Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിച്ച മീശയ്ക്ക് നന്ദി

nivin-fahad

മീശപിരിച്ച നായകൻമാർ മലയാളത്തിൽ പുതുമയല്ല. സൂപ്പർ താരങ്ങൾ മുതൽ യുവ നായകൻമാർ വരെ മീശപിരിച്ചു മികവു തെളിയിച്ചുകഴിഞ്ഞു. മീശപിരിച്ചു വലിയ വിജയങ്ങളും നേടിയിട്ടുണ്ട്. പണ്ടും ഇന്നും മലയാളികൾ പൊതുവെ മീശ ആശാനായി കാണുന്നതു മോഹൻലാലിനെയാണ്. ലാൽ ജോസ് രസികൻ എന്ന ഫാൻസുകാരുടെ കഥ പറഞ്ഞ സിനിമയിൽ പറയുന്നുണ്ട് –‘ലാലേട്ടൻ മീശപിരിച്ച്, മുണ്ട് മടക്കിക്കുത്തി വന്നാൽ...’ എന്ന്. അത്രമേൽ ലാ‍ൽമീശ മലയാളികൾക്കു പ്രിയങ്കരമാണ്. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ മീശപിരിച്ചു വലിയ വിജയങ്ങൾ കൊയ്തിട്ടുണ്ട്.

എന്നാൽ പ്രേമം എന്ന ചിത്രം വലിയ തരംഗമായതോടെ മീശപിരിച്ച നിവിൻ പോളിയാണു സോഷ്യൽ നെറ്റ്‌വർക്കുകളിലെ താരം. ഇതിനെ വിമർശിച്ചു ലാൽ ആരാധകർ രംഗത്തെത്തിയിട്ടുമുണ്ട്. ‘ആര് മീശപിരിച്ചാലും അണ്ണന്റെയടുത്ത് എത്തുമോ?’ എന്നാണു ചോദ്യം. സംഭവം എന്തായാലും മലയാളത്തിലെ പിരിമീശയുടെ ആളുകളെ ഒന്നു പരിചയപ്പെ‌ടാം.

മോഹൻലാൽ

ലാ‍ലേട്ടൻ മീശപിരിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയും അല്ല; വർഷം ഒരുപാടായി. മീശപിരിച്ചു സൂപ്പർസ്റ്റാർ പദവിയിലേക്കു നടന്നുകയറിയപ്പോഴാണെന്നു തോന്നുന്നു, ലാൽമീശ ആദ്യം ആരാധകഹൃദയം കവർന്നത്. രാജാവിന്റെ മകൻ എന്ന ബഡാ ഹിറ്റ് ചിത്രം കഴിഞ്ഞതോടെയാണു ലാൽമീശ മലയാളികളുടെ പ്രിയപ്പെട്ട മീശയായത്. പിന്നെ എത്രയെത്ര സിനിമകളിൽ അദ്ദേഹം പിരിച്ചുവച്ച കൊമ്പൻമീശയുമായി വന്നു. സുഖമോ ദേവിയിലെ മീശപിരിച്ച ലാൽ മറ്റൊരു സ്റ്റൈൽ മലയാളിക്കു നൽകി. പിന്നെ മുണ്ടും മോഹൻലാലും പിരിമീശയും ആരാധകർ ബ്രാൻഡ് ആക്കിമാറ്റിയതു മംഗലശേരി നീലകണ്ഠന്റെ വരവോടെയായിരുന്നു. പിന്നെ വലിയ വിജയങ്ങളായ ആറാം തമ്പുരാൻ, സ്ഫടികം, നരസിംഹം തുടങ്ങി എത്രയോ ചിത്രങ്ങൾ മീശപിരിച്ചു ലാലിനു വലിയ വിജയങ്ങൾ നേടിക്കൊടുത്തു.

mohanlal-mammootty-mustache

മമ്മൂട്ടി

മലയാളികളുടെ സ്വന്തം മമ്മൂട്ടിയും മീശപിരിക്കലിൽ കേമൻ തന്നെ. അടിയൊഴുക്കുകൾ, മഹായാനം തുടങ്ങിയ ചിത്രങ്ങളിലെ കൊമ്പൻമീശ മമ്മൂട്ടിക്കു വലിയ വിജയം നൽകി. മമ്മൂട്ടിയുടെ പിരിച്ച മീശയോടു ജനത്തിന് ആരാധന തോന്നിയത് ആവനാഴി എന്ന ചിത്രത്തോടെയാണ്. അതിലെ ബൽറാമിനെപ്പോലെ മീശയും ജനം ഇഷ്ടപ്പെട്ടു., മലയാളത്തിലെ എക്കാലത്തെയും എണ്ണംപറഞ്ഞ ചിത്രങ്ങളായ ഒരു വടക്കൻ വീരഗാഥ. പഴശ്ശിരാജ എന്നിവയിലും മീശപിരിച്ച മമ്മൂട്ടിയെ ജനം കണ്ടു. വല്ല്യേട്ടൻ, തൊമ്മനും മക്കളും, പിന്നെ ഇൻസ്പെക്ടർ ബൽറാം, സംഘം തുടങ്ങിയ ചിത്രങ്ങളിലൂടെ മീശപിരിച്ചു സിനിമ വിജയിപ്പിക്കാൻ താനും മിടുക്കനാണെന്നു മമ്മൂട്ടി തെളിയിച്ചു.

ദീലീപ്

മീശപിരിച്ചാൽ അന്ന് ആ വീട്ടിൽക്കയറി മോഷ്ടിക്കുന്ന മീശ മാധവനാണു ദിലീപിന്റെ മീശപിരിയൻ കഥാപാത്രങ്ങളിൽ പ്രധാനി. ലാ‍ൽ ജോസ് – രഞ്ജൻ പ്രമോദ് ടീമിന്റെ മീശമാധവൻ മലയാളത്തിലെ തട്ടുപൊളിപ്പൻ ഹിറ്റായപ്പോൾ അതിലെ മാധവന്റെ മീശപിരിക്കൽ നമ്പരും ജനത്തിനു ബോധിച്ചു. ‌ചിത്രത്തിലെ മീശ കള്ളൻ മാധവനു ദോശ തിന്നാൻ ആശ എന്ന ഗാനവും മലയാളികൾ ഏറ്റുപാടി. പിന്നീടു ജോഷി – ഉദയകൃഷ്ണ – സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ റൺവേയിലാണു സ്റ്റൈലിഷ് മീശപിരിക്കലുമായി ദിലീപ് എത്തിയത്. അതിലെ ദിലീപിന്റെ മുണ്ടും, മുക‌ളിലേക്കു ചീകിയൊതുക്കിയ ഹെയർസ്റ്റൈലും, കൂടെ പിരിച്ച മീശയുമൊക്കെ ജനം കയ്യടിച്ചു സ്വീകരിച്ചതോടെ റൺവേ എന്ന സിനിമയും വലിയ ഹിറ്റായി. ഷാജി കൈലാസിന്റെ ഡോണിലും ദിലീപ് മീശപിരിച്ചെത്തി.

സുരേഷ്ഗോപി– ജയറാം

മറ്റു വലിയ താരങ്ങളെപ്പോലെ മീശപിരിച്ചു വലിയ വിജയങ്ങൾ നേടാൻ സുരേഷ് ഗോപിക്കും കഴിഞ്ഞു. ലേലം, വാഴുന്നോർ തുടങ്ങിയ ചിത്രങ്ങളിലാണു മീശപിരിച്ചു സുരേഷ് തെളിഞ്ഞുനിന്നത്. മറ്റുള്ളവരെപ്പോലെ സ്റ്റൈലായി മീശപിരിക്കാൻ തനിക്കും അറിയാമെന്നു സുരേഷ് ഗോപി തെളിയിച്ചതോടെ വലിയ വിജയങ്ങൾ പിരിച്ച മീശവഴി ഇദ്ദേഹത്തിന്റെ കരിയറിൽ എത്തി. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രമാണു ജയറാമിനു മീശവിജയം സമ്മാനിച്ചത്. ഇതിൽ പിരിച്ച മീശയും ബുള്ളറ്റും ഒക്കെയായി പതിവു സ്റ്റൈലിൽ ജയറാം കസറിയപ്പോൾ ചിത്രം അസ്സൽ വിജയമായി. ഉത്തമൻ, പാർത്ഥൻ കണ്ട പരലോകം, തിരുമ്പാടി തമ്പാൻ തുടങ്ങിയ ചിത്രങ്ങളിലും കൊമ്പൻമീശ ജയറാമിനെ മലയാളികൾ കണ്ടു.

ജയസൂര്യ – പൃഥ്വിരാജ് – ഫഹദ്

ഈ മൂവർസംഘം മീശപിരിയൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പൃഥ്വിരാജ് താന്തോന്നി, അവൻ ചാണ്ടിയുടെ മകൻ, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളിൽ പിരിയൻമീശയുമായി എത്തി. മുൻഗാമികളെപ്പോലെ അഴകൊത്ത മീശപിരിക്കൽ തന്നെയായിരുന്നു പൃഥ്വിയുടേതും. ജയസൂര്യ മോഡേൺ സ്റ്റൈലിലെ മീശപിരിക്കലാണു നടത്തിയത്. താടിവച്ച്, മീശപിരിച്ചുവച്ച് പുത്തൻ പരീക്ഷണമാണു ഹോട്ടൽ കാലിഫോർണിയയിൽ ജയസൂര്യ നടത്തിയത്. മോഡേൺ വേഷത്തിലെ മോഡേൺ മീശപിരിക്കൽ പിന്നീടു കോളജ് പിള്ളേരൊക്കെ സ്റ്റൈലാക്കിമാറ്റി. അമൽ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തകത്തിലാണു ഫഹദ് മീശപിരിച്ചത്. ജയസൂര്യയെപ്പോലെ താടിയുടെ അകമ്പടിയോടെയായിരുന്നു ഫഹദിന്റെയും മീശപിരിക്കൽ. വളരെ സങ്കീർണമായ കഥ പറഞ്ഞ ഇയ്യോബിന്റെ പുസ്തകത്തിലെ പിരിയൻമീശ ഫഹദിന് ഒരു വേറിട്ട ലുക്ക് നൽകി.

നിവിൻ പോളി

ഇപ്പോൾ താരം നിവിൻ തന്നെയാണ്. അതിനാലാണു പ്രേമം തരംഗംതീർക്കുന്നതിനൊപ്പം നിവിൻ മീശപിരിക്കുമ്പോൾ സമാനതകൾ ഇല്ലാത്ത കയ്യടി ഉയരുന്നതും നിവിന്റെ താരമൂല്യം കൊണ്ടുതന്നെ. മറ്റെല്ലാ വലിയ താരങ്ങൾക്കും മീശപിരിക്കൽ വലിയ വിജയം നൽകിയപ്പോൾ പിരിച്ച മീശ നിവിൻ പോളിയെയും കൈവിടുന്നില്ല. കരിയറിലെ ഏറ്റവും വലിയ വിജയമാണു മീശപിരിച്ച നിവിനു നൽകുന്നത്. വെറുതെ വീട്ടിൽ നിൽക്കുമ്പോൾ ഉൾപ്പെടെ മീശപിരിക്കുന്ന നിവിന്റെ ശീലം സിനിമയിൽ കൊണ്ടുവന്ന അൽഫോൺസ് പുത്രൻ പോലും ആ പിരിയൻമീശ ഇത്ര വലിയ വിജയം നൽകുമെന്നു കരുതിക്കാണില്ല.

മികച്ച സിനിമകളുടെ കൂടെ താരങ്ങൾ മീശ മുറുക്കി വലിയ വിജയങ്ങൾ ഇനിയും നൽകട്ടെ എന്ന പ്രാർഥനയിലാണു സിനിമാ പ്രേക്ഷകർ. മീശപിരിച്ച ഭൂരിപക്ഷം സിനിമകളും മലയാളികളെ നിരാശരാക്കിയില്ലെന്നതു തന്നെയാണു മീശപിരിച്ച നായകൻമാരുടെ പുറകെ പോകാൻ മലയാളികളെ പ്രേരിപ്പിക്കുന്നതും. പിരിച്ച മീശ തിളക്കമേറിയ വിജയം നൽകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു പ്രേമം. അങ്ങനെ നിവിൻ പോളിയുടെ പിരിച്ച മീശയും മലയാള സിനിമയുടെ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. പിരിച്ച മീശയ്ക്കു നല്ല നന്ദി.