Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നിട്ടും രക്ഷിക്കാനായില്ല: നെഞ്ചുതകർന്ന് നവ്യ

Navya

റോഡിൽ ഒരു അപകടം കണ്ടാൽ, ഒന്നുകിൽ സഹതപിച്ചു നിൽക്കുക അല്ലെങ്കിൽ കാണാത്ത മട്ടിൽ അങ്ങു പോകുക. അത്തരം വാർത്തകളും കാഴ്ചകളുമാണ് നമ്മൾ കണ്ടിട്ടുള്ളത്. അപകടം പറ്റിയവരെ ആശുപത്രിയിലെത്തിച്ചാൽ കേസിന്റെ പുറകേ പോകേണ്ടി വരും തുടങ്ങി പലവിധ ചിന്തകളാണ് ആളുകളെ ഇങ്ങനെ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്. 

ഒരുപക്ഷേ ഇന്നലെ നടി നവ്യാ നായരും അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ ആ സഹോദരങ്ങൾ സഹായം തേടി പിന്നെയും മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടി വന്നേനെ. അപകടത്തിൽപ്പെട്ട അവരെ  സ്വന്തം വാഹനത്തിൽ എത്തിക്കാൻ‌ ആശുപത്രിയിൽ കാണിച്ച ആ നല്ല മനസിനെ അഭിനന്ദിച്ചേ മതിയാകൂ. പക്ഷേ അതിലൊരാൾ വിടപറഞ്ഞ് അകന്നത് നവ്യക്കു വേദനയുമായി. 

ചാനൽ പരിപാടിയും മറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഇന്നലെ ഉച്ചയ്ക്ക് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ നവ്യ കൊച്ചിയിലേക്കു തിരിച്ചത്. ലെ മെറിഡിയൻ ഹോട്ടലിൽ എല്ലാവരും നവ്യയ്ക്കായി കാത്തിരിക്കുകയുമായിരുന്നു. പക്ഷേ വരുന്ന വഴിക്കാണ് രണ്ടു പേർ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടത്. കളമശേരി സ്വദേശികളായ ഷാരോൺ ഷാജിയും സഹോദരി ഷില്ലുവുമായിരുന്നു അത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവർക്കു ചുറ്റും ആളുകള്‍ കൂടുന്നതേയുണ്ടായിരുന്നുള്ളൂ. നവ്യ പിന്നെയൊന്നും ആലോചിച്ചു നിന്നില്ല വണ്ടിയിൽ നിന്നിറങ്ങി പൊലീസ് സഹായം തേടി 100 എന്ന നമ്പറിലേക്കു വിളിച്ചു. പക്ഷേ പൊലീസ് വരാനൊന്നും കാത്തുനിന്നില്ല. 

സ്വന്തം വാഹനത്തിൽ തന്നെ അവരെ കയറ്റി അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കു കുതിച്ചു. അടുത്തുണ്ടായിരുന്ന ആളുകളിൽ നിന്ന് മറ്റൊരു വാഹനം സംഘടിപ്പിച്ച് ആശുപത്രിയിലേക്ക് ഒപ്പം പോയി. മറ്റെല്ലാ തിരക്കുകളും മറന്ന് നവ്യ ആ ജീവനുകൾക്കായി ശ്രമിച്ചുവെങ്കിലും അതിലൊരാൾ ആശുപത്രി മധ്യേ മരിക്കുകയായിരുന്നു. ഷാരോൺ അവധിയ്ക്ക് ദുബായിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. തിരിച്ചു പോകുന്നതിനു മുൻപ് സഹോദരീ ഭർത്താവിന്റെ ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് സഹോദരിയേയും പുറകിലിരുത്തി ബൈക്കിൽ ചുറ്റാനിറങ്ങിയത്. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബൈക്ക് സിയാൽ ഗോൾഫ് കോഴ്‍സിനു സമീപം അപകടത്തിൽപ്പെടുകയായിരുന്നു. 

navya-nair-family

നവ്യ ഇങ്ങനെയൊക്കെ ചെയ്തതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഭർ‌ത്താവ് സന്തോഷ് മേനോൻ പറയുന്നത്. ‌ഏഴു വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്.  എനിക്ക് വല്യ അത്ഭുതമായി തോന്നുന്നില്ല. നവ്യയുടെ കാരക്ടർ അങ്ങനെയാണ്.റോഡിൽ  ഇങ്ങനെയൊക്കെ അപകടമോ മറ്റെന്തെങ്കിലും സഹായ അഭ്യർഥനയോ കണ്ടാൽ നവ്യ മടിച്ചിരിക്കാറേയില്ല. കേസ് ഒക്കെ ആകില്ലേ, കാറിൽ അഴുക്കാകില്ലേ എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇവിടെ മുംബൈയിൽ ആയാലും ആ സ്വഭാവത്തിന് മാറ്റമൊന്നുമില്ല.അതിന്റെ പ്രതിഫലനമെന്തായിരിക്കും എന്നൊന്നും ആലോചിക്കാറുമില്ല. നമ്മൾ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ പിന്നെന്തിനാണ് പേടിക്കുന്നത് എന്നാണ് ആളിന്റെ പക്ഷം. 

അപകടമൊക്കെ കണ്ടാൽ അവരെ സഹായിക്കുക മാത്രമല്ല, അറിയാവുന്ന പൊലീസുകാരെ വിളിച്ച് കാര്യം പറഞ്ഞ് സഹായം തേടാറുമുണ്ട്. നല്ല ധൈര്യമാണ് അതിനൊക്കെ. ഇന്നലെ ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ ഒപ്പമില്ലായിരുന്നു. അവളും ഡ്രൈവറും മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും അങ്ങനെ ചെയ്യാൻ മടികാണിച്ചില്ല. എത്ര തിരക്കിട്ടാണ് ഇവിടുന്ന് പോന്നത് എന്നെനിക്കറിയാം. നാലു മണിക്കായിരുന്നു മീറ്റിങ്. എന്നിട്ട് അവിടെ ചെന്നപ്പോൾ ഏഴു മണി ആയി. 

ഇതൊക്കെ എന്നോടു പറയുമ്പോൾ ആകെ സങ്കടത്തിലായിരുന്നു നവ്യ. ഇത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനായിട്ടും അവനെ രക്ഷിക്കാനായില്ലല്ലോ എന്നോർത്ത്. അപകടം കാണുമ്പോഴേ ആകെ സങ്കടമാണ്. പിന്നെ ആശുപത്രിയിൽ എത്തിച്ച ഒരാൾ മരിക്കുക കൂടി െചയ്തതോടെ ആകി വിഷമമായി...സന്തോഷ് പറയുന്നു.

നവ്യ നമുക്ക് ഒരു മാതൃകയാണ്. തിരിച്ചറിവും. റോഡിൽ അപകടത്തിൽപ്പെട്ടവരിൽ എത്രയോ പേർ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചിരിക്കുന്നു. ആശുപത്രിയിലെത്തിക്കുന്നതിന്റെ ബുദ്ധിമുട്ടും മറ്റു നടപടിക്രമങ്ങളുമാണ് നമ്മെ മുഖം തിരിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷേ നമ്മുടെ മനസിന്റെ വിമുഖതയാണ് ആദ്യം മാറ്റിവയ്ക്കേണ്ടതെന്ന് പറയുന്നു നവ്യ. ഒരു ജീവൻ രക്ഷിക്കാൻ എടുക്കുന്ന സമയത്തേക്കാൾ വലുതല്ല മറ്റൊന്നും എന്ന പാഠം. പിന്നെ നടിമാർ ഗ്ലാമറിന്റെ ലോകത്ത്, മാത്രമാണെന്ന ധാരണയ്ക്കൊരു തിരുത്തും. മുംബൈയിൽ ഭർത്താവിനും മകനുമൊപ്പം നല്ല കുടുംബ ജീവിതം നയിക്കുന്നതിനോടൊപ്പം നൃത്ത രംഗത്തും മനോഹരമായ ആവിഷ്കാരങ്ങളും ഇടപെടലുകളും നടത്തുകയാണ് നടി.