Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാഹജലവുമായി മമ്മൂട്ടി കോട്ടയത്തും

mammootty-water ജലമാണു താരം: കലക്ടറേറ്റിനു സമീപം എച്ച്പി പെട്രോൾ പമ്പിനോടു ചേർന്ന് പൊതുജനങ്ങൾക്കായി ആരംഭിച്ച ‘ഓൺ യുവർ വാട്ടർ’ പദ്ധതി ശുദ്ധജലം നൽകി നടൻ മമ്മുട്ടി ഉദ്ഘാടനം ചെയ്യുന്നു

ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടൻ മമ്മൂട്ടി രൂപം കൊടുത്ത ‘ഓൺ യുവർ വാട്ടർ’ പദ്ധതി ഇനി മുതൽ കോട്ടയത്തും. ശുദ്ധജലക്ഷാമം പരിഗണിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ശുദ്ധജല സംഭരണി പൊതുജനങ്ങൾക്കായി മമ്മൂട്ടി തുറന്നു നൽകി. കലക്ടറേറ്റ് കവലയിൽ ഉള്ള എച്ച്പി പെട്രോൾ പമ്പ് വളപ്പിലാണ് ശുദ്ധജലസംഭരണി. സംഭരണിയിൽ നിന്നു പൊതുജനങ്ങൾക്ക് കുടിക്കാൻ ജലമെടുക്കാം.

മമ്മൂട്ടിയുടെ തന്നെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ആണ് ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. വാഹനം പാർക്ക് ചെയ്ത് ജലം സംഭരിക്കാനുള്ള ക്രമീകരണവും ഇവിടെയുണ്ട്. ഒരു പറ്റം ആളുകളുടെ നിസ്വാർഥസേവനവും മേൽനോട്ടവും ഉണ്ടായിരിക്കും. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ ഉടൻ ടൗണിലെ എച്ച്പി പമ്പ് ഉടമകളായ നോബി ഫിലിപ്പും റോബിയും മമ്മൂട്ടിയെ കണ്ട് സംഭരണി വയ്ക്കാനുള്ള സ്ഥലം വാഗ്ദാനം ചെയ്യുകയായിരുന്നു.

മഴ ലഭിച്ചു ജലക്ഷാമത്തിനു പരിഹാരമാകും വരെ സംഭരണി 24 മണിക്കൂറും പൂർണ സജ്ജമായിരിക്കുമെന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ, കെയർ ആൻഡ് ഷെയർ ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, നോബി ഫിലിപ്പ്, എ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: