Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ പ്രേതത്തെ വെള്ളസാരിയിൽ നിന്നും മോചിപ്പിച്ച ‘പ്രേതം’

pretham

വെള്ള സാരി, നീണ്ടമുടി, ചുറ്റും വെള്ളപ്പുക, വീശിയടിക്കുന്ന കാറ്റ്, ഇടിമിന്നൽ, കുറുക്കന്റെ ഓരിയിടൽ, പേടിച്ചരണ്ടു പറക്കുന്ന വവ്വാൽക്കൂട്ടം... ഇതിനെല്ലാമിടയിലൂടെയാണു വെള്ളസാരിയുടുത്തു സിനിമാ പ്രേതങ്ങളുടെ രംഗപ്രവേശം. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ മാറ്റമില്ലാതെ തുടരുന്ന ആചാരം. യക്ഷികളും പ്രേതങ്ങളും എന്തുകൊണ്ടാണ് എപ്പോഴും വെള്ളസാരിയിൽ പ്രത്യക്ഷപ്പെടുന്നത് ?

പ്രേതങ്ങളുടെ യൂണിഫോം വെള്ളസാരിയായിരിക്കണമെന്നു മിക്ക സിനിമക്കാർക്കും നിർബന്ധമാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് ആളുകളെ പേടിപ്പിക്കാൻ ഇന്നത്തേതുപോലുള്ള ഗ്രാഫിക്‌സ് സാധ്യതകളൊന്നുമില്ലാതിരുന്നതിനാലാവണം യക്ഷികളെ സംവിധായകന്മാർ വെള്ളയുടുപ്പിച്ചത്. ആളുകൾ പേടിക്കണമെങ്കിൽ നിറം കണ്ണിലേക്ക് അടിച്ചുകയറുക കൂടി വേണമല്ലോ. വെള്ളസാരിയാണ് അതിനുള്ള ഏറ്റവും എളുപ്പമാർഗം. യക്ഷികൾക്കു വെള്ള യൂണിഫോം വന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാകാമെന്നു പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോൾ.മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം ഭാർഗവീനിലയം തന്നെയാണു പിന്നാലെ വന്ന പല യക്ഷിക്കഥകൾക്കും മാതൃകയായത്. കുറുക്കന്റെ ഓരിയിടലും വെള്ളസാരിയുമെല്ലാം അരനൂറ്റാണ്ടിനിപ്പുറവും വലിയ മാറ്റമില്ലാതെ തുടരുന്നു.

എങ്കിലും ഇടയ്‌ക്കിടെ ചില സംവിധായകരെങ്കിലും ക്ലിഷേ അവതരണരീതിയിൽനിന്നു മാറിച്ചിന്തിച്ചിട്ടുണ്ട്. ഭാർഗവീനിലയത്തിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള ആലോചനയ്‌ക്കിടയിൽ സംവിധായകൻ എ. വിൻസന്റ് ജോൺ പോളിനോടു പറഞ്ഞു, ‘ആരാണു യക്ഷികളുടെ യൂണിഫോം വെള്ളസാരിയാക്കിയത്? യക്ഷികൾ വെള്ളസാരിയേ ഉടുക്കാവൂ എന്നുണ്ടോ? രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കിൽ നമുക്കെന്തായാലും ഭാർഗവിയെ വെള്ളപുതപ്പിക്കേണ്ട’. പക്ഷേ, ആ സിനിമ നടന്നില്ല. രണ്ടാം ഭാഗം ഇറങ്ങിയിരുന്നെങ്കിൽ ഭാർഗവി വല്ല മഞ്ഞയോ നീലയോ നിറമുള്ള സാരിയുടുത്തു വന്നേനെ.

മരണാനന്തരജീവിതം, ആത്മാവ്, പ്രേതം തുടങ്ങിയ ഭ്രാന്തൻചിന്തകൾ എക്കാലത്തും തന്റെ ഇഷ്ടമേഖലകളാണെന്നു പ്രേതം എന്ന സിനിമയുടെ സംവിധായകൻ രഞ്‌ജിത് ശങ്കർ പറയുന്നു. മരിച്ചവരൊന്നും എവിടെയും പോകുന്നില്ലെന്നും അവർ ഇവിടെയൊക്കെത്തന്നെയുണ്ടെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം. നമുക്ക് ഏറെ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയെന്നിരിക്കുക, ഏതു രൂപത്തിലാണെങ്കിലും അവർ തിരിച്ചുവരണമെന്നല്ലേ നമ്മൾ ആഗ്രഹിക്കൂ? അവരെ നമ്മൾ പേടിക്കില്ലല്ലോ – അദ്ദേഹം ചോദിക്കുന്നു.

യക്ഷിസങ്കൽപം മലയാളികൾക്കു മാത്രമേയുള്ളൂ. എന്നാൽ, നമ്മുടെ മുത്തശ്ശിക്കഥകളിലെ യക്ഷിമാർ സിനിമകളിലെപ്പോലെ വെള്ളയുടുത്തവരായിരുന്നില്ല. മുണ്ടും സെറ്റുസാരിയുമെല്ലാം ഉടുത്തും കാൽത്തളയുടെയും മെതിയടിയുടെയും ശബ്ദം കേൾപ്പിച്ചും അടുത്തുവന്നിരുന്ന മുത്തശ്ശിക്കഥയിലെ യക്ഷികൾ സിനിമയിലെത്തിയപ്പോൾ ചെരിപ്പിടാത്തവരും കാൽനിലത്തുമുട്ടാത്തവരുമായി. യക്ഷികൾ ഇങ്ങനെയായിരിക്കണം എന്ന് ആധികാരികമായി വിധിക്കുന്ന 'പ്രേതശാസ്‌ത്രം' ഒന്നും ലഭ്യമല്ലാത്തതിനാലാകണം, ഓരോരുത്തരും അവരവരുടെ ഭാവനയനുസരിച്ചു യക്ഷിസിനിമകളിറക്കി.

വെള്ളസാരിയുടുക്കാതെയും പ്രേതങ്ങളും യക്ഷികളും ഇറങ്ങിയിട്ടുണ്ട്്. മലയാളത്തിലെ ഏറ്റവും ജനകീയ യക്ഷികളിലൊരാളായ നാഗവല്ലി ഉദാഹരണം. മോഡേൺ വേഷത്തിൽ എത്തിയ യക്ഷിയെ ‘മേഘസന്ദേശം’ എന്ന ചിത്രത്തിലൂടെ മലയാളി കണ്ടു. കേരളത്തിലെ ഏറ്റവും പ്രശസ്‌തയായ യക്ഷികളിലൊരാൾക്കു വസ്ത്രമേയില്ലെന്നതാണ് മറ്റൊരു കൗതുകം. മലമ്പുഴയിലെ യക്ഷി പ്രതിമ മലയാളിയുടെ യക്ഷിസങ്കൽപത്തെ അങ്ങനെയും പൊളിച്ചെഴുതി. 

Your Rating: