Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ തകർക്കുന്ന ഓൺലൈൻ പ്രമോട്ടർമാർ

shikhamani

പ്രമുഖ യുവതാരത്തിന്റെ സിനിമ റിലീസാകുന്നതിനു അര മണിക്കൂർ മുൻപു തന്നെ അത് മോശമാണെന്നു നൂറിലധികം ഫേസ്ബുക്ക് സിനിമാപ്രമോഷൻ അക്കൗണ്ടുകളിൽ നിന്നു പ്രചരിപ്പിക്കുന്നു. അതോടെ സിനിമ പോരെന്ന് അത് കാണാതെ തന്നെ പ്രേക്ഷകരും വിധിയെഴുതുന്നു. ഒടുവിൽ സംവിധായകനും അണിയറപ്രവർത്തകരും ഒാടി നടന്ന് മറ്റ് മാധ്യമങ്ങളിൽ കൂടി പരമാവധി പ്രമോഷൻ പരിപാടികളിൽ പങ്കെടുത്ത് സിനിമയെ ഒരു വിധത്തിൽ രക്ഷപെടുത്തിയെടുക്കുന്നു. 5000 രൂപ കൊടുക്കാത്തതിന് കോടികൾ മുടക്കിയ ചിത്രത്തെ ഒാൺലൈൻ പ്രമോട്ടേഴ്സ് വലിച്ചു കീറിയതും തുടർന്നുണ്ടായ സംഭവവികാസങ്ങളും നടന്നിട്ട് 2 മാസമായതെ ഉള്ളൂ.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ശിഖാമണി എന്ന സിനിമ അടുത്തമാസം റിലീസ് ചെയ്യാനിരിക്കെ ഇതേ ഭീഷണി ഇൗ ചിത്രത്തിന്റെ അണിയറക്കാരും നേരിടുകയാണ്. ഈ സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിന് ഓൺലൈൻ മീഡിയ പ്രമോഷണൽ ടീമുകളെ വിളിക്കാൻ അണിയറക്കാർ വിട്ടുപോയി. ആ കാരണത്തിൽ സിനിമ തന്നെ നശിപ്പിക്കുന്ന നിലപാടിലാണ് ഇക്കൂട്ടർ.

ഇനി സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കില്ലെന്നും സിനിമയെ തകർക്കുമെന്നും ചിത്രത്തിന്റെ നിർമാതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നു ഒരു ഒാൺലൈൻ പ്രമോഷൻ മാധ്യമം. പ്രമോഷന് നൽകിയ തുക തിരികെ നൽകാൻ നിർമാതാവ് പറഞ്ഞിട്ടും അത് കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല ചിത്രം പൊളിച്ചു കയ്യിൽ കൊടുക്കുമെന്നാണ് ഇക്കൂട്ടരുടെ ഭീഷണി.

5000 മുതല്‌ 10000 രൂപ വരെയാണ് ഇത്തരക്കാർക്കായി നൽകിയിരിക്കുന്നത്. സിനിമയുമായി സഹകരിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളോടും ഇവർ വിളിച്ച് ചിത്രവുമായി സഹകരിക്കരുതെന്ന മുന്നറിയിപ്പ് നൽകി. സിനിമയെ എഴുതി കൊല്ലുമെന്നാണ് ഇവർ പറയുന്നത്. സിനിമയെ വിമർശിക്കാൻ പോലും യോഗ്യതയില്ലാത്ത പതിനഞ്ച് –ഇരുപത് വയസുള്ള കുട്ടികളാണ് ഇങ്ങനെയുള്ള പ്രമോഷണൽ പേജുകൾ നടത്തുന്നത്. ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് ൈസബർ പൊലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും സിനിമയുടെ അണിയറപ്രവർത്തകർ മനോരമ ഓൺലൈനോട് പറഞ്ഞു.

സിനിമാ സംബന്ധമായ നൂറു കണക്കിനു ഫെയ്സ്ബുക്ക് പേജുകളാണ് മലയാളത്തിലുള്ളത്. പലതും വ്യക്തിപരമാണ്. ഇവയെ അംഗീകൃത മാധ്യമങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയില്ല. ഇപ്പോൾ മാധ്യമങ്ങൾക്ക് നന്ദി പറയുന്നതിനേക്കാൾ കൂടുതൽ ഫേസ്ബുക്കിലെ ഇത്തരം സിനിമാപേജുകൾക്ക് നന്ദി പറഞ്ഞാണ് പലരും സിനിമ തുടങ്ങുന്നതു തന്നെ. സിനിമയിലുള്ളവർ തന്നെ ആവശ്യമില്ലാതെ ഇവരെ ഉപയോഗിക്കാൻ തുടങ്ങിയത് തന്നെയാണ് ഇങ്ങനെയൊരു അപകടരമായ സ്ഥിതിയിലേക്ക് ഓൺലൈ‍ൻ ഫേസ്ബുക്ക് പേജുകൾ വളരാൻ കാരണം.

5,000 മുതലാണ് എഫ് ബി പ്രമോഷൻ നിരക്ക് തുടങ്ങുന്നത്. സിനിമ അനൗൺസ് ചെയ്യേണ്ട താമസം ഓരോരുത്തരായി അണിയറ പ്രവർത്തകരെ തേടിയെത്തും. പിന്നീടാണ് വിലപേശൽ. അവസരം കിട്ടാത്തവൻ പടത്തിനിട്ടു പണി തുടങ്ങുകയായി. ഇത് ആരോഗ്യകരമായ പ്രവണതയല്ലെന്നു സിനിമാ പ്രവർത്തകർ തന്നെ പറയുന്നു.

സ്വന്തമായി വെബ്സൈറ്റ് പോലുമില്ലാത്ത ഒാൺലൈൻ മാധ്യമങ്ങൾ ഫെയ്സ്ബുക്ക് പേജുകളുപയോഗിച്ചാണ് ഗുണ്ടായിസം നടത്തുന്നത്. സിനിമകൾക്ക് മികച്ച പ്രമോഷൻ മുൻനിര മാധ്യമങ്ങൾ നൽകുമ്പോൾ തന്നെ അതിനു പുറമെ ഇത്തരക്കാരെ കൂടി സിനിമക്കാർ ആശ്രയിക്കുമ്പോൾ അവർ ആ സാഹചര്യം മുതലാക്കുകയും ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ ചിത്രത്തെ നശിപ്പിക്കുകയും ചെയ്യുന്നു.