Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ തലയ്ക്കു പിടിച്ച കുട്ടികള്‍ക്കു പൊലീസിന്‍റെ ചികിത്സ

സിനിമ തലയ്ക്കു പിടിച്ച കുട്ടികള്‍ക്കു പൊലീസിന്‍റെ ചികിത്സ..! ക്ലാസില്‍ നിന്നു മുങ്ങി തിയറ്ററിലെത്തിയ കുട്ടികളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധയില്‍ കുടുങ്ങിയത് 25 സ്കൂള്‍ വിദ്യാര്‍ഥികളാണ്. ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തിയാണു പൊലീസ് വിട്ടയച്ചത്.

ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ നഗരത്തിലെ തിയറ്ററുകളില്‍ പരിശോധന നടത്തിയത്. നഗരത്തിലെ മൂന്നു തിയറ്ററുകള്‍ക്കു മുന്നിലും പരിസര പ്രദേശത്തും ഡിവൈഎസ്പി വി. അജിത്, സിഐമാരായ എ.ജെ. തോമസ്, സക്കറിയ മാത്യു, എസ്ഐമാരായ യു. ശ്രീജിത്ത്, ടി.ആര്‍. ജിജു എന്നിവരുടെയും ഷാഡോ പൊലീസ് സംഘാംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. നൂണ്‍ ഷോ കാണാന്‍ എത്തിയ എട്ടു വിദ്യാര്‍ഥികളാണ് ആദ്യം കുടുങ്ങിയത്.

വീട്ടില്‍ നിന്നു രഹസ്യമായി കൊണ്ടുവന്ന വസ്ത്രം ധരിച്ച ഇവര്‍ യൂണിഫോം ബാഗിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. തോളില്‍ ബാഗും തൂക്കി തിയറ്ററിലെത്തിയ കുട്ടികളെ കണ്ടു ചോദ്യംചെയ്‌തോടെ കള്ളി പൊളിഞ്ഞു. നഗരത്തിലെ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. മാറ്റിനിയുടെ സമയത്തായിരുന്നു അടുത്ത പരിശോധന. ഇതിനിടെ തന്നെ പൊലീസ് പരിശോധനയുടെ വിവരങ്ങള്‍ പരസ്യമായിരുന്നു.

ഇതോടെ തിരിച്ചറിയല്‍ കാര്‍ഡും ബാഗും ഒളിപ്പിച്ചുവച്ച ശേഷമായി കുട്ടി സംഘത്തിന്‍റെ തിയറ്റര്‍ യാത്ര. സംശയം തോന്നിയ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി ചെറുതായൊന്നു വിരട്ടി. കഥകളെല്ലാം പൊളിഞ്ഞു. ഇത്തവണ പിടിയിലായതു നഗരത്തിലെ സ്ഥാപനത്തിലെ ഐടിഐ വിദ്യാര്‍ഥികളായിരുന്നു. മറ്റു സ്ഥലങ്ങളില്‍ രാവിലെയും വൈകിട്ടും നടത്തിയ പരിശോധനകളില്‍ അഞ്ചു വിദ്യാര്‍ഥികളെക്കൂടി പൊലീസ് പിടികൂടി.

. അതിര്‍ത്തി കടന്നെത്തിയവരും കുടുങ്ങി സിനിമ കാണാന്‍ ജില്ലാ അതിര്‍ത്തി കടന്നെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും പിടിയിലായി. കരഞ്ഞു കാലുപിടിച്ചിട്ടും പൊലീസിന്‍റെ മനസ്സലിഞ്ഞില്ല. ഒടുവില്‍ മാതാപിതാക്കളെത്തിയാണു പ്രശ്നത്തിനു പരിഹാരം കണ്ടത്. പത്തനംതിട്ട _ കോട്ടയം അതിര്‍ത്തി പ്രദേശത്തു നിന്നു വന്നവരാണ് ഇവര്‍.

. പരിശോധന തുടരും ജില്ലയിലെ സിനിമാ തിയറ്ററുകളിലും വിജനമായ സ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും അടക്കം പൊലീസിന്‍റെ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നു ഡിവൈഎസ്പി വി. അജിത്ത് പറഞ്ഞു. ക്ലാസ് കട്ട് ചെയ്യുന്നവരെ കണ്ടെത്തുന്നതിനൊപ്പം വിവരം ഇവരുടെ മാതാപിതാക്കളെ ധരിപ്പിക്കും. സ്കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനു പൊലീസ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ ഹാജര്‍ നില പൊലീസ് നേരിട്ടു പരിശോധിക്കും.

കോട്ടയം. ജില്ലയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ തലയെണ്ണി പൊലീസിന്‍റെ പരിശോധന. സ്കൂളുകളില്‍ പൊലീസ് നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് നൂറിലേറെ കുട്ടികളാണ്. സ്കൂള്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി രണ്ടുവര്‍ഷം മുന്‍പു ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായാണു പൊലീസ് സ്കൂളുകളിലെ ഹാജര്‍ നിലവാരം ശേഖരിച്ചത്.

സ്കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെടുന്നതിനായി ഡിവൈഎസ്പി ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ തന്നെ നിയോഗിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ അറിവില്ലാതെയാണു കുട്ടികള്‍ സ്കൂളില്‍ ഹാജരാകാത്തതെങ്കില്‍ കുട്ടികളെ കണ്ടെത്താന്‍ അതതു പ്രദേശത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ നിര്‍ദേശം നല്‍കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.