Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകനായ സംവിധായകനു പ്രിയന്റെ പ്രിയമുള്ള മറുപടി

jude-priyan

മനസിലുള്ളൊരു പാഷൻ സ്വന്തമാക്കുവാനുള്ള യാത്രയിൽ നമ്മെ പ്രചോദിപ്പിച്ചവർ ഏറെയുണ്ടാകും. ജീവിതത്തിലെന്നെങ്കിലുമൊരിക്കൽ അവരെ നേരിട്ടു കാണണമെന്നും ഒന്നു സംസാരിക്കണമെന്നുമൊക്കെ സ്വപ്നം കാണും. അത് യാഥാർഥ്യമാകുന്ന ആ നിമിഷമുണ്ടല്ലോ അതായിരിക്കും പിന്നീടുള്ള നമ്മുടെ ജീവിതത്തിനു ഊർജ്ജമാകുന്നത്. സംവിധായകൻ ജൂഡ് ആന്റണിയ്ക്ക് അങ്ങനെയായിരുന്നു സംവിധായകൻ പ്രിയദര്‍ശനും. തന്റെ പ്രിയ സംവിധായകനായ പ്രിയദർശനിൽ നിന്നു ജൂഡിനും അങ്ങനെയൊരു അനുഭവമുണ്ടായി.

ഒപ്പം സിനിമയുടെ വിജയത്തിനു പിന്നാലെ പ്രിയദര്‍ശൻ ഫെയ്സ്ബുക്കിൽ എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ടൊരു കുറിപ്പിടുകയുണ്ടായി. അതിനു ജൂഡ് ആന്റണിയും മറുപടി പറഞ്ഞു. പിന്നാലെ ജൂഡിനെ അതിശയിപ്പിച്ചുകൊണ്ട്. പ്രിയന്റെ മറുപടി. ഒപ്പം ജൂഡിന്റെ പുതിയ സിനിമയുടെ പേര് എടുത്തു പറഞ്ഞൊരു ആശംസയും. പ്രിയദര്‍ശന്റെ മറുപടി കണ്ട ജൂഡിന് ഇതിൽപരം സന്തോഷം വേറെന്തുണ്ട്. പ്രിയന്റെ മറുപടിയുടെ സ്ക്രീൻ ഷോട്ടും ഉൾപ്പെടുത്തി ഒരു നല്ല കുറിപ്പും തയ്യാറാക്കി ജൂഡ് ഫെയ്സ്ബുക്കില്‍ അനുഭവം പങ്കുവച്ചു.

jude-priyan-1

വിനീത് ശ്രീനിവാസന്റെ കല്യാണത്തിനു ആദ്യമായി പ്രിയദർശനെ കണ്ടതും ആരാധകനാണെന്നു സ്വയം പരിചയപ്പെടുത്തിയതുമൊക്കെയാണു കുറിപ്പിലുള്ളത്. സിനിമാ സംവിധാനത്തിന്റെ വിവിധ തലങ്ങളെ തലമുറകള്‍ക്കു പരിചയപ്പെടുത്തിയ സംവിധായകന്റെ മറുപടി ഇനി ഒരുപാട് കൊല്ലത്തേക്കുള്ള ഊർജ്ജമാണെന്നാണു ജൂഡ് പറയുന്നത്. പ്രിയന്റെ മറുപടി ജൂഡിന്റെ മാത്രമല്ല, ഏവരുടെയും മനസുതൊട്ടു.

ഒരു മുത്തശ്ശി ഗദ എന്ന സിനിമയാണു ജൂഡിന്റെ പുതിയ ചിത്രം. ഈ സിനിമയ്ക്കാണു പ്രിയദർശൻ ആശംസ നേർന്നത്. ആ ആശംസ ഒരു മുത്തശ്ശി കഥ പോലെ പ്രചരിക്കുമ്പോൾ കൗതുകമുള്ള മറ്റൊരു ബന്ധം കൂടിയുണ്ട് ഈ സംഭവത്തിനെന്നു കൂടി പറയണം. സമാന പേരുള്ളൊരു സിനിമ പ്രിയദർശനും സംവിധാനം ചെയ്തിട്ടുണ്ട്. 1988ൽ. അതിന്റെ പേര് ഒരു മുത്തശ്ശി കഥ എന്നായിരുന്നു.  

Your Rating: