Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യത്തില്‍ നിവിന്‍ സൂപ്പര്‍ സ്റ്റാറായോ?

സത്യത്തില്‍ നിവിന്‍ പോളി സൂപ്പര്‍ സ്റ്റാറായോ? കുറച്ച് നാളുകളായി മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തിരുന്ന ഇക്കാര്യം പ്രേമം റിലീസായതോടെ ഒന്നു കൂടി ബലപ്പെട്ടിരിക്കുന്നു. നിവിനെ 'ഭാവി മോഹന്‍ലാല്‍" എന്നു വരെ സോഷ്യല്‍ മീഡിയകള്‍ വിശേഷിപ്പിക്കുകയാണ്. എന്നാല്‍ രണ്ടു മൂന്ന് സിനിമ ഹിറ്റായ ഉടനെ സൂപ്പര്‍ സ്റ്റാര്‍ പദവി ചാര്‍ത്തി കൊടുക്കേണ്ട ആവശ്യമില്ലെന്നു വാദിക്കുന്ന മറുവിഭാഗവും സജീവം.

സത്യത്തില്‍ ആരാണ് സൂപ്പര്‍ സ്റ്റാര്‍?

അതാതു മേഖലയില്‍ വന്‍ വിജയം കൈവരിക്കുന്ന സെലിബ്രിറ്റികളെയാണ് നാം സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്നത്. അതിപ്പൊ നടനാകാം, നടിയാകാം, കായികതാരമാകാം ആരുമാകാം. ഇതിപ്പൊ പത്മശ്രീയോ പത്മഭൂഷണോ പോലെ നിയമവശങ്ങള്‍ നോക്കി ശുപാര്‍ശ ചെയ്ത് ലഭിക്കുന്ന അംഗീകാരമൊന്നുമല്ല. വിജയചിത്രങ്ങള്‍ ആവര്‍ത്തിക്കുക. ഇടയ്ക്ക് ഒരോ സൂപ്പര്‍ ഹീറോ വേഷങ്ങള്‍. ആളുകള്‍ താനെ സൂപ്പര്‍ ഹീറോ എന്ന പദവി ചാര്‍ത്തി തരും.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍?

മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാളത്തിലെ എണ്ണപ്പെട്ട സൂപ്പര്‍ സ്റ്റാറുകള്‍. മമ്മൂട്ടിയെ മെഗാ സ്റ്റാര്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് സുരേഷ് ഗോപിക്കും സൂപ്പര്‍ താരമെന്ന പദവി കൈ വന്നെങ്കിലും അത് ഇടയ്‌ക്കെപ്പോഴോ കൈമോശം വന്നു പോയി. യവനികയും ത്രിഷ്ണയും ന്യൂഡെല്‍ഹിയുമൊക്കെയാണ് മമ്മൂട്ടിയെ സൂപ്പര്‍ താരമായ ഉയര്‍ത്തിയതെങ്കില്‍ രാജാവിന്‍റെ മകനാണ് മോഹന്‍ലാലിന് വഴിത്തിരിവായത്. പൊലീസ് വേഷങ്ങള്‍ സുരേഷ് ഗോപിക്കും സൂപ്പര്‍ ഹീറോ പരിവേഷം നല്‍കി.

nivin-new

നിവിന്‍ പോളിയുടെ കരിയര്‍

മലര്‍വാടിയിലൂടെ അരങ്ങേറിയ താരംത്തിന്‍റെ ആദ്യ സോളോ ഹിറ്റ് തട്ടത്തിന്‍ മറയത്താണ്. പിന്നാലെ കുറച്ച് പരാജയങ്ങള്‍. 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍റെ നേരം എന്ന ചിത്രത്തിലൂടെ നിവിന്‍ തിരിച്ചു വരവ് നടത്തി. നിവിന്‍റെ നേരം അതിനു ശേഷവും തെളിഞ്ഞില്ല. അതിന് 2014 ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു. പ്രതീക്ഷിക്കാത്ത വിജയം കൈവരിച്ച 1983, പിന്നാലെ ആഴ്ചകളുടെ വ്യത്യാസത്തില്‍ എത്തിയ ഒാം ശാന്തി ഒാശാന എന്നിവ വിജയം കൊയ്തു.

സത്യത്തില്‍ നിവിന് ഒരു ചെറിയ സൂപ്പര്‍ താര പരിവേഷം നല്‍കിയ ചിത്രവും ഒാം ശാന്തി ഒാശാനയാണ്. തൊട്ടു പിന്നാലെ എത്തിയ ബാംഗ്ലൂര്‍ ഡെയ്സ് അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി. ലാല്‍ജോസിന്‍റെ വിക്രമാദിത്യനിലെ അതിഥി വേഷവും രാജേഷി പിള്ളയുടെ മിലിയും ഒക്കെ വിജയവഴിയില്‍ തടസ്സങ്ങളായില്ല.

ഇക്കൊല്ലം വിഷുവിനെത്തിയ വടക്കന്‍ സെല്‍ഫി തീയറ്ററുകളില്‍ നിന്നു പോകും മുന്പെ പ്രേമം എത്തി. ഒരു ട്രെയിലര്‍ പോലും പുറത്തിറക്കാഞ്ഞിട്ടും വന്‍ വിജയമാണ് ചിത്രം നേടുന്നത്. ഇക്കണക്കിനു പോയാല്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയവുമായേക്കാം.

നിവിന്‍ സ്റ്റാറായോ?

നാട്ടുഭാഷകള്‍ സംസാരിക്കുന്ന നാട്ടിന്‍ പുറത്ത് ജീവിച്ച ഇത്തരം നാടന്‍ കഥാപാത്രങ്ങളോടു തോന്നിയ അതേ ഇഷ്ടമാണ് ഇപ്പോള്‍ നിവിന്‍പോളിയുടെ കഥാപാത്രങ്ങളോട് തോന്നുന്നത്. ലുങ്കി ഉടുത്ത് കലുങ്കിലിരുന്ന് കൂട്ടുകാരോടൊത്ത് സൊറ പറയുന്ന, പാടത്തെ ചെളിയിലും ചേറിലും ക്രിക്കറ്റ് കളിക്കുന്ന, സിക്സ്പാക്ക് ഇല്ലാതെ കാമുകിയുടെ പുറകേ നടക്കുന്ന, അവളുടെ ഒരു നോട്ടത്തിന് കാത്തിരിക്കുന്ന നമ്മളില്‍ ഒരാളായിരുന്നു നിവിന്‍ പോളിയുടെ ഓരോ കഥാപാത്രവും. മലയാളസിനിമയ്ക്ക് ഇടയ്ക്ക് എപ്പോഴോ കൈമോശം വന്ന നാട്ടിന്‍പുറത്തെ നന്മകളുടെ പ്രതിഫലനമായിരുന്നു അവരില്‍ ഓരോരുത്തരും.

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കണ്ണടച്ചു തുറന്നപ്പോള്‍ താരങ്ങളായവരല്ല. അതു കൊണ്ടാണ് സിനിമകളൊക്കെ ഇടയ്ക്ക് പരാജയപ്പെട്ടാലും അവരെ നാം വെറുക്കാത്തതും അടുത്തതിനായി കാത്തിരിക്കുന്നതും. ആ സ്‌നേഹവും വിശ്വാസവും പിടിച്ചു പറ്റുക അത്ര എളുപ്പവുമല്ല. അതിന് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമവും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും ആവശ്യമാണ്.

നിവിന്‍ പോളിയുടെ സിനിമ എന്നു കേട്ടാല്‍ ഇപ്പോള്‍ മലയാളിക്ക് ഒരു വിശ്വാസമുണ്ട്. അത് നല്ലതായിരിക്കുമെന്ന്. സമീപകാല ചിത്രങ്ങളിലൂടെ അങ്ങനെയൊരു വിശ്വാസമാര്‍ജിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. ആ വിശ്വാസത്തിനു കോട്ടം വരുത്താതെ പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സിനിമകളുമായി അദ്ദേഹം ഇനിയും എത്തിയാല്‍ കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ നിവിന്‍ പോളി എന്ന് അദ്ദേഹത്തെയും ആളുകള്‍ വിശേഷിപ്പിച്ചേക്കാം. ആ താരപദവിയിലേക്കുള്ള യാത്രയിലാണ് അദ്ദേഹം എന്ന താര്യത്തിലും തര്‍ക്കമില്ല.

വാല്‍ക്കഷ്ണം-കാര്യം ഇതൊക്കെയാണെങ്കിലും സൂപ്പര്‍ സ്റ്റാര്‍ എന്ന് ഗൂഗിള്‍ ചെയ്താല്‍ വരുന്ന ഒറ്റപ്പേരെയുള്ളൂ _ രജനികാന്ത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.