Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ച നേരിടാൻ‌ മമ്മൂട്ടിയുടെ ‘ഓൺ യുവർ വാട്ടർ’ പദ്ധതി

mammootty.jpg.image.784.410 കൊച്ചിയിൽ ജലസംരക്ഷണത്തിനായി ആരംഭിക്കുന്ന ‘ഓൺ യുവർ വാട്ടർ’ പദ്ധതിയുടെ ആദ്യ യോഗത്തിൽ നടൻ മമ്മൂട്ടി പ്രസംഗിക്കുന്നു. കലക്ടർ എം.ജി. രാജമാണിക്യം, ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ‌, പ്രഫ. എം.കെ.സാനു എന്നിവർ സമീപം. ചിത്രം. മനോരമ

വരൾച്ച നേരിടാൻ‌ ‘ഓൺ യുവർ വാട്ടർ’ പദ്ധതിയുമായി നടൻ മമ്മൂട്ടി. വരൾച്ച നേരിടാൻ എന്തൊക്കെ ചെയ്യാമെന്നാലോചിക്കാൻ മമ്മൂട്ടി വിളിച്ചു ചേർത്ത കൂട്ടായ്മ അടിയന്തരമായി ചെയ്യേണ്ടതും ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ടതുമായ കാര്യങ്ങൾ ചർച്ച ചെയ്തു. പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ നഗരത്തിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാനും നാഗ്‌പുർ മാതൃകയിൽ സിഗ്നൽ ജംക്‌ഷനുകളിൽ പന്തൽ നിർമിച്ചു തണൽ ഒരുക്കാനും കൂട്ടായ്മ തീരുമാനിച്ചു.

വെള്ളം ആവശ്യമുള്ളവർക്കും അത് ലഭ്യമാക്കാൻ താൽപര്യമുള്ളവർക്കും വിളിക്കാനുമായി നമ്പർ ഏർപ്പെടുത്തി (92070 00800). ഇന്നു മുതൽ എറണാകുളം ജില്ലയിൽ ടാങ്കറുകളിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ വെള്ളം എത്തിക്കും.

യുവർ ഓൺ വാട്ടർ ക്യാംപയിനു മമ്മൂട്ടി നേതൃത്വം നൽകുമെന്നു ജില്ലാ കലക്ടർ എം.ജി.രാജമാണിക്യം പറഞ്ഞു. അഞ്ചു വർഷം കൊണ്ടു എല്ലാ വീടുകളിലും സ്വന്തമായി വെള്ളം കണ്ടെത്താനും ജില്ലയിലെ മുഴുവൻ കുളങ്ങളും തടയണകളും കിണറുകളും സംരക്ഷിച്ചു അവയിലെ വെള്ളം കുടിക്കാൻ യോഗ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വൈകാതെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്നു കലക്ടർ പറഞ്ഞു.

എന്തിനും സർക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകണമെന്നും നമ്മളാലാകുന്ന കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞു. വിവിധ സംഘടനകളുടെ സഹകരണത്തോടെ എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പരസ്പരം സഹായിക്കാൻ മനസ്സുള്ള എല്ലാവരും ഈ ഉദ്യമത്തിൽ പങ്കാളികളാകണം.

കേരള ഡാംസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, വി.ഗാർഡ് ഗ്രൂപ്പ് മേധാവി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രഫ. എം.കെ.സാനു, ഡോ. എസ്.സച്ചിദാനന്ദകമ്മത്ത്, ബി.ഭദ്ര, മനോരമ ന്യൂസ് ടിവി ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവരും വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും യോഗത്തിൽ പങ്കെടുത്തു.