്നവനാണ് ഞാൻ. അതുകൊണ്ട് പരമാവധി സമയം വായിക്കണം.’’

സാഹിത്യമൊക്കെ നന്നായി അറിയുന്ന കെ.ടി.മാമൻ വലിയ പഠിത്തമൊക്കെ കഴിഞ്ഞയാളായിരിക്കുമെന്നാണ് തന്റെ അന്നുവരെയുള്ള ധാരണയെന്ന് മുകേഷ് പറയുന്നു. അതു മുകേഷിലുണ്ടാക്കിയ അമ്പരപ്പ് ചെറുതല്ലായിരുന്നു.അന്നൊക്കെ കെ.ടി. വലിയ ഭക്ഷണപ്രിയനാണെന്ന് മുകേഷ് . കൊല്ലത്ത് നല്ല ഞണ്ടു കിട്ടും . നാടകമെഴുതാൻ കൊല്ലത്തു വന്നാൽ അദ്ദേഹത്തിനു ഞണ്ടു കറി ഉണ്ടെങ്കിൽ പെരുത്ത സന്തോഷമാണ്. എന്നും ഭക്ഷണം മുകേഷിന്റെ വീട്ടിൽ നിന്ന്. ഞണ്ട് കിട്ടുന്ന ദിവസങ്ങളിലൊക്കെ അതു കറിവച്ച് കൊടുക്കും.

അന്ന് കാളിദാസ കലാകേന്ദ്രത്തിൽ സഹായിയായി നിന്നിരുന്ന രാജൻ എന്നയാളായിരുന്നു കെ.ടി.ക്ക് മുകേഷിന്റെ വീട്ടിൽ നിന്ന് ചോറ് കൊണ്ടുപോയിരുന്നത്.രാജണ്ണനെ കണ്ടാൽ എവിടെയോ ഒരു ‘സ്പെല്ലിങ് മിസ്റ്റേക്ക് ’ തോന്നുമായിരുന്നെന്നു മുകേഷ്. ഒരു ‘പിരി’ പോയിക്കിടക്കുന്നപോലെ. ഒരു ദിവസം ഉച്ചയ്ക്ക് ഓഫിസിൽ ചെല്ലുമ്പോൾ താൻ കാണുന്നത് രാജണ്ണനോട് കെ.ടി ഭയങ്കരമായി ക്ഷോഭിക്കുന്നതാണെന്ന് മുകേഷ്. കെ.ടി. കുറച്ച് ആസ്മയുള്ള ആളായതുകൊണ്ടുകൂടിയാവാം സംഭാഷണത്തിൽ കിതപ്പുണ്ടെന്നു തോന്നുമായിരുന്നു.

ക്ഷോഭിച്ചപ്പോൾ അത് കൂടിയതും മുകേഷ് ഓർക്കുന്നു. മുകേഷ് അടുത്തുചെന്ന് എന്തോന്ന് പറ്റിയത് എന്നു തിരക്കി. ‘ഞാൻ നിന്റടുത്ത് പറഞ്ഞതല്ലേ അങ്ങനെ ചെയ്യരുതെന്ന്’ എന്നൊക്കെ ചോദിച്ച് കത്തിക്കയറുകയാണ് കെ.ടി . നടന്നതെന്താണെന്നു വച്ചാൽ, ചോറുമായി വന്ന രാജണ്ണൻ ദൂരെ വച്ചേ വിളിച്ചു പറഞ്ഞു, ‘സാറേ എഴുത്ത് നിർത്തിക്കോ. നല്ല ഞണ്ട് കറിയുണ്ട് ’ എന്ന്. പക്ഷേ പാത്രം തുറന്നപ്പോൾ ഞണ്ടുകറിയില്ല. മുകേഷിനോട് കെ.ടി പറയുന്നത് പ്രശ്നം അതുമല്ലെന്നാണ്. ‘ഇത് മൂന്നാമത്തെ ദിവസമാണ് വിശന്നിരിക്കുമ്പോൾ ഇവൻ ഇതു പറഞ്ഞ് എന്നെ പറ്റിക്കുന്നത് . അതാണ് എനിക്കിത്ര ദേഷ്യം വന്നത് ’ എന്നായി കെ.ടി.

മുകേഷ് രാജണ്ണനോട് ചോദിച്ചു, എന്തോന്നെടേ ഈ കാണിക്കുന്നത് , ഇങ്ങനെയൊക്കെയാണോ പെരുമാറുന്നത്? അപ്പോൾ രാജണ്ണൻ പറയുകയാണ്, ഇദ്ദേഹത്തെ ദേഷ്യപ്പെടുത്തുന്നത് നല്ല രസമാ. വല്യ ആളല്യോ. ദേഷ്യം വരുന്നത് എങ്ങനെ എന്നു കാണാമല്ലോ എന്ന്.പിറ്റേന്ന് ഏതാണ്ടിതേ സമയത്തും മുകേഷ് അതുവഴി ഒന്നു കറങ്ങി. അപ്പോൾ കണ്ടത് കെ.ടി. രാജണ്ണനെ നോക്കി എന്തോ പറഞ്ഞ് ഭയങ്കരമായി ചിരിക്കുന്നതാണ്.

ഞണ്ടുകറി കിട്ടിക്കാണും എന്ന് മുകേഷ് ഉറപ്പിച്ചു . ചോദിച്ചപ്പോൾ കെ.ടി പറഞ്ഞത്, ഇന്നും ഇവൻ എന്നെ ഒരു നാണവുമില്ലാതെ പറ്റിച്ചു, അതോർത്ത് ചിരിച്ചതാണ് എന്നാണ്.കാലമേറെക്കഴിഞ്ഞ് മുകേഷും മോഹൻലാലും ചേർന്ന് തൃശൂരിൽ ഛായാമുഖി നാടകം അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനവേള .നാടകം തുടങ്ങാൻ 15 മിനിറ്റ് കൂടിയുണ്ട്. നാടകസംഘം പ്രാർഥനയിലാണ്. നാടകരംഗത്തുനിന്നുള്ള ഒരാൾ അവിടെവന്നു മുകേഷിനോട് സംസാരിച്ചു. ‘‘ഞാൻ കഴിഞ്ഞയാഴ്ച കെ.ടിയെ കണ്ടിരുന്നു.

ഛായാമുഖി കാണാൻ വരുന്ന കാര്യം ഞാൻ കെ.ടിയോട് പറഞ്ഞു. അവിടെവച്ച് നിങ്ങളെയൊക്കെ കാണുമെന്നും പറഞ്ഞു’’ എന്നാണ് പറഞ്ഞത് . അപ്പോൾ കെ.ടി അയാളോടു പറഞ്ഞത്രേ മുകേഷും ലാലും ചെയ്യുന്നത് നാടകത്തിന്റെ വളർച്ചയ്ക്കു നല്ല കാര്യമാണ്. ആരോഗ്യമുണ്ടെങ്കിൽ താൻ തൃശൂരിൽ വന്ന് നാടകം കണ്ടേനെ എന്ന്. വന്നയാളോട് മുകേഷ് കെ.ടിയുടെ ഫോൺനമ്പർ ഉണ്ടോ എന്നു തിരക്കി.

അയാൾ കൊടുത്ത നമ്പരിൽ അപ്പോൾത്തന്നെ മുകേഷ് വിളിച്ചതും കെ.ടി തന്നെ ഫോൺ എടുത്തു . കെ.ടി.എല്ലാ അനുഗ്രഹവും നൽകിക്കൊണ്ടു പറഞ്ഞത് , ‘നിങ്ങളെപ്പോലെയുള്ള നടന്മാർ കാണിക്കുന്ന താൽപ്പര്യം നാടകത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാണ്’ എന്നാണ്.മോഹൻലാലുമായും കെ.ടി സംസാരിച്ചു. അദ്ദേഹത്തെയും അനുഗ്രഹിച്ചിട്ട് ഫോൺവച്ചു. കുറച്ചുദിവസം കഴിഞ്ഞതും മോഹൻലാൽ മുകേഷിനെ വിളിക്കുന്നു, കെ.ടി.നമ്മെ അനുഗ്രഹിച്ചിട്ട് വേഗം പോയി എന്നു പറയാനായിരുന്നു അത്.