Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി ആരാധകരോട്; ഇതെനിക്ക് വേദനയും നാണക്കേടും ഉണ്ടാക്കി

prithviraj-sad

സൂപ്പർതാരങ്ങളുടെ ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങ‌ളിലൂടെ പരസ്പരം വഴക്കിടാറുണ്ട്. അത് ചിലപ്പോൾ സിനിമയെയോ നടന്റെ അഭിനയത്തെയോ വിമർശിച്ചാകും പോരു തുടങ്ങുക. റിലീസ് ചെയ്ത് തിയറ്ററുകളിൽ ഓടുന്ന സിനിമകളെയും ഇക്കൂട്ടർ ക്രൂരമായി വിമർശിക്കുന്ന സാഹചര്യവും കണ്ടുവരാറുണ്ട്. ആരാധകരുടെ ഈ പ്രവണതക്കെതിരെ പൃഥ്വിരാജ് രംഗത്തെത്തി. മറ്റു സിനിമകളെ ക്രൂരമായി വിമര്‍ശിക്കുന്ന തന്‍റെ ആരാധകരുടെ വാക്കുകള്‍ വേദനയും നാണക്കേടും സമ്മാനിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു.

തന്റെ സിനിമകൾക്ക് വേണ്ടി മറ്റൊരു സിനിമയെയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിക്കരുതെന്നും അത് സമ്മാനിക്കുന്നത് വേദനയാണെന്നും പൃഥ്വി വ്യക്തമാക്കി.

പൃഥ്വിയുടെ കുറിപ്പ് വായിക്കാം–

നമസ്കാരം, സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾക്കു ആരാധകരും വിമർശകരും ഉണ്ടാവുക സ്വാഭാവികം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ഒരു അഭിനേതാവായി ജീവിക്കുന്ന എന്നെ സ്നേഹിക്കുന്ന ആരാധകരും, എന്നിൽ പോരായ്മകൾ കണ്ടെത്തുന്ന വിമർശകരും ഉണ്ട്, എന്ന സത്യം ഞാൻ സന്തോഷപൂർവം തിരിച്ചറിഞ്ഞ ഒരു വസ്തുത ആണ്.

ഇന്ന് എനിക്ക് സംസാരിക്കാൻ ഉള്ളത് ഇതിൽ ആദ്യം പറഞ്ഞ കൂട്ടരോടാണ്. എന്നെയും എന്റെ സിനിമകളെയും സ്നേഹിച്ച്, എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ആരാധകരോട്.
സുഹൃത്തുക്കളെ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! ജീവിതത്തിന്റെ പകുതി ഇതിനോടകം സിനിമയ്ക്കു വേണ്ടി ചിലവഴിച്ചവനാണ് ഞാൻ. ഈ യാത്രയിൽ ഓരോ കയറ്റത്തിലും ഇറക്കത്തിലും എനിക്ക് താങ്ങായി നിന്നതു നിങ്ങളാണ്.

എന്റെയോ എന്റെ സിനിമകളുടേയോ വിജയപരാജയങ്ങൾ മറ്റു സിനിമകളെയോ നടന്മാരെയോ ആസ്പദം ആക്കി അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഈ ഇടയായി പല സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമുകളിലും കണ്ടു വരുന്ന നിങ്ങളിൽ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും, എന്നെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്.
എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങൾ താഴ്ത്തി കെട്ടുമ്പോൾ നിങ്ങൾ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണ്.

ആരെയും വിമർശിക്കാൻ ഉള്ള അവകാശം നിങ്ങൾക്കുണ്ട്. എന്നാൽ വിമർശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയിൽ ആവണം. ഇനി ഒരിക്കൽ പോലും, എന്റെ പേരിലോ, എനിക്ക് വേണ്ടിയോ നിങ്ങൾ മറ്റൊരു സിനിമയെയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യം അല്ലാത്ത ഭാഷയിൽ പരാമർശിക്കരുത്. അത്..എന്റെ വിശ്വാസങ്ങൾക്കും ഞാൻ പഠിച്ച എന്റെ ശരികൾക്കും എതിരാണ്.

എല്ലാ നല്ല സിനിമകളും വിജയിക്കണം..എല്ലാ നല്ല നടീനടന്മാരും വളരണം. എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങൾ സ്നേഹിക്കണം.
എന്ന്, പ്രിഥ്വി.