Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മപ്രിയയുടെ പുതിയ അവതാരം

padmapriya

‘കേരളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ അടുത്ത പടവു കയറാനായി. 20 വർഷം മുൻപുണ്ടാക്കിയ ലക്ഷ്യങ്ങൾവച്ചു ഇനിയും മുന്നോട്ടു കൊണ്ടുപോകാനാകില്ല.’ പറയുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ തിരശീലയിൽ നിറഞ്ഞുനിന്നിരുന്ന പത്മപ്രിയ തന്നെ. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന പത്മപ്രിയ ഒരു വർഷമായി ന്യൂഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ കീഴിലുള്ള അക്കൗണ്ടബിലിറ്റി ഇനീഷിയേറ്റീവ് എന്ന സ്ഥാപനത്തിലെ സീനിയർ റിസർച്ച് അസോഷ്യേറ്റ് ആണ്. പഞ്ചായത്തുകളിലെ ധനവിനിയോഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനിടയിലും പത്മപ്രിയ ബംഗാളി സിനിമകളിൽ അഭിനയിക്കുന്നുണ്ട്.

കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി നല്ലതായിരുന്നു. എന്നാൽ അതുമായി ഇനിയും മുന്നോട്ടു പോകാനാകില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രംപോലും മാറിയിരിക്കുന്നു. ജനജീവിതം മാറിയിരിക്കുന്നു. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ നഗരത്തിൽ ലക്ഷക്കണക്കിനു അന്യദേശ തൊഴിലാളികൾ എത്തിയിരിക്കുന്നു. കൊച്ചി പോലുള്ള നഗരത്തിന് അന്യ സംസ്ഥാന തൊഴിലാളി പ്രശ്നം ചർച്ച ചെയ്യാതെ മുന്നോട്ടു പോകാനാകുമോ. കേരളത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും മാറിയതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മനസ്സിലാക്കണം. അതിനായി ആസൂത്രണം ചെയ്യണം. കേരളം ഇപ്പോഴും ഭൂതലോകത്താണു ജീവിക്കുന്നത്. ജനകീയാസൂത്രണത്തിലൂടെ കേരളം വർത്തമാനത്തിലേക്കും ഭാവിയിലേക്കും വരണമെന്നു പത്മപ്രിയ പറഞ്ഞു.

പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന ഫണ്ടിൽ വലിയൊരു ശതമാനം ശമ്പളമായി കൊടുക്കേണ്ടിവരുന്ന അവസ്ഥയിൽ എങ്ങനെയാണു വികസനം നടപ്പാക്കുക. ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടു വിനിയോഗം സംബന്ധിച്ചു കൃത്യമായ മാർഗരേഖകളോ അടിസ്ഥാന രേഖകളോ ഇല്ല. ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ നിയമിക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടാകണം. ഗ്രാമപഞ്ചായത്തുമായി പ്രത്യേക ഉത്തരവാദിത്തമൊന്നുമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ എന്തു ചെയ്താലും ഗ്രാമപഞ്ചായത്തു അനുഭവിക്കേണ്ടിവരും. ഇത്തരം ഒരു ഉദ്യോഗസ്ഥൻ മതി പദ്ധതി മുഴുവൻ തകിടം മറിക്കാൻ. ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾ ഫണ്ട് വിനിയോഗത്തിൽ കൂടുതൽ കാര്യക്ഷമമായ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കേരളവും ഇത്തരം കാര്യത്തിലേക്കാണ് ഇനി ശ്രദ്ധ കൊണ്ടുവരേണ്ടത്.

ഗ്രാമപഞ്ചായത്തുകൾക്കു കിട്ടേണ്ട ഫണ്ട് കിട്ടിയെന്നും അതു കൃത്യമായി ഉപയോഗിച്ചുവെന്നും ഉറപ്പാക്കാൻ സംവിധാനം ഉണ്ടാക്കണം. അല്ലാതെ ഫണ്ട് കൊടുത്ത ശേഷം വിവിധ നിബന്ധനകളിലൂടെ അതു തിരിച്ചുപിടിക്കുന്ന ഇപ്പോഴത്തെ രീതി തുടരരുത്. പത്മപ്രിയ പറഞ്ഞു.

രണ്ടു ദിവസമായി കിലയിൽ നടന്ന സെമിനാറിൽ പത്മപ്രിയ പ്രബന്ധം അവതരിപ്പിച്ചു. ഇന്നലെ പഴയന്നൂർ ഗ്രാമപഞ്ചായത്തു സന്ദർശിച്ച അവർ ധനവിനിയോഗത്തിലെ പ്രശ്നങ്ങൾ പഠിച്ചു. മാർച്ചിൽ മാത്രമാണ് ആ സാമ്പത്തിക വർഷത്തെ കേന്ദ്രഫണ്ട് എത്തുകയുള്ളൂവെന്നത് എന്തൊരു നീതികേടാണെന്നു പത്മപ്രിയ ചോദിച്ചു. എന്തുകൊണ്ടു ഫണ്ടു സമയത്തു കിട്ടുന്നില്ല എന്നു ചോദിക്കാനുള്ള ഏജൻസിയുടെ അഭാവമാണ് ഇതിനു കാരണം. ഗ്രാമപഞ്ചായത്തിനു നേരിട്ടു കേന്ദ്രസർക്കാരിനോടു ചോദിക്കാനാകുന്നില്ല. ഫണ്ടുകൾ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പുവരുത്താനും നടപടിയെടുക്കാനുമാണ് കേരളം ശ്രദ്ധിക്കേണ്ടതെന്നു പത്മപ്രിയ പറഞ്ഞു. കർണാടകയിൽ നടത്തിയ പഠനത്തിനു ശേഷമാണ് അക്കൗണ്ടബിലിറ്റി ഇനീഷിയേറ്റീവ് കേരളത്തിൽ പഠനം നടത്തിയത്. 

Your Rating: