Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിനായി ഒരു കി‍ഡ്നാപ്പ് !

nedumudi

എനിക്കന്നു കഷ്‌ടിച്ച് ഏഴു വയസ്സു കാണും.തിരഞ്ഞെടുപ്പു ദിവസമായതിനാൽ ഞാനും ജോലിക്കാരിയും മാത്രമേ നെടുമുടിയിലെ വീട്ടിലുള്ളൂ. പാടത്തും പറമ്പിലുമൊക്കെ ജോലി ചെയ്യുന്ന കുടുംബമാണു ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തു താമസിക്കുന്നത്. അവിടെ രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

ബഹളം കേട്ടു ഞാൻ നോക്കുമ്പോൾ ഈ കുഞ്ഞിനെയുമെടുത്ത് ഒരാൾ ഓടുന്നു. പിന്നാലെ കുഞ്ഞിന്റെ അമ്മ നനഞ്ഞ വസ്‌ത്രങ്ങളുമായി ഓടുന്നുണ്ട്. ‘‘എന്റെ കൊച്ചിനെ താ...’’ എന്നു പറഞ്ഞ് അമ്മ പിന്നാലെ ചെന്നിട്ടും അയാൾ വകവയ്‌ക്കാതെ ഓടിപ്പോവുകയാണ്.

ഇതെന്താ സംഭവം എന്നറിയാതെ എനിക്കു പേടിയായി. പിള്ളേരെപ്പിടിത്തക്കാർ ഉള്ള സമയമാണെന്ന് എല്ലാവരും വിരട്ടുന്ന കാലം. പിള്ളേരെപ്പിടിത്തക്കാർ ഇറങ്ങിയതാകുമോ? എന്റെ കുഞ്ഞു മനസ്സു വല്ലാതെ വിഷമിച്ചു. എന്താണു സംഭവമെന്നു ചോദിക്കാൻ ആരുമില്ല.

എന്റെ വീട്ടിൽ ഞങ്ങൾ അഞ്ചു സഹോദരന്മാരാണ്. ആൺകുട്ടികൾ മാത്രമുള്ള വീടായതിനാൽ സമീപത്തുള്ള ആൺകുട്ടികളെല്ലാം വൈകുന്നേരം ഞങ്ങളുടെ വീട്ടിലാണ് ഒത്തുകൂടുക. അന്നു വൈകുന്നേരം എന്റെ സഹോദരന്മാർ പറഞ്ഞു ചിരിക്കുന്നതു കേട്ടപ്പോഴാണു സംഭവം എന്താണെന്നു മനസ്സിലായത്.

തിരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്യാത്ത ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനു പാർട്ടിക്കാർ നിയോഗിച്ചയാളാണു കുഞ്ഞിനെയുമെടുത്ത് ഓടുന്നതു കണ്ടത്. വോട്ടു ചെയ്യാത്തവരെ അന്വേഷിച്ച് അയാളെത്തിയപ്പോൾ ഞങ്ങളുടെ അയൽവീട്ടിലെ സ്‌ത്രീ കുളിക്കുകയായിരുന്നു. കുളി കഴിഞ്ഞിറങ്ങിയപ്പോൾ വോട്ട് ചെയ്‌തോയെന്ന് അവരോടു ചോദിച്ചു. ഇല്ലെന്നും ഒരുപാടു ജോലിയുള്ളതിനാൽ രണ്ടു കിലോമീറ്റർ നടന്നു കൊട്ടാരം സ്‌കൂൾ വരെ പോകാൻ വയ്യെന്നും അവർ പറഞ്ഞു. ‘എങ്കിൽപിന്നെ കൊച്ച് എന്റെ കയ്യിലിരിക്കട്ടെ’ എന്നു പറഞ്ഞ് അയാൾ കുഞ്ഞിനെയും എടുത്ത് ഓടുകയായിരുന്നു.

പിന്നാലെ നനഞ്ഞ വസ്‌ത്രങ്ങളുമായി അമ്മയും ഓടി. ആ ഓട്ടം പോളിങ് ബൂത്തിലെത്തിയാണ് നിന്നത്. ഇനി വോട്ട് ചെയ്‌തിട്ടു പോയാൽ മതിയെന്നും താൻ പറയുന്ന ചിഹ്‌നത്തിൽ വോട്ടു ചെയ്യണമെന്നുമായി പാർട്ടിക്കാരൻ. പറയുന്ന ചിഹ്‌നത്തിലാണോ ചെയ്‌തതെന്നു തങ്ങൾ നോക്കുമെന്നും അല്ലെങ്കിൽ കൊച്ച് തന്റെ കയ്യിൽ തന്നെ ഇരിക്കുമെന്നും മുന്നറിയിപ്പു നൽകാനും അയാൾ മറന്നില്ല. നിവൃത്തിയില്ലാത്തതിനാൽ ആ സ്‌ത്രീ അതു പോലെ വോട്ടു ചെയ്‌തു കുഞ്ഞുമായി മടങ്ങി.

വോട്ടിന് എത്രമാത്രം വിലയുണ്ടെന്ന് അന്നാണ് എനിക്കു മനസ്സിലായത്. അതുകൊണ്ടു തന്നെ വോട്ടവകാശം ലഭിച്ച് ഇന്നുവരെ ഞാൻ വോട്ട് നഷ്‌ടപ്പെടുത്തിയിട്ടില്ല. ഷൂട്ടിങ് തിരക്കിലാണെങ്കിലും ഒരു ദിവസം അവധിയെടുത്തു വന്നു വോട്ട് രേഖപ്പെടുത്തും. തിരുവനന്തപുരത്തു വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് എന്റെ വോട്ട്. ഏതു തിരഞ്ഞെടുപ്പു വന്നാലും എന്റെ മനസ്സിൽ തെളിഞ്ഞു വരിക കുട്ടിക്കാലത്തു പാർട്ടിക്കാരൻ കുഞ്ഞിനെയുമെടുത്ത് ഓടിയ രംഗമാണ്.

തിരഞ്ഞെടുപ്പ് ഓർമകൾ ഇതുകൊണ്ടു തീരുന്നില്ല. സ്‌കൂളിൽ പഠിക്കുന്ന പ്രായത്തിൽ വേനൽക്കാലത്തു ഞങ്ങൾ കുട്ടികൾ സ്‌റ്റേജ് കെട്ടി നാടകം കളിക്കുക പതിവായിരുന്നു. ഒരിക്കൽ ഇങ്ങനെ മാഞ്ചുവട്ടിൽ നാടകം കളിച്ചു കൊണ്ടിരിക്കെ ദൂരെ നിന്ന് ഒരു പൊലീസ് ബോട്ട് വരുന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ ബോട്ട് നിർത്തി പൊലീസുകാർ പുറത്തിറങ്ങി.

‘‘ഇവിടെയാണോ മീറ്റിങ് നടക്കുന്നത്’’? പൊലീസുകാരൻ ചോദിച്ചു.അല്ലെന്നും ഞങ്ങൾ നാടകം കളിക്കാൻ കെട്ടിയ സ്‌റ്റേജ് ആണെന്നും പറഞ്ഞപ്പോൾ അവർ തിരികെ ബോട്ടിൽ കയറിപ്പോയി.

പിന്നീടാണു കാര്യമറിഞ്ഞത്. അക്കാലത്തു പൊലീസിന്റെ നോട്ടപ്പുള്ളിയായ ഏതോ കമ്യൂണിസ്‌റ്റുകാരൻ ചെമ്പുപുറം എന്ന സ്‌ഥലത്തു പ്രസംഗിക്കാൻ വരുന്നുണ്ടത്രേ. അതു തടയുന്നതിനും ആളെ പിടികൂടുന്നതിനും അന്വേഷിച്ചെത്തിയ പൊലീസായിരുന്നു അത്. എന്തായാലും തിരഞ്ഞെടുപ്പു കാലത്തു പൊലീസ് വന്ന് അന്വേഷണം നടത്തി മടങ്ങിയതോടെ ഞങ്ങൾക്കു നാട്ടിലും വീട്ടിലുമൊക്കെ ഒരു വിലയായി. മുതിർന്നവർക്കു പോലും ലഭിക്കാത്ത വില !

Your Rating: