Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും സഹായത്തിനില്ലാതെ നാടോടിക്കാറ്റിലെ കറവക്കാരൻ

padoor-rajan പാടൂർ രാജൻ

കാലങ്ങളോളം വെള്ളിത്തിരയുടെ ഭാഗമായിരുന്നിട്ടും, തലയിൽ ഭാഗ്യത്തിന്റെ വെള്ളിവെളിച്ചം വീഴാൻ യോഗമില്ലാതെ പോയ ഒരുപാട് താരങ്ങളുണ്ട് മലയാളത്തിൽ. ഇവരിൽ പലരും എണ്ണം പറഞ്ഞ അഭിനേതാക്കൾ ആയിട്ടും മലയാള സിനിമാലോകം , അറിഞ്ഞോ അറിയാതെയോ ഇവർക്കു മുന്നിൽ കണ്ണടച്ചു. പേര് പറഞ്ഞാൽ മനസിലാകാത്ത പ്രേക്ഷകർ ഇവർ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രം ആളെ തിരിച്ചറിയുന്നത് , ഒരേ സമയം ഇവരുടെ ഭാഗ്യം നിർഭാഗ്യവുമായി.

പാടൂർ രാജൻ ഇത്തരത്തിലൊരു വ്യക്തിയാണെന്ന് എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാകില്ല. പാടൂർ രാജനെന്ന പേര് കേട്ടാൽ ഒരു പക്ഷെ സിനിമാ പ്രേമികൾ അദ്ദേഹത്തെ തിരിച്ചറിയണം എന്നില്ല. എന്നാൽ നാടോടിക്കാറ്റിലെ പരിഷ്കാരിയായ കറവക്കാരനെയും നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ ബോംബു വിൽപ്പനക്കാരനായും കള്ളൻ കുട്ടനായുമെല്ലാം മലയാളികൾ ഓർക്കുന്നുണ്ടാകും. ഇദ്ദേഹം അഭിനയിച്ച് പൊലിപ്പിച്ച ഹാസ്യ രംഗങ്ങൾ മനസ്സിൽ സൂക്ഷിച്ചപ്പോൾ അരങ്ങിൽ വേഷമിട്ട ഹാസ്യ നടനെ കാണികൾ അറിഞ്ഞോ അറിയാതെയോ മറന്നത് വിധിയുടെ വൈരുദ്ധ്യം എന്നേ പറയാനാകൂ.

nadodikattu-scene

നാടോടിക്കാറ്റിലെ , ഏവരെയും ചിരിപ്പിച്ച ഈ പരിഷ്കാരിയായ കറവക്കാരന്റെ ജീവിതത്തിൽ ദുരിതക്കാറ്റ് വീശിത്തുടങ്ങിയിട്ട് കാലമേറെയായി. 150 ന് അടുത്ത് സിനിമകളിൽ വേഷമിട്ട ഈ കലാകാരൻ വാർദ്ധക്യത്തിന്റെ അവശതകളും അധിലേറെ സാമ്പത്തിക ഭാരവും പേറി , ആൾക്കൂട്ടത്തിൽ തനിച്ചെന്ന പോലെ കോഴിക്കോട് നഗരത്തിലുണ്ട്. പ്രായം 65 കടന്നിരിക്കുന്നു, കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടില്ല. പ്രത്യേകിച്ച് വരുമാന മാർഗ്ഗവുമില്ല. വിട്ടൊഴിയാതെ കൂടെയുള്ളത് രോഗങ്ങള മാത്രം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ലിവർ സിറോസിസ് ബാധിതനാണ് . ചികിത്സ വേണ്ടരീതിയിൽ നടത്താൻ വഴിയില്ലാതെ നില്‍ക്കുമ്പോഴാണ് ഇരുട്ടടി എന്നപോലെ ഹൃദ്രോഗം വില്ലനായി എത്തുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കി ആൻജിയോ പ്ലാസ്റ്റി ചെയ്തു. തുടർ ചികിത്സ വീണ്ടും വഴിമുട്ടിയ അവസ്ഥയില തന്നെ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ, ഓരോ മാസവും കടം വാങ്ങിയ കാശുമായി രാജൻ ചെക്കപ്പിനു എത്തുമ്പോൾ, പക്ഷേ കണ്ടു നിൽക്കുന്നവർക്ക് കൗതുകമാണ്. ഒളിഞ്ഞും തെളിഞ്ഞും ചിലർ സിനിമാനടൻ എന്ന് അടക്കം പറയും. ചിലർക്ക് വേണ്ടത് ഒരുമിച്ചൊരു സെല്‍ഫിയാണ്. ആരോടും ഒന്നിനോടും പരാതിയില്ലാതെ രാജൻ നിന്ന് കൊടുക്കും.

nadodikattu

നാടകത്തിൽ നിറഞ്ഞാടിയ നല്ല നടൻ

സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരു ഇടക്കാല ഹാസ്യ നടൻ മാത്രമല്ല പാടൂർ രാജൻ. സത്യനും നസീറും ഒക്കെ സിനിമാ പ്രേമവുമായി നാട് ചുറ്റുന്ന കാലത്ത് തന്നെ അതെ ഉദ്ദേശവുമായി രാജനും കോടാമ്പക്കത്തെ സ്റ്റുഡിയോ ഫ്‌ളോറുകളിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമ തനിക്കു പറ്റിയ മേഖലയല്ല എന്ന് എപ്പോഴോ തോന്നിയ ഒരു ഉൾവിളിയുടെ പേരിൽ രാജൻ പയ്യെ നാട്ടിലേക്ക് തിരിച്ചു. പിന്നീട് നാടകങ്ങളില്‍ സജീവമായി. ഭാരത് കലാവേദി ക്ലബ്ബായിരുന്നു ആദ്യ തട്ടകം. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ഒട്ടനവധി നാടകങ്ങൾക്കായി പാട്ടുകൾ എഴുതി. ഏഴരശനി, വിഡ്ഢി , പദ്മവ്യൂഹം തുടങ്ങിയ നാടകങ്ങൾ എഴുതി അരങ്ങിലെത്തിച്ച്ചു. ആയിടക്കാണ്‌ പദ്മദളാക്ഷൻ (കുതിരവട്ടം പപ്പു ) എന്ന സുഹൃത്തിനെ ലഭിക്കുന്നത്. ആ സൗഹൃദം വളർന്നു. പപ്പുവുമൊത്ത് കേരളത്തിലുടനീളം നാടകങ്ങൾ കളിച്ചു.

സിനിമയിലേക്ക് , തുടക്കം കമലഹാസനൊപ്പം

അങ്ങനെ നാടകത്തിൽ ശ്രദ്ധിക്കപ്പെട്ടു വരുമ്പോഴാണ് ഏറെ മോഹിപ്പിച്ച സിനിമ അദ്ദേഹത്തെ മടക്കി വിളിക്കുന്നത്‌. കമല്‍ ഹാസനൊപ്പമായിരുന്നു അരങ്ങേറ്റം. ബാലന്‍ കെ. നായര്‍ വഴിയായിരുന്നു സിനിമയിലേക്കുള്ള പാതയൊരുങ്ങിയത്. 1978 ൽ വിന്‍സെന്റ് മാഷ്‌ സംവിധാനം ചെയ്ത വയനാടാൻ തമ്പാൻ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഹരിഹരന്‍ സംവിധാനം ചെയ്ത അടിമക്കച്ചവടം, ശരപഞ്ജരം. ആവനാഴി തുടങ്ങിയ ചിത്രങ്ങൾ. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു . കമലിന്‍റെ ഉണ്ണികളേ ഒരു കഥ പറയാം, സത്യന്‍ അന്തിക്കാടിന്‍റെ ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ് തുടങ്ങിയ അടുത്ത തലമുറയിലെ ചിത്രങ്ങൾ കൂടിയായപ്പോൾ സിനിമ തന്റെ ജീവിതം കരക്കടിപ്പിക്കും എന്ന് രാജൻ വെറുതെയെങ്കിലും ആശിച്ചു.

Best of Nadodikkattu

'' സിനിമ കൊണ്ട് വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായീന്ന് പറയാൻ വയ്യ, 150 ന് അടുത്ത് സിനിമകളിൽ അഭിനയിച്ചു. നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടുന്ന കാലം വന്നപ്പോളേക്കും അസുഖങ്ങൾ പിടിമുറുക്കി . കരളിലെ നീർക്കെട്ടായിട്ടായിരുന്നു തുടക്കം , പിന്നീടത്‌ ലിവർ സിറോസിസ് ആയി. ആ അവസ്ഥയിൽ അഭിനയവും ഒപ്പം ജീവിതവും വഴിമുട്ടി. ശരീരം അനങ്ങി അധികം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അഭിനയിക്കാൻ ആരും വിളിക്കതായി. സിനിമയിൽ നിന്നുള്ള സമ്പാദ്യം എല്ലാം നുള്ളിപ്പെറുക്കി മക്കളെ കല്യാണം കഴിച്ചു വിട്ടു. ഇപ്പോൾ കിടക്കാൻ ഒരു തറ പോലുമില്ല , സഹായിക്കാനും ആരുമില്ല'' അസുഖത്തിന്റെ അവശതകൾ ഏറെ പണിപ്പെട്ട് മറച്ചു കൊണ്ട് രാജൻ പറയുന്നു.

6 പെണ്‍മക്കളാണ് രാജന്. ഇതിൽ ഒടുവിലത്തെ മകളുടെ കല്യാണം കൂടി കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന വീടും കൂടി നഷ്ടപ്പെട്ടു. എങ്കിലും സാരമില്ല, മകൾ സുമംഗലിയായി കണ്ടല്ലോ എന്നാ ആശ്വാസം. പിന്നീടുള്ള ജീവിത, വാടക വീട്ടിൽ, കൂട്ടിനു ഭാര്യയും പ്രാരാബ്ദങ്ങളും മാത്രം. ലിവർ സിറോസിസ് കടുത്തതിനെ തുടർന്ന് ചികിത്സ ആവശ്യമായി വന്നപ്പോൾ , സാമ്പത്തികമായി രാജൻ ശരിക്കും ഞെരുങ്ങി. മാസം 7000 രൂപയുടെ മരുന്ന് വേണം. വാടക മുടങ്ങിയപ്പോൾ , വീട്ടുകാർ വീടൊഴിയാൻ ആവശ്യപ്പെട്ടു. അവശതയും സാമ്പത്തികവും വലച്ചപോൾ ഇളയ മകളുടെ കൂടെയായി താമസം. എന്നിരുന്നാലും മക്കൾക്കെല്ലാവർക്കും ചേർന്ന് രാജനെ നന്നായി നോക്കാൻ സാധിക്കുന്നില്ല. മാസം മരുന്നിനു 7000 രൂപ വേണം , താരസംഘടനയായ അമ്മയുടെ കൈനീട്ടം മാത്രമാണ് ആകെയുള്ള വരുമാനം. മരുന്നിന്റെ പകുതി വാങ്ങാൻ ഈ തുക കൊണ്ട് സാധിക്കുന്നു എന്നത് രാജൻ ഒരു വലിയ ഭാഗ്യമായി കരുതുന്നു .

പരിഗണിച്ചില്ലെങ്കിലും അവഗണിക്കരുത് എന്ന അപേക്ഷ മാത്രം

നരേന്ദ്രൻ മകൻ ജയകാന്താൻ വകയാണ് അവസാനമായി അഭിനയിച്ച ചിത്രം. സിനിമാ മേഖലയിലെ ഒട്ടുമിക്ക നടീ നടന്മാരുമായും മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. രോഗം വന്നു വീണ് മരുന്നിനു പോലും വഴിയില്ലാതെ ജീവിതം മുട്ടി നിന്ന കാലത്ത് വിവരം എല്ലാവരെയും അറിയിച്ചതാണ് . എന്നാൽ ആരും തന്നെ കാണണോ ആശ്വസിപ്പിക്കാനോ എത്തിയില്ല എന്ന് രാജൻ ഏറെ സങ്കടത്തോടെ ഓർക്കുന്നു. അവിടുന്നും കുറച്ചു കാലം കഴിഞ്ഞാണ് സിനിമാ സംഘടനയായ അമ്മയുടെ സഹായമായി മാസം ഒരു തുക ലഭിച്ചു തുടങ്ങിയത്. എന്നാൽ അസുഖം വർദ്ധിച്ചു വന്നതോടെ ആ തുക മരുന്നിനു തികയില്ല എന്ന അവസ്ഥയായി.

kunchako-rajan നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം

ഇതിനിടയിൽ , നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ സർക്കാരിന് സമർപ്പിച്ച പരാതിയിൽ പരിഹാരമായി. കയറിക്കിടക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഈ കലാകാരന് വീട് വയ്ക്കുന്നതിനായി 3 സെന്റ്‌ സ്ഥലം കോഴിക്കോട് ചെറയൂരിൽ പതിച്ചു നല്കി. എന്നാൽ ഈ സ്ഥലത്ത് ചെറുതെങ്കിലും ഒരു വീട് വച്ചു താമസിക്കാനുള്ള രാജന്റെ ആഗ്രഹങ്ങൾ ഇപ്പോഴും ക്ലാവ് പിടിച്ചു കിടക്കുകയാണ്. വീട് പണിക്കായി പണം കണ്ടെത്താൻ നാട്ടുകാരുടെയും സ്ഥലത്തെ എം എൽ എ , കൗണ്‍സിലർ , മേയർ എന്നിവരുടെയും സഹകരണത്തോടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും , മരുന്നിനും നിത്യ ചെലവിനുമായി പണം കണ്ടത്തെനാവാതെ വിഷമിക്കുകയാണ് രാജൻ.

''6 പെണ്മക്കൾ അല്ലെ, അവർ സഹായിക്കണം എന്ന് വാശി പിടിക്കാൻ പറ്റുമോ ? ഏറെ സ്നേഹിച്ച സിനിമക്ക് പോലും എന്നെ ഇപ്പോൾ വേണ്ടാതായി . അല്ലെങ്കിലും ആരോഗ്യമുള്ള കാലത്ത് മാത്രമേ നമ്മളെ എല്ലാര്ക്കും വേണ്ടൂ. ചെറുതെങ്കിലും ഒരു കൂര വച്ച് താമസിക്കണം എന്നുണ്ട്. അതിന് സഹൃദയരായ എല്ലാവരും സഹായിക്കണം എന്ന ഒരപേക്ഷ മാത്രമേയുള്ളൂ.'' ഈറനണിഞ്ഞ കണ്ണുകളോടെ ഇത് പറഞ്ഞു നിർത്തുമ്പോൾ , അർഹതപെട്ടതു ലഭിക്കാത്ത കലാകാരന്റെ നിരാശയ്ക്കൊപ്പം ആഗ്രഹിച്ച ലോകം കൈവിട്ടു പോയ ഒരുവന്റെ നിസ്സഹായതയും കാണാം.