Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയ ചെയ്ത തെറ്റ് എന്ത്?

nazriya-riding

നാലു ചക്രങ്ങളുടെ സപ്പോർട്ടിന്റെ ബലത്തിൽ ഒരു ബൈക്ക് ഓടിപ്പിച്ച നടിയ്ക്ക് തന്മയത്വത്തോടെ അഭിനയിക്കാനാകില്ലേ...?മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിനു പിറകെ നസ്രിയ നസിം എന്ന പെൺകുട്ടിക്കു നേരെയുണ്ടായ ട്രോളാക്രമണം കണ്ട് ഇങ്ങനെ ചോദിച്ചുപോയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഡ്രൈവിങ്ങിന്റെ മുഴുവൻ ആയാസവും മുഖത്തുനിറച്ചുകൊണ്ട് അഭിനയിക്കണമെങ്കിൽ വാഹനത്തിന് യാതൊരു സപ്പോർട്ടും പാടില്ലെന്നാണോ? എന്നാൽ മാത്രമേ അഭിനയം ‘ഉള്ളിൽ’ നിന്നു വരികയുള്ളൂവെങ്കിൽ മലയാളത്തിലെ ഒരു നടനും നടിയ്ക്കും ശരിക്കും അഭിനയിക്കാനറിയില്ല.

മോഹൻലാൽ റോഡിലൂടെ കാറോടിക്കുമ്പോഴും മമ്മൂട്ടി ബൈക്കിൽ ചീറിപ്പായുമ്പോഴും എന്തിന് ദിലീപും പൃഥ്വിരാജുമൊക്കെ സൈക്കിളോടിക്കുമ്പോൾ പോലും ആ വാഹനങ്ങൾക്ക് യാതൊരു സപ്പോർട്ടുമില്ലെന്നാണോ? സിനിമകളിൽ റോഡ് സീനുകളെടുക്കുന്നത് കണ്ടിട്ടുള്ളവർക്കറിയാം–കാറോടിക്കുമ്പോൾ ആ കാർ വല്ല ലോറിയിലും ഘടിപ്പിച്ച തട്ടിലായിരിക്കുമുണ്ടാവുക. ബൈക്കും കാറുമൊക്കെ അങ്ങനെ വേറെ ഏതെങ്കിലും വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ വച്ചാണ് ഓടിക്കുന്നത്. അല്ലെങ്കിൽപ്പിന്നെ ഛായാഗ്രാഹകന്റെ അവസ്ഥ അരുവിക്കരയിലെ റോഡിലൂടെ പോയ വണ്ടിയിലിരുന്ന് മേക്കപ്പിട്ട നടിയുടേതിനു സമാനമായിരിക്കും. കാരണം കേരളത്തിലെ റോഡുകൾ ക്യാമറ ‘ഷെയ്ക്ക്’ ഉണ്ടാക്കാൻ ഏറെ സഹായകമാണല്ലോ.

nazriya-poster

ഡ്രൈവിങ്ങിനിടെ അഭിനയിക്കുകയും കൂടി വേണമെന്നുണ്ടെങ്കിൽ മലയാളത്തിലെയെന്നല്ല ഏത് ഭാഷയിലെ സിനിമാക്കാരെയാലും എപ്പോൾ ആശുപത്രിയിലേക്ക് നിലവിളി ശബ്ദമിട്ടു കൊണ്ടുപോയെന്നു ചോദിച്ചാൽ മതി. ഓം ശാന്തി ഓശാനയിൽ അഭിനയിക്കുമ്പോൾ ഇരുപത് വയസ്സേ ആയിട്ടുള്ളൂ നസ്രിയയ്ക്ക്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ. ആരാധകർക്കാണെങ്കിൽ ഒരു ക്ഷാമവുമില്ല. ഫെയ്സ്ബുക്കിൽ ഏറ്റവുമധികം ലൈക്ക് നേടിയ നടിയെന്ന ഖ്യാതിയ്ക്കു പിറകെയാണ് അതേയിടത്തിൽ നിന്നുതന്നെ വിമർശനപീരങ്കി ഉണ്ടകളും പറന്നു വന്നത്.

നസ്രിയയുടെ പേജിൽ കയറി ലൈക്കിടുകയും ചെയ്യും അവരൊരു മോശം അഭിനേത്രിയാണെന്നു പറയുകയും ചെയ്യും. നസ്രിയക്ക് മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയതിൽ പ്രതിഷേധിച്ച് അവരുടെ പേജ് ആരെങ്കിലും അൺലൈക്ക് ചെയ്തതായും കേട്ടില്ല. അപ്പോൾപ്പിന്നെ ആ പെൺകുട്ടിയെ മലയാളികൾക്ക് ഇഷ്ടമാണ്. പിന്നെന്തിനാണ് ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കി എന്നത് വലിയൊരു തെറ്റാണെന്നും പറഞ്ഞ് നസ്രിയയെ വിമർശിക്കുന്നത്?

സത്യമാണ്, പളുങ്കിൽ കുട്ടിയായി അഭിനയിച്ചു തുടങ്ങിയപ്പോൾ മുതൽ ഒപ്പമുള്ള കുട്ടിത്തം നസ്രിയ ഇതുവരെയും ഉപേക്ഷിച്ചിട്ടില്ല. ഓരോ ചിത്രത്തിലും ആ കുട്ടിത്തം കാണാനുമുണ്ടായിരുന്നു. പക്ഷേ തുടരെത്തുടരെ അതുതന്നെയായപ്പോൾ പ്രേക്ഷകർ തന്നെ ആ സിനിമകൾ കാണാതെ പ്രതിഷേധിച്ചതുമാണ്. നായകന്മാരുടെ നിഴലായി, കുസൃതിയുമായി നടന്നതിന്റെ ശിക്ഷയായിരുന്നു അതെല്ലാം. പക്ഷേ ഓം ശാന്തി ഓശാന എന്ന ചിത്രം എല്ലാം തിരുത്തിയെഴുതാൻ പോന്നതായിരുന്നു. അത് നായകൻ നിവിനേക്കാളും ഗുണം ചെയ്തത് നസ്രിയക്കു തന്നെയായിരുന്നു. (എന്നുവച്ച് നായകൻ ഒന്നുമായിരുന്നില്ലെന്നല്ല)

Jude Anthany Joseph in I Me Myself - PT 2/3

ഇതിവളുടെ കഥയാണ്, ഇവൾ നീന്തിത്തുടിച്ച സങ്കടക്കടലിന്റെ കഥയാണ്...എന്ന് സലിംകുമാർ പശ്ചാത്തലമൊരുക്കുമ്പോൾ പൂജ മാത്യു തന്നെ വന്നു പറയുന്നുണ്ട്–അതേയ്, ഇതെന്റെ കഥയല്ലേ, ഞാൻ തന്നെ പറഞ്ഞോളാമെന്ന്...ചിത്രത്തിന്റെ തുടക്കത്തിൽ പൂജ മാത്യു നടത്തിയ ഇടപെടൽ പോലെത്തന്നെയായിരുന്നു അവളുടെ സ്വഭാവവും. ഒന്നും സീരിയസായി കാണാത്ത, വീട്ടിലും സ്കൂളിലും അലമ്പുണ്ടാക്കി നടക്കുന്ന ഒരു തന്റേടിക്കൊച്ച്. അതിനിടെ ഒരു പ്രണയം. പിന്നെ അത് പിരിയുമ്പോഴുള്ള സങ്കടം. പിന്നീടൊരിക്കൽ ദൈവമായിട്ട് ആ പ്രണയത്തെ വീണ്ടും തളിരിടാൻ സഹായിച്ചതിന്റെ സന്തോഷം. അതിനിടെ പിന്നെയും ട്രാജഡി. ഇതെല്ലാം അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മലയാളത്തിൽ വേറെ ആരെ സങ്കൽപിക്കാനാകും നമുക്ക് പൂജയുടെ സ്ഥാനത്ത്? ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും പറഞ്ഞു, ഇത് നസ്രിയക്കു വേണ്ടിയൊരുക്കിയ ചിത്രമാണെന്ന്.

അത്രയും നാൾ അഭിനയിക്കാനറിയില്ലെന്ന ചീത്തപ്പേരു കേൾപ്പിച്ച പെൺകൊച്ച് ഒരൊറ്റ ദിവസം കൊണ്ട് പ്രേക്ഷകരുടെ മുന്നിൽ നല്ല നടിയായി. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ ദിവ്യയെ അന്വേഷിച്ചപ്പോഴും അഞ്ജലി മേനോന്റെ മനസ്സിലുണ്ടായിരുന്നിരിക്കുക നെയ്യാണ്ടിയിലെ വനറോജയായിരിക്കില്ല, മറിച്ച് ഓം ശാന്തിയിലെ കുസൃതിക്കുട്ടി പൂജ മാത്രമായിരിക്കും. ചിരിച്ചും കരഞ്ഞും കരയിപ്പിച്ചും ബാംഗ്ലൂർ ഡേയ്സിലും നസ്രിയ തിളങ്ങിയപ്പോൾ അഭിനയത്തിന്റെ ബാലപാഠങ്ങളും പിന്നിട്ട് മികവിന്റെ പാതയിലേക്കെത്തിയെന്നതിന്റെ ഉത്തമോദാഹരണമായി അത് മാറി.

2014-jurry-members

‌കരയുകയും ചിരിക്കുകയും ചെയ്യുക എന്നത് അഭിനയത്തിലാണെങ്കിലും വല്ലാത്ത ബുദ്ധിമുട്ടാണെന്നോർക്കണം. നസ്രിയ നസ്രിയയായിത്തന്നെയാണ് എല്ലാ ചിത്രങ്ങളിലും അഭിനയിക്കുന്നതെന്നായിരുന്നു വിമർശനങ്ങളിലൊന്ന്. അങ്ങനെയാണെങ്കിൽപ്പോലും കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നതും ആ പ്രസരിപ്പുനിറഞ്ഞ അഭിനയമല്ലേ? പത്തുപേർ ചുറ്റിലും നിൽക്കുമ്പോൾ ഒന്നു ശബ്ദമുയർത്താൻ പോലും പറ്റാതെ നെർവസായിപ്പോകുന്നവരുമുണ്ട് ഈ വിമർശകരുടെ കൂട്ടത്തിൽ. അവർക്ക് അവരായിപ്പോലും മാറാൻ സാധിക്കാത്ത അത്തരം സാഹചര്യത്തിൽ ഷൂട്ടിങ് സംഘം മുഴുവൻ നോക്കിനിൽക്കേ അഭിനയിക്കണമെങ്കിൽ കുറച്ചു പാടുതന്നെയാണ്. പ്രത്യേകിച്ച് നസ്രിയയൊന്നും ‘സ്റ്റാൻസ്‌ലോവ്സ്കിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ’ നിന്ന് അഭിനയത്തിൽ ബിരുദമെടുക്കാത്ത സാഹചര്യത്തിൽ.

nazriya-bike

ജനപ്രിയ ചിത്രത്തിലെ അഭിനയത്തിന് അവാർഡ് കൊടുത്തതിനും കിട്ടി ജൂറിക്കും നസ്രിയക്കും വിമർശനം. നേരത്തെ ശ്വേതമേനോനും റിമ കല്ലിങ്കലിനുമൊക്കെ അവാർഡ് വാങ്ങിക്കൊടുത്ത സോൾട്ട് ആൻഡ് പെപ്പറും 22 ഫീമെയിൽ കോട്ടയവുമൊക്കെ വാണിജ്യചിത്രങ്ങളായിരുന്നുവെന്നോർക്കുക. മുൻകാലങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഓം ശാന്തി ഓശാനയിലെയും ബാംഗ്ലൂർ ഡേയ്സിലെയും അഭിനയത്തിനു ലഭിച്ച അവാർഡിന്റെ പേരിൽ നസ്രിയയെ കുറ്റം പറയുന്നവർ മധുചന്ദ്രലേഖയിലെ അഭിനയത്തിന് ഉർവശിക്ക് പുരസ്കാരം കൊടുത്തതിനെപ്പറ്റി എന്തുപറയും? (അന്ന് ഫെയ്സ്ബുക്ക് പ്രചാരത്തിലാവാതിരുന്നതിന് നന്ദി)

നസ്രിയയുടെ മികവിനെപ്പറ്റി ‘കഥാപാത്രങ്ങളുടെ ഭാവസൂക്ഷ്മങ്ങളിലെ പ്രസരിപ്പിനെയും നിസഹായതയെയും ആത്മാവിലേക്കാവാഹിച്ചുകൊണ്ട് അനായാസസുന്ദരമായി കാഴ്ചവെച്ച പ്രകാശനത്തിന്...’ എന്നുള്ള ജോൺപോളിന്റെ നിരീക്ഷണം കുറച്ചു കടന്നുപോയെങ്കിലും ചെറുപ്പത്തിന്റെ പ്രസരിപ്പോടെ നിറഞ്ഞ ചിരിയോടെ നല്ല അഭിനയത്തോടെ നമ്മുടെ മുന്നിലൂടെ വളർന്നുവന്ന കുട്ടിയാണ് നസ്രിയ. ബഹുമാനിച്ചില്ലെങ്കിലും ആ പെൺകുട്ടിയുടെ നേട്ടത്തിനു നേരെ കൊഞ്ഞനം കുത്താതെയെങ്കിലും ഇരിക്കുക.