Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുങ്ങാതെ പത്തേമാരി...

pathemari-mammootty

മസാലക്കൂട്ടുകളും പകിട്ടുകളും ആവോളം കുറുക്കിയൊരുക്കിയ ചിത്രങ്ങളുടെ പാച്ചിലിനിടയിൽ തീയറ്ററുകാരും പ്രേക്ഷകരും ആദ്യം പത്തേമാരിയെ കണ്ടില്ലെന്ന് നടിച്ചതാണ്. എന്നാൽ നല്ല സിനിമകൾ എന്നും നിലനിൽക്കുമെന്നും നിറപ്പകിട്ടല്ല നല്ല ചിത്രത്തിന്റെ മാനദണ്ഡമെന്നും നമ്മെ പഠിപ്പിച്ചു പത്തേമാരി. ഞങ്ങളുടെ തിയറ്ററുകളിൽ പത്തേമാരി പോലൊരു ചിത്രത്തിന് ഇടമില്ലെന്ന് ആദ്യം പറഞ്ഞവർ പലരും ഇപ്പോൾ തിരുത്തിപ്പറയുന്നു. ചിത്രത്തെ തിരികെ വിളിക്കുന്നു.

പണക്കൊഴുപ്പാടുന്ന സിനിമാശാലയിൽ അപൂർവമായി മാത്രം സംഭവിക്കുന്നയൊന്ന്. പത്തേമാരിയെത്തിയത് 65 തീയറ്റുകളിൽ നാലാം വാരത്തിലേക്ക് സിനിമയെത്തുമ്പോൾ അഞ്ച് തീയറ്റുകൾ കൂടി പത്തേമാരിയെ എടുത്ത് അകത്തിരിത്തി. മലബാർ മേഖലകളിൽ സിനിമ ഇപ്പോഴും നിറഞ്ഞോടുകയാണ്. ബോക്സ്ഓഫീസിലും സിനിമ കുതിക്കുകയാണ്. കളക്ഷനിലും ചിത്രം ഏറെ മുന്നേറി കഴിഞ്ഞു.

pathemari-still1

ഇതല്ലേ യഥാർഥ വിജയം. കണ്ടിറങ്ങുന്നവന്റെ കണ്ണിനുള്ളിലാണ് യഥാർഥ ചലച്ചിത്രത്തിന്റെ വിജയമിരിക്കുന്നത് എന്നു പറഞ്ഞു തരുന്നു ഇവിടെ. നല്ല സിനിമകൾക്കും നല്ല പ്രമേയങ്ങൾക്കും ഇടമുണ്ടെന്ന് പറഞ്ഞു തരുന്നു പത്തേമാരിയും പതിയെ സഞ്ചരിച്ചെത്തിയ അതിന്റെ വിജയവും.

വരണ്ടും കലഹിച്ചും ഒഴുകിത്തീരുന്ന, മരുഭൂമിയിലെ ഉപ്പുകലർന്ന മണ്ണിന്റെ ചൂടിൽ ഉരുകി പോയതാണ് ഓരോ പ്രവാസിയുടെയും ജീവിതം. പള്ളിയ്ക്കൽ നാരായണനിലും കണ്ടുതീർത്തത് അതു തന്നെ. കണ്ണീരുപ്പു കലർന്ന പ്രവാസ ജീവിതത്തിന്റെ തുടുപ്പുകൾ വെള്ളിത്തിരയ്ക്കുള്ളിലേക്ക് കൂടുകൂട്ടുന്നത് നമ്മളെത്രയോ വട്ടം കണ്ടിരിക്കുന്നു. അക്കൂട്ടത്തിലേക്കാണ് പത്തേമാരിയുമെത്തിയത്.

pathemari-1

അഭ്രപാളികളിൽ പലവട്ടം എഴുതിച്ചേർത്ത പ്രമേയത്തിലെവിടെയോ ഒരു മാറിനിൽക്കൽ അനുഭിക്കാനായി പക്ഷേ പത്തേമാരിയിൽ. മമ്മൂട്ടിയുടെ അഭിനയച്ചൂടിനും പ്രമേയത്തിന്റെ തീവ്രതയ്ക്കും അപ്പുറം നിഴൽ പോലും അന്യമായിപ്പോകുന്ന ജീവിതങ്ങൾ അനുഭവിച്ചു തീർക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞതുകൊണ്ടും കൂടിയാണത്. വികാരതീവ്രം എന്നതിനപ്പുറം പറിച്ചെറിയാനാവാത്ത എന്തോ ഒരേടിൽ പ്രേക്ഷകന്റെ കണ്ണിനെ കുരുങ്ങിക്കിടക്കുന്നുണ്ടവിടെ. ആ കുരുക്കിൽ നിന്ന് പലവട്ടം പുറത്തുകടക്കാൻ‌ ശ്രമിച്ചിട്ടും നാരായണനും അയാൾ പോയ പത്തേമാരിയും പ്രേക്ഷകനെ വിടാതെ പിന്തുടരുന്നത് അതുകൊണ്ടാണ്. തീയറ്ററുകളെയും.

പത്തേമാരിയെന്ന ചിത്രം വിജയിച്ചോ എന്നു ചോദിച്ചവരോട് അവർക്ക് പറയാനുള്ളത് തന്റേടമുള്ളൊരു കഥയാണ്. ഒരുപക്ഷേ അടുത്തകാലത്തൊന്നും മലയാള സിനിമ കേട്ടിട്ടില്ലാത്ത ഒരു കഥ.