Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്ലാസ് കട്ട് ചെയ്ത് കാണുന്നതിലും പാപം അത് ഡൗണ്‍ലോഡ് ചെയ്യുന്നത്’

nivin-premam

‘പ്രേമം’ സിനിമയുടെ അത്യാഹ്ലാദകരമായ വിജയം എല്ലാവരെയും സന്തോഷിപ്പിച്ചു; ഞാനും സന്തോഷിച്ചു. പക്ഷേ, പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ ഏതോ ഗൂഢാലോചനയിലെന്ന പോലെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതു നിരാശനാക്കുന്നു. എത്രയോ പേരുടെ അധ്വാനമാണ് സിനിമ. പ്രേമം പോലൊരു സിനിമ ഒരുകൂട്ടം യുവാക്കളുടെ എത്രയോ കാലത്തെ സ്വപ്നത്തിന്റെ യാഥാര്‍ഥ്യമാണ്. ആ സിനിമ നിയമവിരുദ്ധമായ വഴിയിലൂടെ കാണുക എന്നതു കുറ്റകരമാണ് എന്നതിനപ്പുറം ഞങ്ങളുടെ അധ്വാനത്തോടുള്ള അവഹേളനം കൂടിയാണ്.

10 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സിനിമ ഇറങ്ങി 10 മിനിറ്റിനുള്ളില്‍ ഇന്റര്‍നെറ്റിലിടുന്നത് 10 കോടി കൊള്ളയടിക്കുന്നതിനു തുല്യമല്ലേ? ഈ മോഷ്ടാക്കള്‍ അത്രയും രൂപ കൊള്ളയടിച്ചതിനുള്ള ശിക്ഷ അര്‍ഹിക്കുന്നുമില്ലേ? വ്യാജ സിഡികളുമായി ബന്ധപ്പെട്ട കോലാഹലം ഉണ്ടാകുന്നതും ചിലര്‍ അറസ്റ്റിലാകുന്നതും വാര്‍ത്തകളില്‍ കാണാറുണ്ട്. എന്നാല്‍ അവര്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്തകള്‍ കാണാറില്ല.

സിനിമ തിയറ്ററില്‍ കാണുമ്പോഴാണ് അതിന്റെ പൂര്‍ണത. തിയറ്ററിലെ പ്രൊജക്‌ഷന്‍, വലിയ സ്‌ക്രീന്‍, ശബ്ദവിന്യാസങ്ങള്‍ തുടങ്ങിയവയാണ് സിനിമയുടെ കാഴ്ചയെ അനുഭവമാക്കുന്നത്. മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയുടെ ആയിരം മടങ്ങു വലുപ്പമുണ്ട് തിയറ്റര്‍ സ്‌ക്രീനിന്. ആ സ്‌ക്രീനില്‍ കാണേണ്ട കാഴ്ചയെ കൃത്യമായ ശബ്ദമോ തുടര്‍ച്ചകളോ ഇല്ലാതെ നിയമവിരുദ്ധമായി ഡൗൺ‌ലോഡ് ചെയ്തു കാണുന്നതു നീതീകരിക്കാനാവില്ല.

എക്കാലവും ഇഷ്ടമുള്ള സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണുന്നയാളാണു ഞാന്‍. ആ സിനിമയെപ്പറ്റി നേരത്തേതന്നെ അറിഞ്ഞു തുടങ്ങുമല്ലോ. അതിലെ ഗാനങ്ങളും ട്രെയ്‌ലറുകളും കാണുമ്പോള്‍, ഇതു കാണേണ്ട സിനിമയാണെന്നു തോന്നും. ആദ്യ ഷോ തന്നെ കാണാന്‍ തീരുമാനിക്കുന്നതങ്ങനെയാണ്. പരമാവധി കൂട്ടുകാരെയും സംഘടിപ്പിച്ചാണ് ആ കാഴ്ച. ആദ്യ ഷോയുടെ ആ അനുഭവം ആദ്യ പ്രണയം പോലെ ആസ്വാദ്യകരമാണ്.

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി കുറ്റകരമായ നിലയില്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനു പുറമേ വാട്ട്‌സാപ്പിലൂടെയും പ്രചരിപ്പിച്ചത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. പലഭാഗങ്ങളാക്കി മുറിച്ച് വാട്ട്‌സാപ്പ് ക്ലിപ്പുകളാക്കി സിനിമയെ പ്രചരിപ്പിച്ചത് എത്ര വലിയ ക്രൂരതയാണ്. സിനിമയുടെ നിര്‍മാതാവിനു മാത്രമല്ല ഇതിലൂടെ നഷ്ടമുണ്ടാകുന്നത്. നാമെടുക്കുന്ന ടിക്കറ്റിലെ ഒരു വിഹിതം മാത്രമാണു നിര്‍മാതാവിനു ലഭിക്കുന്നത്. ഒരു സിനിമ വിജയിക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് തിയറ്റര്‍ ഉടമകളാണ്.

തിയറ്ററുകള്‍ ഒരുക്കിയുള്ള കാത്തിരിപ്പിന് എത്രയോ ലക്ഷങ്ങളാണു ചെലവു വരിക. ഓരോ ടിക്കറ്റിലൂടെയും വിനോദ നികുതിയിനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം, അവിടെ ജീവനക്കാരുടെ ശമ്പളം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന് ‘പ്രേമം’ ഓടി ഒരുമാസത്തിനുള്ളില്‍ 15 ലക്ഷം രൂപ വിനോദ നികുതിയിനത്തില്‍ ലഭിച്ച വാര്‍ത്ത മനോരമയില്‍ പ്രസിദ്ധീകരിച്ചതു വായിച്ചപ്പോള്‍ അഭിമാനം തോന്നി. അതെ, സമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ് ഓരോ ടിക്കറ്റില്‍ നിന്നുമുള്ള വരുമാനം.

മലയാളമൊഴികെയുള്ള ഭാഷകളിലെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ സിഡി ഷോപ്പുകളില്‍ ലഭ്യമാണെന്നതായിരുന്നു ഇതേവരെയുള്ള സ്ഥിതി. സര്‍ക്കാരിന്റെ കീഴില്‍ ആന്റി പൈറസി സെല്‍ ഉള്ളപ്പോഴാണ് ഇതെല്ലാമെന്നത് ഏറെ ദുഃഖകരമാണ്.

‘പ്രേമം’ സിനിമ കാണാന്‍ തിയറ്ററുകളിലെത്തിയ വിദ്യാര്‍ഥികളെ യൂണിഫോമിട്ട പൊലീസുകാര്‍ ഓപ്പറേഷന്‍ ഗുരുകുലയുടെ പേരില്‍ വിരട്ടിയോടിക്കുന്നതു കണ്ടിരുന്നു. ക്ലാസ് കട്ട് ചെയ്തും മാതാപിതാക്കളോട് അനുവാദം വാങ്ങാതെയും വിദ്യാര്‍ഥികള്‍ സിനിമയ്ക്കു വന്നതിന്റെ പേരിലായിരുന്നു ആ നടപടി. മാതാപിതാക്കളെയും കൂട്ടി വന്നു കാണേണ്ട യു/എ സര്‍ട്ടിഫിക്കറ്റല്ല പ്രേമത്തിന്റേത്. ആ നടപടി പൊലീസുകാരുടെ സദാചാരഗുണ്ടായിസമായി സാമൂഹികപ്രവര്‍ത്തകര്‍ വിലയിരുത്തുന്നതും കണ്ടു.

ക്ലാസ് കട്ട് ചെയ്ത് സിനിമകാണുന്നതിലും പാപമാണ് അതേ പ്രായത്തിലുള്ള കുട്ടികള്‍ സിനിമ നിയമവിരുദ്ധമായി ഡൗൺ‌ലോഡ് ചെയ്തു കാണുന്നത്. പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷ കിട്ടുന്ന കുറ്റമാണ് അതെന്നു വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ പൊലീസിനു കഴിയേണ്ടതുണ്ട്.

സെന്‍സര്‍ കോപ്പി ചോര്‍ന്നത് ഏതുവഴിക്കാണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാന്‍ സര്‍ക്കാരിനും പൊലീസിനും കഴിയണം. യഥാര്‍ഥ കുറ്റവാളി പിടിക്കപ്പെട്ടേ മതിയാകൂ. പഴുതില്ലാത്ത സിനിമാവ്യവസായത്തിനു സാങ്കേതിക പിന്തുണ നല്‍കാന്‍ ഇവിടെയുള്ള സ്റ്റാര്‍ട്ടപ് കമ്പനികളിലെ മിടുക്കര്‍ക്കു സാങ്കേതിക സഹായം നല്‍കാനാവും. വ്യാജസിഡിക്കെതിരെയുള്ള മുന്നേറ്റത്തില്‍ തെരുവിലിറങ്ങാനും ഞാന്‍ തയാറാണ്. ഇതു പ്രേമം എന്ന സിനിമയുടെ മാത്രം പ്രശ്‌നമല്ല. സിനിമയുടെ ഭാവിയുടെ പ്രശ്‌നമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.