Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുലി’ കാണാന്‍ പോയ കുട്ടികളെ പൊലീസ് പിടിച്ചു

puli-theatre-crowd

പ്രേമം സിനിമ കാണാന്‍ ക്ലാസ് കട്ട് ചെയ്ത് തിയറ്ററുകളിലെത്തിയ കുട്ടികളെ പൊലീസ് പിടികൂടിയത് വാര്‍ത്തയായിരുന്നു. പൊലീസിന്‍റെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായിയിരുന്നു ഈ പിടികൂടല്‍. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഓപ്പറേഷന്‍ ഗുരുകുലം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ പുലി കാണാനെത്തിയ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി.

ക്ലാസ് കട്ട് ചെയ്തിറങ്ങിയ കുട്ടികളെയാണ് പൊലീസ് പിടിച്ചത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രമായ പുലി കാണാൻ കുട്ടികളുടെ ഭയങ്കരമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയറ്ററിലേക്കു ക്ലാസ് കട്ട് ചെയ്ത് യൂണിഫോം മാറിയാണു കുട്ടികൾ എത്തിയത്.

കോട്ടയം നഗരത്തിലെ മൂന്നു തിയറ്ററുകളിലാണു വിജയ് ചിത്രമായ പുലി ആദ്യ ദിനം റിലീസ് ചെയ്തത്. നഗരത്തിലെയും പരിസരപ്രദേശത്തേയും വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ക്ലാസിൽ നിന്നു മുങ്ങി സിനിമയ്ക്കെത്തിയത്.ജില്ലാ പൊലീസ് മേധാവി എസ് സതീഷ് ബിനോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

കോട്ടയം ടൗൺ, ചാന്നാനിക്കാട്, നാട്ടകം, പതിനാലാം മൈൽ, പാമ്പാടി മുതലായ സ്ഥലങ്ങളിലെ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന മുപ്പത്തഞ്ചിലേറെ വിദ്യാർഥികളെയാണു പൊലീസ് പിടികൂടിയത്.

ഡി വൈ എസ് പി വി. അജിത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് സി ഐ: ഗിരീഷ് പി സാരഥി, എസ്.ഐ ടി.ആർ ജിജു, ഷാഡോ പൊലീസ് സംഘാംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിപി ഒ പ്രതീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരീക്ഷ എഴുതാതെ ക്ലാസ് കട്ട് ചെയ്തെത്തിയ വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു. തുടർന്ന് രക്ഷിതാക്കളെ വിവരമറിയിച്ച ശേഷം കുട്ടികളെ പറഞ്ഞുവിട്ടു.