Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജി പിന്‍വലിക്കില്ലെന്ന് അന്‍വര്‍ റഷീദ്

Premam

ചലച്ചിത്രസംഘടനകളില്‍ നിന്നുള്ള രാജിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് നിർമാതാവും സംവിധായകനുമായ അൻവർ റഷീദ്. രാജി പിൻവലിക്കാൻ സംഘടനകളിൽ നിന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സംഘടനയെ പിളർത്താനല്ല ശക്തിപ്പെടുത്താനാണ് താൻ രാജി വച്ചത്. പുതിയ സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സംഘടനയിലേക്ക് തിരിച്ചു പോകുമോ എന്നു ഇപ്പോൾ പറയാനാവില്ല. നാളെ അന്വഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരാകുമെന്നും അൻവർ റഷീദ് പറഞ്ഞു.

പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ അസോസിയേഷന്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അൻവർ റഷീദ് ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും രാജിവച്ചത്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ഓണ്‍ലൈനിലൂടെയും വിപണികളിലും ചിത്രത്തിന്‍റെ വ്യാജപതിപ്പ് സുലഭമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

അതേസമയം, പ്രേമം സിനിമയുടെ വ്യാജ കോപ്പി ആദ്യം അപ്‌ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞതായും അൻവർ റഷീദ് പറയുന്നു. ഇത് സംബന്ധിച്ച തെളിവ് നാളെ അന്വേഷണ സംഘത്തിന് കൈമാറും. വിവാദങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും ഇതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നും അൻവർ റഷീദ് പറയുന്നു. നാല് സ്ഥലങ്ങളിൽ ഇതിന്റെ കോപ്പി നൽകിയിട്ടുണ്ട്. ഇതിൽ എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടുപിടിക്കേണ്ട ജോലി പൊലീസിനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലേക്ക് വരുന്ന പുതിയ ആളുകളുടെ ആത്മാർത്ഥമില്ലായ്മയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. പുതിയ ആളുകളെ ജോലി ഏൽപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമായിരുന്നു. സിനിമ വ്യവസായത്തിൽ ലോബിയില്ലെന്ന് വിശ്വസിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രേമത്തിന്റെ സെൻസർ കോപ്പി ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നാണെന്ന നിഗമനത്തിൽ കഴിഞ്ഞ ദിവസം ആന്റി പൈറസി സെൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് വഞ്ചനാക്കേസും റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിർമാതാവ് അൻവർ റഷീദിനെ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യാനിരിക്കെയാണ് നിർമാതാവിന്റെ വെളിപ്പെടുത്തൽ. അണിയറ പ്രവർത്തകരെ ചോദ്യം ചെയ്താൽ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.