Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാര; പെൺകരുത്തിന്റെ പുതിയ മുഖം

nayanthara

വിതയ്ക്കാൻ ഒരു നേരം വിത കൊയ്യാൻ ഒരു നേരം എന്ന് പറയുന്ന പോലെയാണ് സിനിമയിലെയും കാര്യങ്ങൾ, പ്രത്യേകിച്ച് അഭിനയത്തിൽ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ നായികമാരെ തേടിയെത്തുന്നത് മലയാളത്തിൽ വിരളമാണ്. ചിലപ്പോൾ അതിനായി വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നേക്കാം. മമ്മൂട്ടി ചിത്രമായ പുതിയ നിയമത്തിലെ വാസുകി അയ്യർ ലൂയിസ് എന്ന കഥാപാത്രത്തിലൂടെ അത്തരമൊരു കാത്തിരുപ്പിന് വിരാമമിടുകയാണ്‌ നയൻതാര.

2003ൽ സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന നയൻതാരയെ അടുത്ത കാലം വരെ തേടി വന്നത് ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു. ഇടയ്ക്ക് മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറുക കൂടി ചെയ്തപ്പോൾ പൂർണ്ണമായും ഒരു ന്യൂ ജനറേഷൻ നായിക എന്ന നിലയിലേക്ക് നയൻസ് ബ്രാൻഡ് ചെയ്യപ്പെട്ടു. തുടക്കം നൽകിയത് മലയാളമാണെങ്കിലും കഥാപാത്ര വൈവിധ്യത്തിലെ ദാരിദ്ര്യം മലയാളത്തിൽ നയൻതാര എന്ന നായികയെ കൂടുതൽ സെലെക്ടീവ് ആക്കി.

nayanthara-latest

2010 ൽ ബോഡിഗാഡ്, എലെക്ട്ര എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്നും 5 വർഷത്തോളം നയൻതാര വിട്ടു നിന്നു. തമിഴ് ചിത്രങ്ങളുമായി താരം തിരക്കിലായതു തന്നെ പ്രധാനകാരണം. പിന്നീട് 2015 ൽ മമ്മൂട്ടി നയാകനായ ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിൽ നായികയായി എത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആ വർഷം തന്നെ ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥി വേഷത്തിൽ നയൻസ് വന്നു. പിന്നെ രണ്ടും കൽപ്പിച്ച്, അഭിനയത്തിൽ നിന്നും വീണ്ടുമൊരു നിശബ്ദദത.

mammootty-nayanthara

വാസുകി അയ്യർ ലൂയിസ്, പെൺകരുത്തിന്റെ പുതിയ മുഖം

കൊട്ടിഘോഷിക്കലുകൾക്ക് ഇടം നൽകാതെ നയൻസ് തെരഞ്ഞെടുത്ത കഥാപാത്രമായിരുന്നു എ കെ സാജൻ സംവിധാനം ചെയ്ത പുതിയ നിയമത്തിലെ വാസുകി അയ്യർ ലൂയിസ് എന്ന കഥാപാത്രം. കഥാപാത്രത്തിനായി സ്വയം ഒരു മേക്കോവർ നടത്തിയാണ് നയൻസ് എത്തിയിരിക്കുന്നത്. വാസുകി എന്ന വീട്ടമ്മ, കലാക്ഷേത്ര വാസുകി എന്ന കഥകളി നർത്തകി ഇങ്ങനെ രണ്ടു തലങ്ങളിലൂടെയാണ് ചിത്രത്തിൽ നയൻസിന്റെ കഥാപാത്രത്തിന്റെ സഞ്ചാരം. കഥയിലുടനീളം വ്യത്യസ്തയായി നിൽക്കുന്ന വാസുകിയുടെ ഈ രണ്ടു തലങ്ങളും ഒരു ഘട്ടത്തിൽ പോലും പരസ്പരം ഓവർ ലാപ് ചെയ്യുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

nayans-1.jpg.image.784.410

സ്ത്രീത്വത്തിന്റെ പവിത്രത, മാതൃത്വത്തിന്റെ കരുതൽ എന്നിവയ്ക്കൊപ്പം താൻ നേരിട്ട തിരിച്ചടികൾക്ക് അതെ നാണയത്തിൽ മറുപടി കൊടുക്കുന്ന വാസുകി മലയാളത്തിൽ വന്നിട്ടുള്ള ഏറ്റവും ശക്തമായ പെൺ കഥാപാത്രങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കഥകളി പദത്തിന്റെ പശ്ചാത്തല സംഗീതത്തിൽ രൗദ്രതയേറുന്ന വാസുകിയുടെ മുഖം കാണികളിൽ നയൻതാര എന്ന നായികയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു. ആദ്യപകുതിയിൽ അനിവാര്യമായ സസ്പെൻസ് അതുപോലെ തന്നെ നിലനിർത്താൻ വാസുകിക്ക് കഴിഞ്ഞു. കഥാഗതിയിൽ ഒരിടത്ത് പോലും പാളി പോകാത്ത അഭിനയമാണ് നയൻസ് പുതിയ നിയമത്തിനു വേണ്ടി കാഴ്ച്ചവച്ചത്.

mammootty-nayanthara

ഒരു തകർപ്പൻ മമ്മൂട്ടി ചിത്രത്തിൽ നിന്നും വ്യത്യസ്തമായ രുചിക്കൂട്ടുകൾ ചിത്രത്തിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അതിൽ വാസുകി എന്ന കഥാപാത്രത്തിന്റെ പങ്ക് ചെറുതല്ല. ഓരോ വാക്കിലും നോക്കിലും കഥാപാത്രത്തിന് അനിവാര്യമായ തീഷ്ണത കൊണ്ട് വരുന്നതിൽ നയൻസ് വിജയിച്ചു. യദാർത്ഥ ജീവിതത്തിൽ പല സ്ത്രീകളും പകച്ചു പോകുന്ന അവസ്ഥയെയാണ് വാസുകി സമചിത്തതയോടെ നേരിടുന്നത്.

nayans2.jpg.image.784.410

വാസുകി അയ്യർ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന രീതിയും ഏറെ വ്യത്യസ്തമാണ്. നായികയുടെ പേരിലെ വ്യത്യസ്തത ചിത്രത്തിൻറെ അന്തരീക്ഷത്തിലും അവതരണത്തിലും എന്തിനേറെ നിറ വിന്യാസത്തിൽ പോലും കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞു. നായകനിലൂടെയാണ് കഥ മുന്നോട്ട് പോകുക എന്ന് പ്രതീക്ഷിച്ചവർക്ക് സസ്പെൻസ് ഒട്ടും ചോരാതെ വാസുകി അയ്യർ കഥ മുന്നോട്ടു കൊണ്ട് പോകുന്നത് കാണാം.

nayans.jpg.image.784.410

ഭാസ്കർ ദി റാസ്കളിനെ അപേക്ഷിച്ച് നയൻതാര ഈ ചിത്രത്തിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു. മെറ്റാലിക് ആഭരണങ്ങളും ഇരട്ട മൂക്കുത്തിയും വാസുകിയുടെ ഭാവത്തെ വേറിട്ട്‌ നിർത്തുന്നു. സ്ത്രീ പക്ഷമായി ചിന്തിച്ചില്ലെങ്കിൽ തന്നെയും ആരും അംഗീകരിച്ചു പോകുന്ന പ്രകടനം തന്നെയാണ് വാസുകിയുടെത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.