ശ്രീവിശാഖിൽ പ്രേമിച്ചത് 151 നാളുകൾ

വ്യാജ സിഡി, സെൻസർ കോപ്പി, ഓപ്പറേഷൻ ഗുരുകുല, ചെറുപ്പക്കാരെ വഴിതെറ്റിക്കൽ, ഗുരുശിഷ്യബന്ധം തെറ്റായി വ്യാഖ്യാനിക്കൽ തുടങ്ങി മലയാളത്തിൽ ഇത്രയേറെ വിവാദങ്ങളുണ്ടാക്കിയ മറ്റൊരു ചലച്ചിത്രമില്ല എന്ന് തന്നെ പറയേണ്ടി വരും. പക്ഷേ അതിനൊക്കെ മുകളിലാണ് ഇപ്പോൾ പ്രേമത്തിന്റെ തിയറ്റർ റെക്കോർഡുകൾ. തലസ്ഥാനത്തെ ശ്രീവിശാഖ് തിയറ്ററിൽ നിന്ന് പ്രേമം ഗ്രോസ് കളക്ഷൻ ഇനത്തിൽ മാത്രം നേടിയത് രണ്ടേകാൽ കോടിയിലേറെ രൂപ. നികുതിയായി അതിൽ നിന്ന് കോർപ്പറേഷന് കിട്ടിയത് അൻപത് ലക്ഷത്തിലേറെ. നൂറ്റമ്പത് ദിവസങ്ങൾ പിന്നിട്ട ചിത്രം ഇപ്പോഴും തിരുവനന്തപുരത്ത് ശ്രീവിശാഖിൽ തുടരുകയാണ്.

ആദ്യത്തെ അറുപത് ദിവസം ഹൗസ് ഫുള്ളായിരുന്നു. രാത്രി പന്ത്രണ്ട് മണിക്ക് അധിക ഷോ വച്ച് ദിവസവും ആറ് ഷോ വീതം കളിച്ചു. ദൃശ്യത്തിനു പോലും ഇത്രയും ദിവസം ഹൗസ്ഫുൾ ഷോകൾ നടന്നിട്ടില്ല. നാല് പ്രദർശനമേ ദൃശ്യത്തിന് ഒരു ദിവസം ഉണ്ടായിരുന്നുള്ളൂ. ദൃശ്യത്തിന് ഫാമിലി പ്രേക്ഷകരാണ് കൂടുതലുമെത്തിയതെങ്കിൽ, പ്രേമത്തിന് ചെറുപ്പക്കാരായിരുന്നു കൂടുതൽ. കണ്ടവർ തുടർച്ചയായി ആറും ഏഴും തവണ ചിത്രം കണ്ടിട്ടുണ്ട്.

ഓൺലൈൻ ബുക്കിങ്ങിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിഞ്ഞത് പ്രേമത്തിനാണ്. 45125 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ബുക്കിങ് നടന്നത്. ഇതിനു തൊട്ടു പിറകിൽ നിൽക്കുന്നത് ദൃശ്യമാണ്. അമ്പത്തിയെട്ടാം ദിവസമാണ് ചിത്രത്തിന്റെ വ്യാജ സിഡി പുറത്തിറങ്ങുന്നത്. അത് കളക്ഷനെ നന്നായി ബാധിച്ചു. അതിനുശേഷം എല്ലാ ഷോയും ഹൗസ്ഫുൾ എന്ന രീതി പതിയേ മാറി.

ആദ്യത്തെ ഒരാഴ്ച ന്യൂ തിയറ്ററിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ 150 ദിവസം പിന്നിട്ട് നൂൺഷോ മാത്രമാണ് പ്രദർശിപ്പിക്കുന്നതെങ്കിലും ശനി ഞായർ ദിവസങ്ങളിൽ ബാൽക്കണി ഫുള്ളാണ്. മറ്റ് ദിവസങ്ങളിൽ ഭേദപ്പെട്ട കളക്ഷൻ ലഭിക്കുന്നുണ്ട്. വ്യാജന്റെ ആക്രമണമുണ്ടായിരുന്നില്ലെങ്കിൽ നൂറ് ദിവസം ചിത്രത്തിന് ഹൗസ്ഫുൾ പ്രദർശനങ്ങൾ സാധ്യമാകുമായിരുന്നു. 250 ദിവസത്തോളം ചിത്രം പ്രദർശിപ്പിക്കുകയു ചെയ്യുമായിരുന്നു. അങ്ങനെയെങ്കിൽ മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളെയും ചിത്രം ബഹുദൂരം പിന്നിലാക്കുമായിരുന്നു. എങ്കിലും 150 ദിവസം ഇവിടെ പ്രദർശനം നടന്നു. ചിത്രത്തിന്റെ 150ാം ദിവസം ശ്രീചിത്രാഹോമിലെയും മഹിളാമന്ദിരത്തിലെയും അന്തേവാസികൾക്കൊപ്പമാണ് ആഘോഷിച്ചത് ശ്രീവിശാഖ് തിയറ്റർ ഉടമ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു

‘‘ എന്റെ കന്നിചിത്രമായ മലർവാടി ആർട്സ് ക്ലബ് ശ്രീവിശാഖിലാണ് നൂറു ദിവസം പ്രദർശിപ്പിച്ചിരുന്നത്. അതിനുശേഷം വന്ന എന്റെ ചിത്രങ്ങളായ തട്ടത്തിൻ മറയത്ത്, ബാംഗ്ലൂർ ഡെയ്സ് എന്നിവ 125 ദിവസവും ഇതേ തിയറ്ററിലാണ് പ്രദർശിപ്പിച്ചിരുന്നത്. ഇപ്പോൾ പ്രേമവും ഈ റെക്കോർഡുകളെല്ലാം മറികടന്ന് 150 ദിവസം പ്രദർശിപ്പിച്ചതിൽ അതിയായ സന്തോഷം ’’ നിവിൻ പോളി അഭിപ്രായപ്പെട്ടു. ‘‘ ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും 50ാം ദിവസം ചിത്രത്തിന്റെ സെൻസർ കോപ്പി ഇറങ്ങിയിട്ടും തന്റെ ചിത്രത്തിന് എല്ലാവിധ പ്രോത്സാഹനവും നൽകി 150 ദിവസം പ്രദർശിപ്പിച്ച ശ്രീവിശാഖ് തിയറ്ററിനോട് അൻവർ റഷീദും നന്ദി രേഖപ്പെടുത്തി.