Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയുടെ നഷ്ടം

Tribute To ONV

ഒഎൻവിയുടെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. എന്നും ചുണ്ടിൽ മൂളുന്ന ഒരുപിടി ഗാനങ്ങൾ മലയാള ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തിട്ടാണ് അദ്ദേഹം ഈ ലോകം വിട്ടു പോയിരിക്കുന്നത്. ആരെയും ഭാവഗായകനാക്കും, ഒരു ദലം മാത്രം വിടർന്നൊരു, മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, വാതിൽപഴുതിലൂടെൻ മുന്നിൽ... ആദിയുഷസന്ധ്യ പൂത്തതെവിടെ... തുടങ്ങിയ മനോഹര ഗാനങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ആരിലും ഒരു നഷ്ടബോധം ഉടലെടുത്തു പോകും.

സിനിമയിൽ സാങ്കേതികമാറ്റങ്ങൾ ഉണ്ടായപ്പോഴും താളത്തിനനുസരിച്ച് വരികളൊരുക്കേണ്ട അവസ്ഥ രചയിതാക്കൾക്ക് വന്നപ്പോഴും സിനിമാസംഗീതലോകത്ത് രചയിതാക്കളിൽ അഗ്രഗണ്യനായി ഒഎൻവി തുടർന്നു. മനോഹരമായ വരികൾ അദ്ദേഹത്തിന്റെ തൂലികത്തുമ്പിലൂടെ വീണ്ടും പിറന്നുവീണുകൊണ്ടേ ഇരുന്നു.

പാട്ടിന്റെ ‘പൊന്നരിവാളമ്പിളി’

ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലെ ഒഎൻവി ഗാനം അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരുമാത്ര വെറുതേ നിനച്ചു പോയി എന്നതു പോലെ അരികിൽ ഇനിയും മനോഹര ഗാനങ്ങളുമായി ഒഎൻവി ഉണ്ടായിരുന്നെങ്കിലെന്ന് അറിയാതെ ഓരോ മലയാളിയും കൊതിച്ചു പോകുന്നുണ്ട്. 1979–ൽ പുറത്തിറങ്ങിയ പ്രതീക്ഷ എന്ന ചിത്രത്തിൽ ഒഎൻവിയുടെ വരികളിൽ യേശുദാസ് പാടിയതു പോലെ ഓർമകൾക്ക് കൈവള ചാർത്തി വിമൂകമായ വേദിയിൽ വീണ്ടും ഒഎൻവി എത്തുമായിരിക്കാം.

വൈശാലി എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഗുൽമോഹർ, രാധാമാധവം, ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്, വൈശാലി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, നഖക്ഷതങ്ങൾ‍, അക്ഷരങ്ങൾ‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ആദാമിന്റെ വാരിയെല്ല്, യാഗം, അമ്മയും മകളും, ഉൾക്കടൽ, മദനോത്സവം, ആലിംഗനം, സ്വപ്നാടനം, എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും പഴശ്ശിരാജ എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരവും അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.

എല്ലാവർക്കും ചുണ്ടിൽ മൂളിനടക്കാൻ ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഒഎൻവിയെ അതേ ഗാനങ്ങളിലൂടെ തന്നെ മലയാളികൾ എന്നും ഓർത്തുകൊണ്ടേ ഇരിക്കും.