Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി ‘രാജാവ്’

prithviraj പൃഥ്വിരാജ്

യൂണിവേഴ്സൽ സ്റ്റാർ, ഉലകനായകൻ തുടങ്ങിയ വിശേഷങ്ങളുടെ മലയാള പര്യായമാണ് പൃഥ്വിരാജ് എന്ന പേരെന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാരണം അഭിനയം തുടങ്ങിയ നാൾ മുതൽ പൃഥ്വിയുടെ ഗുണങ്ങളെക്കാളേറെ ദോഷങ്ങൾ കാണാനായിരുന്നു മലയാളി ശ്രമിച്ചത്. ഇന്നും അജ്ഞാതമായ ഏതോ കാരണത്തിനാൽ പൃഥ്വിയെ നാം അന്നു വെറുത്തു.

‌നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നിഷ്കളങ്ക മുഖമുള്ള ആ പാവം പയ്യനെ മലയാളികൾ ഒരുപാട് ക്രൂശിച്ചു. ‘‘അവനെ കണ്ടാലേ അറിയാം അഹങ്കാരിയാണ്’’ എന്ന് പൃഥ്വിയെ കണ്ട് വിലയിരുത്തി മലയാളികൾ. അടുത്തറിയാവുന്നവർ അല്ലെന്ന് എത്ര പറഞ്ഞിട്ടും ജാഡക്കാരൻ എന്ന നെറ്റിപ്പട്ടം ആ യുവനടന് എല്ലാവരും ചേർന്ന് ചാർത്തിക്കൊടുത്തു. പുതുതലമുറയിലെ പല താരങ്ങളെയും ഇന്നു നാം കൈനീട്ടി സ്വീകരിക്കുന്നുണ്ടെങ്കിൽ അന്ന് പൃഥ്വിയെ കൈ നീട്ടി അടിക്കാനായിരുന്നു പലർക്കും ധൃതി.

biju-prithvi

ഇങ്ങനെ ഏറെ കല്ലേറു കൊണ്ടിട്ടും വിമർശനങ്ങൾക്ക് വിധേയനായിട്ടും പൃഥ്വി തകർന്നില്ല. തന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. വെള്ളിത്തിരയിലേക്ക് പിച്ച വെച്ച ഇരുപതുകാരനിൽ നിന്ന് മുപ്പത്തിമൂന്നിലെത്തി നിൽക്കുമ്പോൾ ഇഷ്ടമല്ലാതിരുന്നവരെ കൂടി തന്റെ ആരാധകരാക്കി മാറ്റി എന്ന നേട്ടമാണ് പൃഥ്വിക്ക് സ്വന്തമാക്കിയത്. ഒരിക്കൽ ചവിട്ടിത്തേച്ചവർ തന്നെ വാനോളം പുകഴ്ത്തുന്ന അപൂർവ പ്രതിഭാസം. ഈ വർഷം ഏറ്റവുമധികം ഹിറ്റുകൾ സൃഷ്ടിച്ച താരവും പൃഥ്വി തന്നെ.

picket-43

ഈ വർഷം ആറു ചിത്രങ്ങളാണ് പൃഥ്വിയുടേതായി തിയറ്ററുകളിൽ എത്തിയത്. മേജർ രവി ഒരുക്കിയ പിക്കറ്റ് 43, ശ്യാമപ്രസാദിന്റെ ഇവിടെ, ലിജോ ജോസിന്റെ ഡബിൾ ബാരൽ, വിമലിന്റെ എന്നു നിന്റെ മൊയ്തീൻ, നാദിർഷയുടെ അമർ അക്ബർ അന്തോണി, സച്ചിയുടെ അനാർക്കലി.

prithvi-parvathi

സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലും മറ്റും ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായിരുന്നു ഒരു കാലത്ത് പൃഥ്വി. ശ്രീശാന്ത്, സന്തോഷ് പണ്ഡിറ്റ്, പൃഥ്വി ത്രയങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ അക്കാലത്ത് ഏറ്റവും കൂടുതൽ തല്ല് വാങ്ങിയ മലയാളികൾ. ഇവരിൽ ആദ്യം പറഞ്ഞ രണ്ടു പേരും തകർന്നു വീണപ്പോൾ വിമർശനങ്ങളെ തന്റെ വളർച്ചയ്ക്കുള്ള വളമാക്കി മാറ്റുകയായിരുന്നു പൃഥ്വി.

prithvi-indran-jayan

ആക്രമണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് വിമർശകരുടെ വായടിപ്പിക്കുന്ന പ്രകടനവുമായി അദ്ദേഹം സിനിമാലോകം കീഴടക്കി. സുകുമാരൻ എന്ന നടന്റെ മകൻ എന്നതിൽ കവിഞ്ഞ് മലയാളസിനിമാ ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പൃഥ്വിയ്ക്ക് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് രണ്ട് സംസ്ഥാന അവാർഡുകൾ നേടി പ്രായം നൽകിയ പക്വതയുമായി അദ്ദേഹം മുന്നേറി. മലയാളവും തമിഴും കടന്ന് ഹിന്ദിയിലേക്കും‌ എത്തി.

prithviraj-ivide-movie

പൃഥി നായകനായ മൂന്നു ചിത്രങ്ങൾ ബോക്സ്ഓഫീസിൽ ഇപ്പോളും‌ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. അതും തീർത്തും വ്യത്യസ്തമായ 3 സിനിമകൾ. സമീപകാലത്ത് മറ്റൊരു നടനും നേടാൻ കഴിയാത്ത വിജയമാണ് അദ്ദേഹം ഒറ്റയ്ക്ക് നേടിയത്

സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനെന്ന് വിളിച്ച് കളിയാക്കിവർക്കു മുന്നിൽ പൃഥ്വി അതേ ഡയലോഗ് നർമത്തിൽ ചാലിച്ച് പറഞ്ഞപ്പോൾ ആരാണ് താങ്കൾക്ക് കോമഡി വഴങ്ങില്ലെന്ന് പറഞ്ഞതെന്ന് കടുത്ത പൃഥ്വിരാജ് വിരോധികൾ പോലും ചോദിച്ചു കാണും. കളിയാക്കലുകളെ സഹിഷ്ണതയോടെ നേരിട്ട് ആരും അസൂയപ്പെടുന്ന വിജയങ്ങൾ അദ്ദേഹം സ്വന്തമാക്കി. ഒന്നുമാവില്ലെന്ന് ഉറപ്പിച്ചവർ പോലും ആ വളർച്ച കണ്ട് അത്ഭുതം കൂറിയിരിക്കണം.

എന്നെയല്ല, മറ്റാരെയുമല്ല മോഹൻലാലിനെയും മമ്മൂട്ടിയെയും ആയിരിക്കണം മലയാളി ഏറ്റവുമധികം സ്നേഹിക്കേണ്ടതെന്ന് ആരാധകരുടെ മുന്നിൽ വച്ച് കഴിഞ്ഞ ദിവസം പറഞ്ഞത് അദ്ദേഹത്തിന്റെ വിനയമല്ല മറിച്ച് തിരിച്ചറിവാണ് കാണിക്കുന്നത്. ആ തിരിച്ചറിവു തന്നെയാണ് ഇൗ നിലയിലെത്താൻ പൃഥ്വിയെ സഹായിച്ചതും. ഒരുപാട് നല്ല സിനിമകൾ ഇനിയും പൃഥ്വിയിൽ നിന്ന് ഉണ്ടാകട്ടെ ഒരുപാട് ഉയരങ്ങൾ അദ്ദേഹം കീഴടക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം. പ്രാർഥിക്കാം.