Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയെ വെല്ലും; ഞെട്ടിക്കും, ബാഹുബലി-2ന്റെ ബ്രഹ്മാണ്ഡസെറ്റ്

baahubali-2-set

അഞ്ഞൂറോളം വരുന്ന മരപ്പണിക്കാരും ശിൽപികളും പെയിന്റര്‍മാരും നിർമാണത്തൊഴിലാളികളും ചിത്രകാരന്മാരുമെല്ലാം കൊണ്ടുപിടിച്ച ജോലിയിലാണ്. പല തരം വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിലേതു പോലെയാണിപ്പോൾ പണികളെല്ലാം. കോട്ടകളും കൊട്ടാരങ്ങളും കുളങ്ങളും എന്തിനേറെ കുതിരകളെയും മനുഷ്യന്മാരെയും വരെ സൃഷ്ടിക്കുന്നു ഹൈദരാബാദിലെ ആ ‘ഫാക്ടറി’യിൽ. എല്ലാം കൃത്രിമമാണെന്നു മാത്രം. പക്ഷേ ഒറിജിനലിനെയും വെല്ലുന്ന കാഴ്ചാനുഭവം സൃഷ്ടിക്കാനാണ് ഈ അധ്വാനം മുഴുവനും-ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയൊരുങ്ങുന്ന സെറ്റാണ് വാർത്തകളിലേക്ക് വീണ്ടുമെത്തിയിരിക്കുന്നത്.

baahubali-2-set-3

കലാസംവിധായകൻ സാബു സിറിളിന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയെടുത്ത് തയാറാക്കിയതാണ് ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ സെറ്റ്. അതിൽ പക്ഷേ ഗ്രാഫിക്സ് വർക്കുകൾ കൂടുതലായിരുന്നു. എന്നിട്ടു പോലും സാബു സിറിളിന്റെയും സംഘത്തിന്റെയും പല കരവിരുതു പ്രയോഗങ്ങളും ഗ്രാഫിക്സ് ആണെന്നാണ് അന്നു പലരും കരുതിയിരുന്നത്.

ബാഹുബലി 2വിൽ പക്ഷേ ഗ്രാഫിക്സ് വളരെ കുറവാണത്രേ! അതിനാൽത്തന്നെ സെറ്റിലെ പരമാവധി കാഴ്ചകളും റിയാലിറ്റിയോടു ചേർന്നുനിൽക്കും വിധം തയാറാക്കാനാണു പരിശ്രമം. രജനീകാന്തിന്റെ യെന്തിരൻ 2.0 പോലും ബാഹുബലിക്കു വേണ്ടി തനിക്ക് ഉപേക്ഷിക്കേണ്ടി വന്നെന്നും ‘ഐഫ്ലിക്സ്’ എ്നറർടെയ്ൻമെന്റ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ സാബു പറയുന്നു.

baahubali-2-set-4

ഒരേസമയം 10 സിനിമകൾ ചെയ്യുന്നതിനു തുല്യമാണ് ബാഹുബലിയുടെ സെറ്റ് ഡിസൈനിങ്ങെന്നും സാബുവിന്റെ വാക്കുകൾ. ബാഹുബലിയുടെ ആദ്യഘട്ടം മുതൽ ഇതുവരെ മൂന്നു വർഷത്തിലേറെയായി ജോലി ചെയ്യുന്നു. പക്ഷേ ഇതിനോടകം 10 വർഷം കൊണ്ട് ചലച്ചിത്രമേഖലയിൽ നിന്നു ലഭിക്കേണ്ട പ്രവൃത്തിപരിചയമാണ് ലഭിച്ചത്. കണ്ടാൽ ‘റിയൽ’ എന്നു തോന്നിപ്പിക്കേണ്ടതു കൊണ്ട് സെറ്റിനു വേണ്ട വസ്തുക്കൾക്കായി കാശും കാര്യമായിത്തന്നെ മുടക്കുന്നുണ്ട്.

baahubali-2-set-5

പഴയ കാലത്തെ കഥ പറയാൻ വേണ്ടി ഏറ്റവും പുതിയ ടെക്നോളജിയാണ് ഉപയോഗപ്പെടുത്തുന്നതു തന്നെ. അതായത് 3ഡി പ്രിന്റിങ് ഉൾപ്പെടെ. ഇന്നേവരെ സിനിമയിൽ ഉപയോഗിക്കാത്ത, വൻവ്യവസായത്തിന്റെ ഭാഗമായി ഉൽപാദിപ്പിക്കുന്ന, വസ്തുക്കൾ വരെ ബാഹുബലി 2വിൽ കാണാം.

baahubali-2-set-2

ബാഹുബലി 1 ഹിറ്റായത് സാമ്പത്തികമായും സെറ്റ്നിർമാണത്തെ ഏറെ സഹായിച്ചു. ഒന്നാം ഭാഗത്തിന്റെ ചാരുത ഒട്ടും ചോരാതെ രണ്ടാം ഭാഗമൊരുക്കേണ്ടതിനാൽ ചിത്രത്തിന്റെ ബജറ്റുതുകയും കൂട്ടിയിട്ടുണ്ട്. നിർമാണവസ്തുക്കളിൽ പലതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതാണ്. ഹൈദരാബാദിലേക്കു താമസം മാറ്റിയിരിക്കുന്ന ഈ ദേശീയ അവാർഡ് ജേതാവായ കലാസംവിധായകൻ ഇപ്പോൾ പുസ്തകങ്ങൾക്കൊപ്പവും ഇന്റർനെറ്റ് തിരച്ചിലിലുമൊക്കെയാണ്. ഒപ്പം തന്റെ സെറ്റിന്റെ നിർമാണത്തിനു പറ്റിയ വസ്തുക്കൾ ഏതാണെന്നറിയാൻ വിദഗ്ധർക്കൊപ്പം ചർച്ചയും. ഇതിനെല്ലാം സമാന്തരമായി സംവിധായകൻ രാജമൗലിക്കൊപ്പവുമുണ്ട് ചർച്ചകൾ. സംവിധായകനു വേണ്ടതെല്ലാം കൃത്യമായി എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണല്ലോ മുന്നിൽ!

baahubali-2-set-1

ചിത്രത്തിലെ പാമ്പുകളും കുതിരകളും ആനകളുമെല്ലാം ഒറിജിനലിനെയും വെല്ലുമെന്നാണ് സാബു സിറിൾ പറയുന്നത്. മൃഗങ്ങളെ ഉപദ്രവിക്കാതെയും ഗ്രാഫിക്സിന്റെ ചെലവോ കൃത്രിമത്വമോ ഇല്ലാതെയും ചിത്രീകരിക്കാൻ ഇത്തരം മെക്കാനിക്കൽ മൃഗരൂപങ്ങൾ സഹായിക്കും. ആയുധങ്ങളാകട്ടെ കണ്ടാൽ ഭാരമേറിയതാണെന്നൊക്കെ തോന്നും. പക്ഷേ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന വിധം ഭാരം കുറഞ്ഞതാണ്. ഇതിനു വേണ്ടി ഹെലികോപ്റ്ററിന്റെ ബ്ലേഡ് നിർമാണത്തിനുപയോഗിക്കുന്ന തരം കാർബൺ ഫൈബറും ഇതാദ്യമായി ബാഹുബലിയിൽ ഉപയോഗിക്കുന്നു. സംഗതി ഭാരം കുറഞ്ഞതായിരിക്കും പക്ഷേ സ്റ്റീലിനെപ്പോലെയാണു കരുത്ത്. ‘ഇന്റർഗ്രേറ്റഡ് റബർ ഫോ’മും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

baahubali-2-set-6

ജിമ്മിലെ മെഷീനുകളിൽ ഉപയോഗിക്കുന്നതാണിത്. ബാഹുബലി ഒന്നിൽ പ്രഭാസ് എടുത്തുയർത്തുന്ന ശിവലിംഗം’ നിർമിച്ചതും ഇന്റഗ്രേറ്റഡ് റബർ ഫോം കൊണ്ടാണ്. മനുഷ്യന്മാരുടെ ഡമ്മികൾ ഉയരത്തിൽ നിന്നു വീഴുന്നതു ദൃശ്യവത്കരിച്ചാൽ അത് ഒറിജിനലല്ലെന്ന് ആരും പറയില്ലെന്നും സാബുവിന്റെ ആത്മവിശ്വാനം നിറഞ്ഞ വാക്കുകൾ‍. ‘ഫ്ലെക്സി ഫോം’ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.

baahubali-2-set-7

ആദ്യഭാഗത്തിൽ ‘മഹിഷ്മതി’ രാജ്യത്തെ കൊട്ടാരങ്ങളും കോട്ടകളുമെല്ലാം ഏറിയ പങ്കും ഗ്രാഫിക്സ് ആയിരുന്നു. ഇത്തവണ പുതിയൊരു രാജധാനിക്കു തന്നെ രൂപം കൊടുക്കുകയാണ് സാബു. പക്ഷേ വിവരങ്ങളൊന്നും തത്കാലം പുറത്തുവിട്ടിട്ടില്ലെന്നു മാത്രം. ബാഹുബലി 2വിനെപ്പറ്റി അറിഞ്ഞതു തന്നെ അദ്ഭുതമാണ്. അറിയാനിരിക്കുന്നത് അത്യദ്ഭുതങ്ങളാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട... 

Your Rating: