Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദത്തെ ചെറുത്ത മന്ദഹാസം

jishu-smile

എന്റെ മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്ന്, മരണത്തെ കാത്തിരിക്കുക, രണ്ടാമത്തേത് ജീവിതം ആസ്വദിച്ച് ജീവിക്കുക,ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നു. ജീവിതം ആസ്വദിക്കുന്നു..-കാൻസർ ബാധിതനാണെന്നറിഞ്ഞപ്പോൾ നടൻ ജിഷ്ണു പറഞ്ഞു. രോഗത്തെക്കുറിച്ചു പറയുമ്പോഴൊക്കെ ജിഷ്ണു ചിരിച്ചു, മറ്റുള്ളവർ അതിശയത്തോടെ കേട്ടിരുന്നു.

ജിഷ്ണുവിന്റെ സിനിമ കാണാത്തവരും, അറിയാത്തവരുമെല്ലാം സോഷ്യൽ മീഡിയയിലെ സന്ദേശങ്ങൾക്കായി കാത്തിരുന്നു. പലരും സോഷ്യൽ മീഡിയിൽ കുറിച്ചു- ‘നിങ്ങളുടെ സിനിമകൾ കാണാതെ തന്നെ ഞങ്ങൾ ആരാധകരായി’. രോഗത്തെ ചിരിയോടെ നേരിട്ട ജി‌ഷ്ണു പലർക്കും പോരാട്ടത്തിന്റെ വഴികൾ തുറന്നു.

അപ്പോഴും അത്ഭുതത്തോടെ പ്രതികരിച്ചവരോടായി ജിഷ്ണു പറഞ്ഞു-നമ്മൾ ജീവിതത്തെയും മരണത്തെയും കുറിച്ചു ചിന്തിക്കുന്നത് ജീവിതത്തിൽ രോഗാവസ്ഥ ഉണ്ടാകുമ്പോഴാണ്. മഹാഭാരത കഥയിൽ നൻമയുടെ പ്രതീകങ്ങളായ ദ്രോണരും ഭീഷ്മരും കർണനുമെല്ലാം ദുര്യോധനൻറെ ഭാഗത്താണ് നിന്നത്. അവർ ദുര്യോധനനെ പിൻതിരിപ്പിച്ചിരുന്നെങ്കിൽ മഹാഭാരത യുദ്ധം നടക്കില്ലായിരുന്നു. അതുപൊലെയാണ് കാൻസർ സെല്ലുകളും. എന്റെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തക്ക സമയത്ത് ഉണർന്നു പ്രവർത്തിരുന്നെങ്കിൽ ക്യാൻസറും അകന്നു നിൽക്കുമായിരുന്നു. ഇനി രോഗത്തെ നേരിടുക,ഭയക്കാതെ..

രോഗവിവരം അറിഞ്ഞു പരിചയമില്ലാത്തവർപോലും ജിഷ്ണുവിനെ കാണാനെത്തി. അവർക്കെല്ലാം അദ്ദേഹത്തിന്റെ വാക്കുകൾ കരുത്തേകി. ‘നിങ്ങൾ എന്നെ ജീവിക്കാൻ പഠിപ്പിച്ചു’- ജിഷ്ണുവിനെ നേരിൽ കാണാത്ത, കാൻസർരോഗ ബാധിതനായ ഒരാൾ പറഞ്ഞു. എന്നാൽ, കാൻസർ ബാധിതരോടുള്ള സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളുടെ ഇരയാകേണ്ടി വന്നു ജിഷ്ണുവിനും. ജിഷ്ണുവിൻറെ പേരിൽ തെറ്റായ ഫോട്ടോയും വാർത്തയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ചികിൽസയുടെ ആദ്യഘട്ടങ്ങളിലെ ഫോട്ടോ ആശുപത്രിയിലെ ജീവനക്കാരാരോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

‘എന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് ഇപ്പോഴത്തേതല്ല. ആദ്യ ചികിൽസാ ഘട്ടത്തിലേതാണ്. ഞാൻ സുഖമായിരിക്കുന്നു’- ജിഷ്ണു സൗമ്യമായി പ്രതികരിച്ചു.

മറ്റൊരിക്കൽ ജിഷ്ണു പറഞ്ഞു-‘എന്നെ കാണാൻ വന്ന ദമ്പതിമാരിൽ ഭർത്താവിന് രണ്ടു വർഷമായി കാൻസർ ഉണ്ട്. മക്കൾക്കുപോലും ഇക്കാര്യം അറിവുണ്ടായിരുന്നില്ല. സമൂഹവും ബന്ധുക്കളും എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് അവർക്ക് ഭയമായിരുന്നു. സത്യമാണ്, പലരും എന്നെ കാണാൻവരുന്നത് ഞാൻ ഉടനെ മരിക്കും എന്നു കരുതിയാണ്. അവരുടെ വാക്കുകളിൽ അതുണ്ട്. ഈ കാഴ്ചപ്പാട് മാറണം. ആർക്കും കാൻസർവരാം. വളരെ നിസാരമായി രോഗത്തെ കാണുക, പേടിക്കരുത്’.

ജിഷ്ണു ഒരിക്കലും രോഗത്തെ ഭയന്നില്ല. യാത്ര ചെയ്തു. പഴയ സൗഹൃദകൂട്ടായ്മകളിൽ സജീവമായി. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചു. പഴയകാല സിസിമാനുഭവങ്ങൾ ഓർത്തെടുത്തു. എല്ലാത്തരത്തിലും അടുപ്പക്കാർക്കും സമാനരോഗമുള്ളവർക്കും കരുത്തുപകർന്നു.

ആദ്യസിനിമയെക്കുറിച്ച് ജിഷ്ണു എഴുതി-‘എന്റെ ആദ്യ സിനിമയായ കിളിപ്പാട്ടിലെ ആദ്യ ഷോട്ട് മഹാനടൻമാരായ സുകുമാരൻ, ഉമ്മർ, അടൂർഭാസി, നെടുമുടി വേണു എന്നിവരോടൊപ്പമായിരുന്നു. കുടുംബവീട്ടിലായിരുന്നു ചിത്രീകരണം. അച്ഛനായിരുന്നു സംവിധായകൻ. ‘അമ്മാവാ മെംബർ വിളിക്കുന്നു’-ഇതായിരുന്നു എന്റെ ആദ്യ ഡയലോഗ്. ഉമ്മർ ആയിരുന്നു അമ്മാവൻ നെടുമുടി മെംബറും. സുഹൃത്തുകൾ പ്രതികരിച്ചു-‘ജിഷ്ണൂ, നിങ്ങൾ സിനിമയിലേക്ക് മടങ്ങി വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നു’.

അവസാന ദിവസങ്ങളിലും ജിഷ്ണു തികഞ്ഞ ആത്മവിശ്വസത്തോടെ പ്രതികരിച്ചു-‘ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി വളരെ പ്രയാസമുള്ള ഒന്നാണ്. ഒരു ഡോക്ടർ എന്നോടു പറഞ്ഞു. ഒരു ചിരിച്ച രോഗിയെ കാണുമ്പോൾ ചികിൽസിക്കാൻ കൂടുതൽ കരുത്ത് ലഭിക്കുമെന്ന്. ഞാൻ എല്ലാവരോടും ചിരിക്കുകയാണ്. എന്നെ വിശ്വസിക്കൂ. ചിരി വലിയ മാറ്റമുണ്ടാക്കും. ജിഷ്ണുവിന്റെ ചിരി ഇനി നിരവധിപേർക്ക് കരുത്താകും..

Your Rating: