Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയെ അഭിനന്ദിച്ച് പിണറായി വിജയൻ

jayasurya-cm

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജയസൂര്യ ഫെയ്സ്ബുക്കിൽ വിഡിയോ സന്ദേശം നൽകിയിരുന്നു. റോഡ് നന്നാക്കണം എന്ന ആവശ്യത്തോടൊപ്പം അദ്ദേഹം നേരിട്ട് കണ്ട ഒരു റോ‍ഡപകടത്തെക്കുറിച്ചും വിഡിയോയിൽ വിവരിച്ചിരുന്നു. ഈ വിഷയത്തിൽ ജയസൂര്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് രംഗത്തെത്തി. ജയസൂര്യയുടെ ഭാഗത്ത്‌ നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിണറായി വിജയന്റെ കുറിപ്പ് വായിക്കാം

റോഡു വികസനം അനിവാര്യമാണ്

റോഡുകളുടെ ശോച്യാവസ്ഥ യാഥാർത്ഥ്വവുമാണ്. ടാര്‍ ചെയ്ത് ഒരു വർഷമാകുന്നതിന് മുമ്പ് റോഡുകള്‍ കുഴികളാവുകയാണ്. യഥാസമയത്ത് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പണി നടക്കാത്തതു കൊണ്ടാണിത്. പൊതു മരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരസഭാ, പഞ്ചായത്ത് എന്നിങ്ങനെയുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പരസ്പരം പഴി ചാരുന്ന അനുഭവമാണ് ജില്ലാ വികസന സമിതികളില്‍ കാണുന്നത്. തർക്കത്തിനൊടുവില്‍ കരാറുകാരന്‍ പ്രതിയാകും. ഈ സംവിധാനത്തില്‍ സമഗ്രമായ അഴിച്ചു പണി അനിവാര്യമാണ്.

അധികാരത്തില്‍ വരുന്നതിനു മുന്പ്തന്നെ എല്‍ ഡി എഫ് ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. നവ കേരള മാർച്ചിനിടയിൽപല പ്രദേശങ്ങളിലും ഞാന്‍ ഈ കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും ഭരണത്തിലെത്തിയതിനു ശേഷം ആദ്യ ബജറ്റിലും ഈ വിഷയം ഞങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ജന സാന്ദ്രതയ്ക്ക് അനുസൃതമായി റോഡുകള്‍ നിർമ്മിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പു വരുത്തുക സർക്കാരിന്റെ മുഖ്യ പരിഗണനകളില്‍ ഒന്നാണ്.

റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവത്കരിക്കും. എന്ന് മാത്രമല്ല, കാലവർഷത്തില്‍ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തി യാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍, ഓവുചാൽ വൃത്തിയാക്കല്‍, കുഴികള്‍ അടക്കല്‍, അപകട ഭീഷണിയുളള മരങ്ങളുടെ ശാഖകള്‍ മുറിക്കല്‍ എന്നിവ ഇതിൽ പെടും.

റോഡ് സുരക്ഷിതത്വം അതി പ്രധാനമാണ്. ഓടകള്‍, വഴിവിളക്കുകള്‍, നടപ്പാത എന്നിവയോടു കൂടി റോഡുകളും ജങ്ഷനുകളും ബസ് ബേകളും ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കി പുനർനിർമിക്കും. നാടിന്റെ പൈതൃകം സംരക്ഷിച്ച് ജനസൗഹൃദമായി റോഡുകള്‍ സൗന്ദര്യവത്കരിക്കുന്നതിനു ശ്രദ്ധിക്കും. മീഡിയനുകളും പൂന്തോട്ടങ്ങളും നിർ്മിക്കും. റോഡ് മുറിച്ചുകടക്കുന്നതിന് ടേബിൾടോപ്പ് സംവിധാനം, ജങ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകൾക്കായി മാത്രം പാത നിർമ്മിക്കുന്ന കാര്യം പരിഗണിക്കും.

ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയർത്താനാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ ജനപ്രതിനിധികൾക്ക് നല്കുന്ന പരാതികള്‍ ബന്ധപ്പെട്ട എഞ്ചിനിയർമാർക്ക് കൈമാറി നടപടിയെടുക്കാൻ വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കിയേ തീരൂ.

സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‍, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന്‍ ജയസൂര്യയുടെ ഭാഗത്ത്‌ നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നു.

ജയസൂര്യയെ പോലുള്ള പ്രശസ്ത താരങ്ങളും നിർമ്മാതാക്കളും സ്വയം മുന്നിട്ടിറങ്ങിയും തങ്ങളുടെ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടും ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണ അവർക്കുണ്ടാകും എന്നും വിശ്വസിക്കുന്നു. 

Your Rating: