Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം മലയാളത്തിലെ ആദ്യ വൈറല്‍ ഹിറ്റ്

premam-theatre-response

തിയറ്റിലെ തിരക്കിനെ കുറിച്ച് എപ്പോൾ സംസാരിച്ചാലും അച്ഛൻ പറയും. ഇന്നത്തെ കാലത്ത് എവിടെയാ തിരക്ക്. കുറേ ഫാൻസ് പിള്ളേര് കാണിക്കുന്ന ബഹളമല്ലേ നിങ്ങൾക്ക് തിരക്ക്. ഞങ്ങളുടെ കാലത്തായിരുന്നു ശരിക്കും തിരക്ക്. കുർബാനിയൊക്കെ കാണാൻ കാലുകഴച്ച് എത്ര സമയം നിന്നിട്ടുണ്ടെന്ന് അറിയാമോ? യവനികയും കലികയുമൊക്കെ കാണാൻ എന്നാ ഇടിയായിരുന്നെന്ന് അറിയാമോ? പൂഴിമണൽ ഇട്ടാൽ താഴെ വീഴാത്ത അത്ര തിരക്കായിരുന്നു.

അന്ന് ഈ മാതിരി ഓൺലൈൻ പബ്ലിസിറ്റികളൊന്നുമില്ല. നല്ല പടമാണെന്ന് അറിഞ്ഞോ കാണാൻ ആളുകൾ ഇടിച്ചു കയറും. യവനികയും കലികയുടെയും കാലം കഴിഞ്ഞു. പത്മരാജനും ഭരതനുമെല്ലാം മൺമറഞ്ഞു. ബാലചന്ദ്രമേനോൻ സിനിമാസംവിധാനത്തിൽ നിന്നും അകന്നു. തീയറ്ററുകൾ പൂരം വരാത്ത പൂര പറമ്പുകളേപ്പോലെ ശൂന്യമാകാൻ തുടങ്ങി. ചെറുപൂരങ്ങൾ ഒരുക്കി ഇടയ്ക്കിടയ്ക്ക് സൂപ്പർസ്റ്റാർ ചിത്രങ്ങൾ വന്നെങ്കിലും അച്ഛൻ ഒരിക്കലും സമ്മതിച്ചു തരില്ല അതൊക്കെ വലിയ തിരക്കാണെന്ന്.

ഏതായാലും രാജമാണിക്യവും ആറാംതമ്പുരാനും മീശമാധവനും സി.ഐ.ഡി മൂസയുമെല്ലാം എന്റെ ഓർമ്മയിലെ ഇടിച്ചുതെള്ളി പടങ്ങളാണെങ്കിലും അതിൽ എല്ലാം സൂപ്പർസ്റ്റാർ സാന്നിധ്യം ഉണ്ടായിരുന്നു. കസേരകിട്ടാതെ തറയിലിരുന്ന് സി.ഐ.ഡി മൂസ കണ്ടതും, ആറാംതമ്പുരാനും രാജമാണിക്യവും ഫസ്റ്റ്ഷോ കാണാൻ നാലുമണിക്കേ തീയറ്റിറിന്റെ മുന്നിൽ കാത്തുകെട്ടി നിന്നതുമെല്ലാം എന്റെ തീയറ്റർ ഓർമ്മകൾ ആയിരുന്നു. മൾട്ടിപ്ലക്സുകൾ വരുന്നതിനു മുമ്പുള്ള ടാക്കീസുകാലത്തെ ഓർമ്മകൾ കൂടിയായിരുന്നു ഈ സിനിമകൾ. ഇരുന്നാൽ ഊർന്നു പോകുന്ന കസേരകളിലിരുന്ന് മൂട്ടകടികൊണ്ട് ഒരു തലമുറ സിനിമ കണ്ട കാലം. പോപ്പ്കോണിനു പകരം ചൂടുകപ്പലണ്ടി കൊറിച്ച് ആർപ്പുവിളിയോടെ സിനിമ കണ്ട തലമുറകൾ പോപ്പ്കോൺ കഴിച്ച് മൾട്ടീപ്ലക്സുകളിലേക്ക് ചേക്കേറി.

premam-movie-poster

ടാക്കീസുകൾ തീയറ്റുകളിലേക്കും മൾട്ടീപ്ലക്സുകളിലേക്കും മാറിയതു പോലെ സിനിമയും മാറി. പുതിയകാലത്തെ മലയാളസിനിമകൾ മലയാളിക്ക് ദഹിക്കാതെ വന്നതോടെ മലയാളി പ്രേക്ഷകർ തീയറ്റുകളിൽ നിന്നും അകന്നു. വെള്ളിയാഴ്ച്ചകൾ അന്യഭാഷാ ചിത്രങ്ങളുടേതായി മാറി. മലയാള സിനിമകൾ പ്രദർശിപ്പിക്കുന്ന തീയറ്റുകൾ ഏറെക്കുറേ ശൂന്യമായി തന്നെ കിടന്നു. ദൃശ്യവും ബാംഗ്ലൂർഡെയ്സുമെല്ലാം തീയറ്ററുകളിലേക്ക് പ്രേക്ഷകരെ വീണ്ടുമെത്തിച്ചെങ്കിലും പഴയ കാലത്തെ തിരക്കിന്റെ പ്രതാപത്തിലേക്ക് എത്താൻ തീയറ്ററുകൾ പിന്നെയു മടിച്ചു നിന്നു.

പക്ഷെ കഴിഞ്ഞവെള്ളിയാഴ്ച്ച കൃത്യം പറഞ്ഞാൽ മെയ് 29, 2015ന് തീയറ്ററുകളുടെ ജാതകം പിന്നെയും മാറിമറിഞ്ഞു. ട്രെയ്‌ലറും ടീസറുമൊന്നുമില്ലാതെ ഇറങ്ങിയ പ്രേമം എന്ന ചെറിയ വലിയ ചിത്രം കാരണം. യാതൊരുവിധ പ്രമോഷനുമില്ലാതെ ഇറങ്ങിയ ചിത്രം മത്സരിച്ചതാകട്ടെ വൻപ്രമോഷനിൽ വൻബജറ്റിൽ പുറത്തിറക്കിയ അന്യഭാഷാ ചിത്രത്തോട്. ആദ്യദിവസം അന്യഭാഷാ ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തവർ പ്രേമത്തിന് കയറി. ആദ്യ ദിവസത്തെ രണ്ടാമത്തെ ഷോ മുതൽ പ്രേമത്തിന് ടിക്കറ്റ് കിട്ടാത്തവർ അന്യഭാഷ ചിത്രത്തിന് കയറി. പ്രേമം കാണാൻ സാധിക്കാത്തവർ നിരാശ സോഷ്യൽമീഡിയയിൽ കുറച്ചതിങ്ങനെ പ്രേമിക്കുന്നതിനേക്കാൾ പാടാണ് പ്രേമത്തിന് ടിക്കറ്റ് കിട്ടാനെന്ന്.

premam-crowd

എന്നാൽ പിന്നെ ഈ പ്രേമം കണ്ടുകളയാമെന്ന് കരുതി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കയറിയപ്പോൾ അവിടേം ഹൗസ്ഫുൾ. രണ്ടുദിവസത്തേക്ക് ടിക്കറ്റ് നഹീ നഹീ. അവധികാലം ഉദ്ദേശിച്ചോ നല്ലനേരം മുൻകൂട്ടി നോക്കിയോ ഒന്നും ഇറങ്ങിയ ചിത്രമല്ല ഇത്. എന്നിട്ടു പോലും നിവിൻപോളി-അൽഫോൺസ് പുത്രന്റെ പ്രേമം കാണാൻ തിരക്കോട് തിരക്ക്. തീയറ്റിലേക്ക് ഒഴുകിയെത്തുന്നതാകട്ടെ ഫാൻസുകാരേക്കാൾ കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകരും.

ഇതു കേരളത്തിലെ മാത്രം അവസ്ഥയല്ല. ഫസ്റ്റ്ഷോ കണ്ട് ഗുജറാത്തിലെ പട്ടാളക്കാരൻ ചേട്ടൻ പോലും വിളിച്ചു പറഞ്ഞു. ഇവിടേം പ്രേമത്തിന് തിരക്കോടു തിരക്കാണെന്ന്. പിറ്റേന്നത്തെ ഫസ്റ്റ്ഷോയുടെ ടിക്കറ്റ് വരെ ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്തുപോലും. പ്രേമം കണ്ട ഒരാളുപോലും പ്രേമം കൊള്ളില്ല എന്നും പറഞ്ഞില്ല. പ്രേമത്തിന്റെ ഇടി കണ്ട് അച്ഛൻ പറഞ്ഞു ഇതാണ് ഞാൻ പറയാറുള്ള തിരക്ക്. ഏതായാലും സിനിമ കാണാതെ താത്വിക അവലോകനം നടത്തുന്നത് ശരിയല്ലാത്തതു കൊണ്ടും നല്ല സിനിമ തീയറ്ററിൽ തന്നെ പോയി കാണണമെന്ന നിർബന്ധമുള്ളതു കൊണ്ടും തീയറ്ററിലെ പ്രേമപൂരത്തിന് കാലുകഴച്ച് ടിക്കറ്റ് കാണാൻ തീരുമാനിച്ചു. ക്യൂ നിന്ന് ഇടിച്ചുതെള്ളി വീണ്ടുമൊരു നല്ല മലയാള സിനിമ കാണുന്നതിന്റെ സുഖം ഒന്നും വേറെ തന്നെയാണു ഭായീ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.