Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയുയർത്തി പുലിമുരുകൻ എത്തുന്നു

pulimurugan

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റിലീസ് നീട്ടി വച്ചെന്നും സിനിമ പ്രതിസന്ധിയിലാണെന്നുമുള്ള വാർത്തകൾ തള്ളിക്കളഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്. സിനിമയുടെ ജോലികൾ പൂർത്തിയായെന്നും ചിത്രം ഒക്ടോബർ ഏഴിനു തിയറ്ററിലെത്തുമെന്നും അദ്ദേഹം മനോരമ ഒാൺലൈനോട് പറഞ്ഞു.

ചിത്രത്തിന്റെ റിലീസ് ദിനത്തെക്കുറിച്ചു പല വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ പരന്നിരുന്നു. ചിത്രം ജൂലൈയിൽ എത്തുമെന്നായിരുന്നു ആദ്യം വാർത്തകൾ. പിന്നീട് ഓണത്തിനെത്തുമെന്നായി. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ നിർമാതാവോ റിലീസ് സംബന്ധിച്ച ഒരു വിശദീകരണവും കൊടുത്തിട്ടില്ലെന്നും വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും വൈശാഖ് പറയുന്നു. ആധികാരികമായ ഉറവിടങ്ങളിൽ നിന്നല്ലാത്ത ഇത്തരം വാർത്തകൾ പ്രേക്ഷകർ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒക്ടോബറിൽ റിലീസായ കനലിനു ശേഷം മറ്റൊരു മോഹൻലാൽ ചിത്രം കേരളത്തിൽ എത്തിയിട്ടില്ല. ഇക്കാലയളവിൽ അദ്ദേഹം ജനതാ ഗാരേജ്, മനമാന്ദ എന്നീ രണ്ടു തെലുങ്കുചിത്രങ്ങളിലും പുലിമുരുകനിലുമാണ് അഭിനയിച്ചത്. വിസ്മയം എന്ന പേരിൽ മനമാന്ദയുടെ മലയാളംപതിപ്പുമുണ്ട്. മനമാന്ദ ഓഗസ്റ്റിലും ജൂനിയർ എൻടിആറിനൊപ്പമുള്ള ജനതാ ഗാരേജ് സെപ്റ്റംബറിലും തിയറ്ററിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ആരാധകർ കാത്തിരിക്കുന്ന പുലിമുരുകൻ മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുമായാണ് എത്തുന്നത്. ആകാംക്ഷയ്ക്കു വിരാമമിട്ട് സംവിധായകൻ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിമിർപ്പിലാണ്. പീറ്റർ ഹെയ്ൻ സംഘട്ടനസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് മോഹൻലാലും കടുവയുമായുള്ള പോരാട്ടരംഗങ്ങളാണ്. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾക്കും അണിയറക്കഥകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമുണ്ട്.

കാടിനെ അറിഞ്ഞ്, കാട്ടുമൃഗങ്ങളോടു പൊരുതി ജീവിക്കുന്ന മുരുകൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ആരാധകർക്കിടയിൽ തരംഗമായി മാറിയിരുന്നു. പത്തു ലക്ഷത്തിലേറെ ആളുകളാണ് ടീസർ കണ്ടത്.

ശിവാജി, അന്യന്‍, യന്തിരന്‍, ഐ , ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് പുലിമുരുകൻ നിർമിക്കുന്നത്.

Your Rating: