Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണണം, മാതാപിതാക്കളുടെ പൊള്ളുന്ന മനസ്സ്

mammootty

ആറ്റിങ്ങൽ കൊലക്കേസ് എല്ലാവരെയുംപോലെ എന്നെയും ഉലച്ചിരുന്നു. മറന്നുപോയൊരു കേസ് വിധി വന്നതോടെ വീണ്ടും മനസ്സിലേക്കു വന്നു. ഒരുപക്ഷേ, എന്റെ ഉള്ളിൽ പഴയ വക്കീൽ ജോലിയോടുള്ള സ്നേഹം കൊണ്ടാകാം വിധികൾ ശ്രദ്ധിക്കുന്നത്. എന്നാൽ, ഈ കൊല എന്റെ മനസ്സിനെ വല്ലാതെ ഉലച്ചത് അതിൽ ഒരാളെ തൂക്കിക്കൊല്ലാൻ വിധിച്ചതുകൊണ്ടോ അമ്മതന്നെ മകളെ കൊല്ലാൻ കൂട്ടുനിന്നതുകൊണ്ടോ മാത്രമല്ല. ഈ കേസിലെ 43–ാം സാക്ഷിയായ അച്ഛന്റെ ഇനിയും കാണാത്ത മുഖം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

മകൻ വഴിവിട്ടു പോകുന്നുവെന്നു കണ്ട് അച്ഛനെഴുതിയ കത്ത് കേസിലെ വലിയ തെളിവായിരുന്നു. ഈ അച്ഛന്റെ ഫോൺ ഉപയോഗിച്ചു കൊല ആസൂത്രണം ചെയ്തുവെന്നതും വിലപ്പെട്ട തെളിവാണ്. ഈ രണ്ടു തെളിവുകളും കേസിന്റെ കരുത്തായി മാറിയത് ആ അച്ഛൻ കോടതിക്കു മുന്നിൽ സമ്മതിച്ചതുകൊണ്ടാണ്. അതായത് സ്വന്തം മകനു കൊലക്കയർവരെ കിട്ടിയേക്കാമെന്നറിഞ്ഞിട്ടുപോലും സത്യത്തിന്റെ കൂടെ നിന്ന അദ്ദേഹത്തിനു മുന്നിൽ ലോകത്തിലെ എല്ലാ അച്ഛന്മാരും തലകുനിക്കണം. മക്കളോടുള്ള വാത്സല്യം അവസാന നിമിഷമെങ്കിലും എല്ലാവരുടെയും മനസ്സുലയ്ക്കും. എന്നാൽ, സ്വന്തം മകന്റെ അടിയേറ്റു വീണു പിടഞ്ഞൊരു കൊച്ചുകുട്ടിയുടെ മുഖം സ്വന്തം മകന്റെ മുഖത്തെക്കാൾ വാത്സല്യത്തോടെ ഈ അച്ഛൻ കണ്ടു.

താൻ പറഞ്ഞാൽ മകൻ അനുസരിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. പറഞ്ഞാൽ കേൾക്കാതായപ്പോൾ അനുസരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അദ്ദേഹം മകനു കത്തെഴുതി. ഇതല്ലാതെ ആ അച്ഛന് എന്തു ചെയ്യാനാകും? ആ കത്തിലെ വരികൾ രണ്ടു തവണ വായിച്ചിരുന്നെങ്കിൽ നിനോ മാത്യു എന്ന ചെറുപ്പക്കാരൻ ഇതു ചെയ്യില്ലായിരുന്നു. ഒരു അമ്മ തീരാക്കളങ്കമായി നമ്മുടെ മുന്നിൽ നിൽക്കില്ലായിരുന്നു. അമ്മയെയും അച്ഛനെയും അനുസരിക്കാതെ ഓരോ കുട്ടിയും വഴി തിരിഞ്ഞു പോകുമ്പോൾ ഇദ്ദേഹത്തെ ഓർക്കണം. നിങ്ങളുടെ വഴികളിലെ തടസ്സമായല്ല മാതാപിതാക്കൾ വരുന്നത്. എത്ര വലുതായാലും ഞങ്ങൾ പറയുന്നതു നിങ്ങൾ അനുസരിക്കുമെന്നു ഞങ്ങൾ കരുതുന്നു. ആ വിശ്വാസമാണു ഞങ്ങളെ ജീവിക്കാൻ മോഹിപ്പിക്കുന്നത്. മനസ്സു കൈവിട്ടു പോകുമ്പോൾ തെറ്റായ ബന്ധങ്ങൾ ഉണ്ടായേക്കും. എന്നാൽ അതു തിരുത്താനുള്ള അവസരങ്ങൾ വരുമ്പോൾ തട്ടിക്കളയുന്നതാണ് ഇതിലും വലിയ തെറ്റ്.

ആ മനുഷ്യൻ ഉറങ്ങിയിട്ട് എത്ര നാളുകളായിക്കാണും? സ്വന്തം മകനെ രക്ഷിക്കണോ, നീതിയുടെ കൂടെനിൽക്കണോ, മരിച്ചുപോയ ആ പാവം പെൺകുട്ടിക്കുവേണ്ടി നിൽക്കണോ എന്നെല്ലാം ആലോചിച്ചു മനസ്സു വെന്തുവെന്താകും അദ്ദേഹം ജീവിച്ചിട്ടുണ്ടാകുക. ഇനിയും അതേ മനസ്സുമായി ജീവിക്കേണ്ടി വന്നേക്കും. ആ മനുഷ്യന്റെ നെഞ്ച് ഉരുകിയ ചൂട് ഓരോ കുട്ടിയും തിരിച്ചറിയണം. നിങ്ങൾക്കുവേണ്ടി ഉരുകിത്തീരുന്നതാണ് ഓരോ രക്ഷിതാവിന്റെയും മനസ്സ്. നിങ്ങൾക്കവരെ കള്ളം പറഞ്ഞു പറ്റിക്കാനായേക്കും. മിണ്ടാതിരുന്ന മകനെ കത്തിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച അച്ഛന്റെ മനസ്സാണ് ഓരോ രക്ഷിതാവിന്റെയും മനസ്സെന്നു തിരിച്ചറിയണം.

എത്ര വലുതായാലും നിങ്ങൾ ഓരോരുത്തരും അച്ഛനോടും അമ്മയോടും ചേർന്നു നിൽക്കണം. അവർ നിങ്ങളുടെ ജീവിതത്തിന്റെ ഇരുട്ടിൽ വിളക്കുമായി കാത്തുനിന്നവരാണെന്നു തിരിച്ചറിയണം. ആ അച്ഛൻ‌ കത്തിച്ചുവച്ച വിളക്കു കാണാതെ പോയ മകനെ ഇരുളിൽ കാത്തിരുന്നതു കൊലക്കയറാണ്. അച്ഛനും അമ്മയും ഇല്ലാത്ത ദൂരെ നാടുകളിൽ ജോലി ചെയ്യുന്നവരും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരും ഉണ്ടാകും. നിങ്ങൾ ചെയ്യുന്നതൊന്നും അവർ അറിയില്ല എന്നതു ശരിയായിരിക്കാം. പക്ഷേ, നിങ്ങൾ അറിയേണ്ടത്, നിങ്ങൾ ശരി മാത്രമേ ചെയ്യൂ എന്നു കരുതി ജീവിക്കുന്നവരാണവർ. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും അവരെ വിളിക്കണം. അവരെ ജീവിതത്തിൽ ചേർത്തു നിർത്തണം.

അദ്ദേഹം ഒരിക്കലും മകനെ കൈവിട്ട അച്ഛനല്ല. നമ്മുടെ മക്കൾക്ക് മാതാപിതാക്കളുടെ പൊള്ളുന്ന നെഞ്ച് എന്താണെന്നു കാണിച്ചുകൊടുത്ത മനുഷ്യനാണ്. നിനോ മാത്യു ഇനിയും നിയമത്തിന്റെ വഴിയിലൂടെ പോകും. പക്ഷേ, ആ അച്ഛൻ പറഞ്ഞ വാക്കുകൾ ഓരോരുത്തരുടെയും മനസ്സിൽ കല്ലിൽ കൊത്തിവച്ചതുപോലെ ഉണ്ടാകും.‘ഞാൻ പറഞ്ഞത് എന്റെ മകൻ അനുസരിച്ചില്ല.’