Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയറ്റർ അടച്ചാൽ കൂടുതൽ പേർ വ്യാജൻ കാണില്ലേ ?

premam-theatre

ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻപ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കിനെതിരെ നിർമാതാക്കളുടെ കൂട്ടത്തിൽ നിന്നും പ്രതിഷേധം ഉയരുന്നു. ‘പ്രേമം’ സിനിമയുടെ വ്യാജൻ പുറത്തുവന്നതിന് പുറകെ പൊലീസ് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടിയിൽ അസംതൃപ്തി പ്രകടിപ്പിച്ചാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മലയാള സിനിമയിലെ മുതിർന്ന നിർമാതാക്കളിൽ ഒരാളായ പ്രേം പ്രകാശ് തിയറ്ററുകൾ അടച്ചിടുന്നതിനോട് പൂർണമായും വിയോജിക്കുന്നു. ‘‘ ഒരു തരത്തിലുമുള്ള സമര രീതികളോടും എനിക്ക് യോജിപ്പില്ല. സമരം കൊണ്ടൊന്നും ഒരു വ്യത്യാസവും ഉണ്ടാവാൻ പോകുന്നില്ല. ഇതിനു മുൻപും സിനിമകളുടെ വ്യാജന്മാർ ഇറങ്ങിയിട്ടുണ്ട്. പണ്ട് ഈ പെൻഡ്രൈവ് ഒന്നും ഇല്ലാതിരുന്ന കാലത്തും ‘ വ്യാജൻ’മാർ പ്രചാരത്തിലുണ്ടായിരുന്നു. അന്നും ആരും ഒരു ഫലപ്രദമായ നടപടിയും കൈക്കൊണ്ടില്ല. പിന്നെ ഇപ്പോൾ പ്രശ്നം ഗൗരവമായപ്പോൾ മുതൽ പൊലീസിനെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ അവർ ചെയ്യുന്നുണ്ടല്ലോ?

ഒരു ദിവസം തിയറ്ററുകൾ അടച്ചിടുന്നതു മൂലം നിർമാതാക്കളുടേയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റേയും വരുമാനമാണ് ഇല്ലാതാവുക. അവർക്കു നഷ്ടം മാത്രമേ ഇതുകൊണ്ട് ഉണ്ടാകുന്നുള്ളൂ. ഞാൻ നിർമ്മിച്ച ‘ അയാളും ഞാനും തമ്മിൽ’ പുറത്തിറങ്ങിയ സമയത്ത് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ സമരം ചെയ്യുകയും തിയറ്ററുകൾ അടച്ചിടുകയും ചെയ്തു. അത് എനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ആ അനുഭവത്തിൽ നിന്നും പറയുകയാണ് ഒരു ദിവസം തിയറ്ററുകൾ അടച്ചിടുന്നതുകൊണ്ട് നിർമാതാക്കൾക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനും നഷ്ടം ഉണ്ടാകും എന്നല്ലാതെ ഒരു ഫലവും ഉണ്ടാകില്ല.

പുതിയ തലമുറയിലെ നിർമാതാക്കളിൽ ഒരാളായ വിനോദ് ഷൊർണൂരും ഒരു ദിവസത്തെ തിയറ്റർ അടപ്പ് സമരത്തിനു യോജിപ്പില്ല. ‘‘ഇപ്പോൾ തന്നെ പൈറസി കാരണം നഷ്ടം സംഭവിച്ച ‘ പ്രേമ’ത്തിനു അത് പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ അടച്ചിടുന്നത് ഇടിവെട്ടിയവനെ വെടി വയ്ക്കുന്നതിനു തുല്യമാണ്.

നല്ല ക്വാളിറ്റി ഉള്ള പ്രിന്റ് ആണ് പ്രേമത്തിന്റെ വ്യാജൻ രൂപത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. മൊബൈലിലും മറ്റും അത് കാണാമെന്നിരിക്കെ തിയറ്ററുകൾ അടച്ച് പൂട്ടി ഇടുന്നത് ‘ വ്യാജൻ’ കാണാനുള്ള സൗകര്യം കൂടുതൽ ഒരുക്കിക്കൊടുക്കുകയല്ലേ? ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്ററുകളിൽ ‘ പ്രേമം’ പ്രദർ‍ശിപ്പിക്കാതിരിക്കുന്നത് പൈറസിയെ പിന്തുണയ്ക്കുന്നതു പോലെയല്ലേ? തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന മറ്റേതു ചിത്രത്തേയും ഇതു മോശമായി ബാധിക്കും. ‘ പ്രേമത്തിനു’ സംഭവിച്ചത് ഒരു ദൗർഭാഗ്യം തന്നെയാണ്. എന്നാൽ, അതുകൊണ്ട് ഒരു ദിവസം മറ്റുള്ള സിനിമകളുടെ പ്രദർശനം കൂടി നിർത്തി വയ്ക്കേണ്ടതുണ്ടോ? ‘ പ്രേമ’വും മറ്റുള്ള എല്ലാ സിനിമകളും ഈ ദിവസം തിയറ്ററിൽ ഓടണം എന്നാണ് എന്റെ അഭിപ്രായം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.