Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമപ്പനി മാറാതെ കേരളത്തിലെ യുവത്വം

premam-style

കേരളത്തിലെ യുവാക്കള്‍ക്ക് പ്രേമപ്പനി തലയ്ക്കു പിടിച്ചിരിക്കുകയാണെന്നു പറഞ്ഞാൽ ഒട്ടും അധികമാവില്ല. പ്രേമത്തിലെ മലരും ജോർജും സെലിനും മേരിയുമെല്ലാം യുവാക്കളുടെ മനസിലാണു കൂടുകൂട്ടിയത്. ചിത്രം പുറത്തിറങ്ങി ഇത്ര മാസം കഴിഞ്ഞിട്ടും പ്രേമത്തിന്റെ ഒാളങ്ങൾക്ക് യാതൊരു അലച്ചിലും സംഭവിച്ചിട്ടില്ല. മീശ പിരിക്കലും മുണ്ടു മടക്കിക്കുത്തലും പൂവാലശല്യവുമൊന്നും പറയുന്ന ആദ്യചിത്രമൊന്നുമല്ല പ്രേമം. മിക്ക സിനിമകളെയുംപോലെ മരംചുറ്റിപ്രേമവും വിരഹവും ബാച്ചിലർ ലൈഫും വിവാഹവും ഒക്കെത്തന്നെയേ പ്രേമത്തിലുമുള്ളു. എന്നിട്ടും ചിത്രത്തിന് യുവപ്രേക്ഷകർക്കിടയിൽ ലഭിച്ച വരവേൽപ് അവിശ്വസനീയമാണ്. ഒരുപക്ഷേ മിതമായി വിഷയങ്ങൾ കൈകാര്യം ചെയ്ത സംവിധായകന്റെ അവതരണരീതിയെയാവാം മലയാളികള്‍ നെഞ്ചേറ്റിയത്.

ഒരാഘോഷവും അതിരുകടക്കരുത്, അതു സിനിമയുടെ കാര്യത്തിൽ മാത്രമല്ല, എന്തിലായാലും. ഇവിടെ കേരളത്തിലെ യുവതലമുറയ്ക്ക് ഒന്നിനോടും ഭ്രമമല്ല മറിച്ച് ഭ്രാന്താണ്. പ്രേമത്തിലെ ജോർജിന്റെ കറുത്ത മുണ്ടിനോ‌ടും കൂളിങ് ക്ലാസിനോടും മീശയോടും താടിയോടുമൊക്കെ തോന്നുന്ന ഒരു ഇഷ്ടം അംഗീകരിക്കാവുന്നതു തന്നെയാണ്. പക്ഷേ ഇഷ്ടം മൂത്തു ഭ്രാന്താകുമ്പോഴാണ് സ്ഥലകാലബോധം പോലും മറക്കുന്ന അവസ്ഥയിലേക്കെത്തുന്നത്.

കഴിഞ്ഞ ദിവസം സിഇടി എ​ഞ്ചിനീയറിങ് കോളേജിൽ ഒാണാഘോഷം തകർക്കുമ്പോൾ യുവതിയെ ഇടിച്ചുകയറ്റിയ ജീപ്പിൽ മാത്രം ഉണ്ടായിരുന്നത് ഇരുപതിലധികം യുവാക്കളാണ്. പ്രേമപ്പരിവേഷത്തിൽ എത്തിയ ഭൂരിഭാഗം പേരും മദ്യലഹരിയിലുമായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്.

സിനിമകളില്‍ കാണുന്നപോലെ മുണ്ടുമുറുക്കിയുടുത്ത് മദ്യവും നുണഞ്ഞ് കാമ്പസിൽ വിളയാടുകയായിരുന്നു ഒരുപറ്റം ചെറുപ്പക്കാർ. യുവത്വമാണ്, അവിടെ സിനിമകൾ സ്വാധീനിക്കുമെന്നതും വിസ്മരിക്കുന്നില്ല. പക്ഷേ ഒരാളുടെ ജീവൻ എടുക്കുമാറ് ആകരുത് ഒരാഘോഷവും. സിനിമാത്രമല്ല എന്തും ഏതും വലിയ ആഘോഷമാക്കി മാറ്റുന്ന പുതുതലമുറയുടെ ജീവിതിരീതിയും ചിന്തിക്കേണ്ടതാണ്.

നേരത്തെ ദൃശ്യം ഇറങ്ങിയ സമയത്തും പല ക്രിമിനൽ കേസുകൾക്കും ദൃശ്യം സിനിമ ആധാരമായെന്നു പോലീസ് കണ്ടെത്തിയിരുന്നു. നാശത്തിന്റെ കാര്യം വരുമ്പോൾ മാത്രം സിനിമകൾ പ്രചോദനമാകുന്നത് എങ്ങനെയാണ്? ഇതിന് കാരണക്കാരാകുന്ന വ്യക്തികളുടെ ചിന്താഗതിയിലാണ് പ്രശ്നം. ക്രൂരമായി ചിന്തിക്കുന്നവർക്കു മാത്രമേ സിനിമയിലെ ക്രൂരതയും ജീവിത്തില്‍ പകർത്താനാവൂ. നന്മയും സ്നേഹബന്ധങ്ങളും വിളിച്ചോതുന്ന എത്രയോ ചിത്രങ്ങളുണ്ട്. അവയൊന്നുമെന്തേ പ്രചോദനമാകുന്നില്ല. ചിന്തിക്കേണ്ടതു തന്നെയാണ് യുവാക്കള്‍ അടക്കമുള്ള ഇൗ തലമുറയുടെ മാറ്റം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.