Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനിറഞ്ഞുപോകും സൈനുദ്ദീനെപ്പറ്റിയുള്ള ഈ കുറിപ്പ് വായിച്ചാൽ

sainudheen-raghunath സൈനുദ്ദീൻ, രഘുനാഥ് പലേരി

അന്തരിച്ച പ്രിയനടൻ സൈനുദ്ദീനെക്കുറിച്ച് ഹൃദയസ്പർശിയായ ഓർമകളുമായി തിരക്കഥാകൃത്ത് രഘുനാഥ് പലേരി. സൈനുദ്ദീനെ ആദ്യം കണ്ടതുമുതല്‍ പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വളർച്ചകളും ഒരു സിനിമ പോലെ തന്നെ നമ്മളോട് പറയുകയാണ് രഘുനാഥ് പലേരി.

രഘുനാഥ് പലേരിയുടെ കുറിപ്പ് വായിക്കാം–

നാൽപ്പത് വർഷങ്ങൾക്കു മുൻപുള്ളൊരു മെലിഞ്ഞ ശരീരം. ശരീര നാമം രഘുനാഥ് പലേരി. മൂക്കിന് ഭാരം തരുന്നൊരു കട്ടി കണ്ണട. കണ്ണട മാറ്റിയാൽ കാഴ്ച്ചയുടെ തിരശ്ശീലയിൽ എത്ര തുടച്ചാലും മായാത്ത മഞ്ഞ്. അതിരാവിലെ മുതലുള്ള ജോലിയിൽ വിയർത്ത് കുളിച്ച് കാഴ്ച്ച മങ്ങിയ കണ്ണടയിലെ മഞ്ഞിലൂടെയാണ് അന്ന് സൈനുദ്ദീൻ എന്റെ മുന്നിലേക്ക് വരുന്നത്. പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ സൈനുദ്ദീനെ തെളിമയോടെ കാണാനായി ഞാനെന്റെ കണ്ണട എപ്പോഴും കീശയിൽ സൂക്ഷിക്കുന്ന ഒരു കൈ വട്ടം മിനുസമുള്ള തുണി എടുത്ത് കഴുകി തുടച്ചതും, സൈനുദ്ദീൻ പറഞ്ഞു.

ഷർട്ടിൽ തുടക്കുംന്നാ ഞാൻ വിചാരിച്ചത്..

സൈനുദ്ദീന്റെ ആ നിരീക്ഷണം എനിക്ക് വല്ലാതങ്ങ് ഇഷ്ടായി.

പോറലേൽക്കാതെ കണ്ണട തുടക്കേ ഞാൻ സൈനുദ്ദീനോട് സംസാരിച്ചു.

സൈനുദ്ദീൻ എവിടാ..? കലാഭവനിലാണ്.. അവിടെ എന്തു ചെയ്യുന്നു.. മിമിക്രിയാണ്. മിമിക്രി അത്രക്കും ഇഷ്ടാണോ.. അതേ അറിയൂ. അതുകൊണ്ട് മിമിക്രിയായി തോന്നുന്നതെല്ലാം ഇഷ്ടമാണ്..

സൈനുദ്ദീന്റെ സംസാരം ഒരു കടിച്ചു പിടിച്ച രീതിയിലാണ്. അക്ഷരങ്ങളെ പല്ലുകൾക്കിടയിൽ പറ്റിപ്പിടിപ്പിച്ചാണ് സൈനുദ്ദീൻ സംസാരിക്കുക. പുറത്തേക്ക് വരുന്ന വാക്കുകൾക്ക് മിക്കവാറും ഒടിവും ചതവും കാണും. വാക്കുകളിലെ ആ ചതവും വേഗതയും തന്നെയാണ് സൈനുദ്ദീനെ വ്യത്യസ്ഥനാക്കുന്നതും.

നവോദയ സ്റ്റൂഡിയോയിൽ ത്രീഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുങ്ങുന്ന സമയമായിരുന്നു അത്. സ്റ്റൂഡിയോക്കകത്ത് മന്ത്രവാദി കുട്ടിച്ചാത്തനെ തടവിലാക്കിയ വലിയൊരു പഴയ കെട്ടിടത്തിൽ ചിത്രീകരണം നടക്കുന്ന ദിവസങ്ങൾ. സിനിമക്കാവശ്യമായ മറ്റു സെറ്റുകളും സ്റ്റൂഡിയോക്കുള്ളിൽ തന്നെയാണ്. അതിൽ ഒരു ബാറും, ഭാരതത്തിൽ തന്നെ ആദ്യമായി ഉണ്ടാക്കിയ വലിയൊരു റിവോൾവിങ്ങ് സെറ്റും ഉണ്ട്. ആ റിവോൾവിങ്ങ് സെറ്റിനകത്ത് വലിയ മുറിയും മുറി നിറയെ സാധനങ്ങളുമാണ്. അതങ്ങിനെ കറങ്ങും. ഗുരുത്വാകർണ വിസ്മയം ത്രിമാനത്തിൽ പകർത്താനായി ശ്രീ ജിജോയുടെയും കലാസംവിധായകൻ ശ്രീ ശേഖറിന്റെയും തലയിൽ ഉദിച്ച ആശയമായിരുന്നു അത്.

തിരക്കഥയിൽ അതിനനുസരിച്ചുള്ളൊരു ഭാഗം എന്നിൽ നിന്നും പകർന്നു കിട്ടിയപ്പോൾ അതവർക്ക് എളുപ്പമായി. അങ്ങിനെ ഭാരതത്തിലെ പ്രഥമ ത്രിമാന ചലചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ തിരക്കും ബഹളവും വിയർപ്പും അമ്പരപ്പും ആഹ്‌ളാദവും നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് ശ്രീ സൈനുദ്ദീൻ എന്ന കലാഭവൻ മിമിക്രിക്കാരൻ എന്റെ മുന്നിലേക്ക് വരുന്നതും, മിമിക്രിയേ അറിയൂ അതുകൊണ്ട് മിമിക്രിയായി തോന്നുന്നതെല്ലാം ഇഷ്ടമാണെന്ന്.. പറയുന്നതും.

കുട്ടിച്ചാത്തനിൽ മൂന്ന് കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ. അതിൽ ഒരാൾ പെൺകുട്ടിയാണ്. പെൺകുട്ടിക്ക് അഛനുണ്ട്. അമ്മ മരിച്ചുപോയി. അഛൻ നല്ലൊരു ചിത്രകാരനും മദ്യപനുമാണ്. അച്ഛൻ മദ്യപിക്കാൻ പോകുന്ന ബാറിൽ ധാരാളം മദ്യപന്മാർ വരും. അച്ഛന്റെ മദ്യപാനം അവസാനിപ്പിക്കാനായി മകൾക്കൊപ്പം വരുന്ന കട്ടിച്ചാത്തൻ അവിടെ ഉണ്ടാക്കുന്ന പുകിലുകൾ സിനിമയിലെ ഒരു പ്രധാന ഭാഗമാണ്. അവിടെയുള്ള മദ്യപന്മാരും ജോലിക്കാരും അതിൽ പങ്കാളികളാവും. അതിനായി ധാരാളം കലാകാരന്മാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്കിടയിലാണ് സൈനുദ്ദീൻ വരുന്നത്. അങ്ങിനെ സൈനുദ്ദീൻ കുട്ടിച്ചാത്തനിലെ ബാർ ജോലിക്കാരനായി.

സിനിമയിൽ സൈനുദ്ദീൻ ആദ്യമായി ചെയ്യുന്ന വേഷമായിരുന്നു അത്. നിഷ്‌ക്കളങ്കവും പരിശുദ്ധവുമായ ഒരു നർമ്മം സൈനുദ്ദീനിൽ ഉണ്ടായിരുന്നു. തന്റെ പരിമിതികൾ അറിയാമായിരുന്നു. ചിത്രീകരണം കഴിഞ്ഞ് പോകും നേരം എനിക്കരികിൽ വന്ന സൈനുദ്ദീന്റെ മനസ്സ് നിറയെ സന്തോഷമായിരുന്നു.

കുട്ടിച്ചാത്തനു ശേഷം ഒന്നു മുതൽ പൂജ്യം വരെ..യുടെ ജോലി നടക്കേ സൈനുദ്ദീൻ വീണ്ടും മുന്നിൽ വന്നു. പക്ഷെ സൈനുദ്ദീന് നൽകാനാവുന്ന ഒരു വേഷവും തിരക്കഥയിൽ ഇല്ലായിരുന്നു. സൈനുദ്ദീനോട് സത്യം പറഞ്ഞു.

ഇതിൽ വേഷമില്ല സൈനുദ്ദീനേ... .

ഇല്ലെങ്കിൽ സാരമില്ലെന്ന ഭാവത്തോടെ ആ പകൽ മുഴുവൻ സൈനുദ്ദീൻ എന്നെ വിട്ടു പോകാതെ എനിക്കൊപ്പം നടന്നു. ഇടക്കിടെ പൊട്ടിക്കുന്ന നർമ്മങ്ങളിൽ ആ മനസ്സിൽ വിങ്ങി നിൽക്കുന്ന ചില വേദനകളുടെ പൂത്തിരികൾ എനിക്കു ചുറ്റും വിടരുന്നത് ഞാൻ കണ്ടു. സൈനുദ്ദീനു കടന്നു പോകാവുന്ന ഒരു വാതിലും എനിക്കു മുന്നിൽ ഉണ്ടായിരുന്നില്ല. ഉള്ളിലെ ആ വേദന കാണാതിരിക്കാനും സാധിക്കുന്നില്ല.

വേഷമുണ്ടോ എന്നറിയാൻ ദിവസവും സൈനുദ്ദീൻ എന്റെ മുന്നിൽ വരും. സൈനുവിനെ കണ്ടിട്ടെങ്കിലും വല്ല വേഷവും വരട്ടെ എന്നവൻ ചിന്തിച്ചു കാണും. ഒടുക്കം ചിത്രീകരണം തുടങ്ങുന്ന ദിവസമായി. അന്നും സൈനു മുന്നിൽ വന്നു നിന്നു. ആ നിൽപ്പ് വല്ലാത്തൊരു നിൽപ്പായിരുന്നു. അവൻ ധരിച്ചിരിക്കുന്നതു മുഴുവൻ അവൻ അനുഭവിക്കുന്ന വിഷമങ്ങളാണെന്ന് എനിക്ക് തോന്നി. ഞാൻ രണ്ടും കൽപ്പിച്ച് ചോദിച്ചു.

അഭിനയം നടക്കില്ല. പകരം നീ എന്റെ അസിസ്റ്റന്റാവുന്നോ..?

സൈനുദ്ദീൻ തെല്ലിട നേരം മൈക്ക് പോയ മമിക്രി ശബ്ദംപോലെ നിന്നു. പിന്നെ കരയുംപോലെ പറഞ്ഞു.

എനിക്കൊന്നും അറിയില്ല സാർ. പഠിപ്പിച്ചു തന്നാ പഠിക്ക്യോ..? ഞാനൊരു മണ്ടനാണ്. പെട്ടെന്ന് മറക്കും. അത് സാരല്ല്യ. ഞാനും മറക്കും. സൈനുദ്ദീൻ മറയില്ലാതെ ചോദിച്ചു.

സാറിനെന്താ ഒരു പേടീം ഇല്ലാത്തെ..? എനിക്ക് സാറിനെ വല്ല്യ പേടിയാണ്. പേടിച്ചോണ്ടാണ് ഇത്രേം ദിവസം കാണാൻ വന്നത്. എന്നെ പേടി ഇല്ലാത്തതുകൊണ്ടാണോ സാറെന്നോട് ഇങ്ങിനെ ചോദിക്കുന്നത്..?!

സൈനുദ്ദീന്റെ കണ്ണു നിറഞ്ഞു. സൈനുദ്ദീൻ മിമിക്രി മറന്നു. കുറച്ചു ദിവസം അവനൊരു ജോലി. അതീന്നു കിട്ടുന്ന പ്രതിഫലം. അത്രയേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. ചിത്രീകരണ ദിവസം മിമിക്രി ഉണ്ടെങ്കിൽ പോയ്‌ക്കോളാൻ പറഞ്ഞു. കലാഭവനാണ്. അവിടത്തെ തലവൻ വളരെ കണിശക്കാരനാണ് എന്നൊക്കെ സൈനുദ്ദീൻ തന്നെ പറഞ്ഞിട്ടുണ്ട്.

ആദ്യ ദിവസം എങ്ങിനെ അസിസ്റ്റന്റാവണം എന്നറിയാതെ സൈനുദ്ദീൻ എനിക്കു ചുറ്റും പരക്കം പാഞ്ഞു. ഞാനവനൊരു നോട്ടു പുസ്തകം കൊടുത്തു. ഒരു പെന്നും. ഓരോ ഷോട്ടിലും അവനു ചുറ്റും എന്തു നടക്കുന്നുവെന്ന് എഴുതിയും വരച്ചും വെക്കാൻ പറഞ്ഞു. അവൻ എഴുതും വരക്കും. പിന്നെ നോട്ടു പുസ്തകം ചുരുട്ടിപ്പിടിച്ചങ്ങനെ സെറ്റിൽ നടക്കും. ഇടക്കെങ്ങാനും കഴിഞ്ഞതിന്നു മുൻപത്തെ ഷോട്ടിന്റെ വിശദാംശങ്ങൾ ചോദിച്ചാൽ സൈനുദ്ദീൻ കരയും. ഷൂട്ടിങ്ങ് തീരും വരെ ആ നോട്ട് പുസ്തകം അവൻ ചുരുട്ടി പിടിച്ചിരുന്നു. നിറയെ എഴുതിയിരുന്നു. എന്നാൽ അതിലെ ഒരക്ഷരംപോലും എനിക്കോ അവനോ മനസ്സിലായിരുന്നില്ല. ഒടുക്കം അവൻ തന്നെ ചോദിച്ചു.

ഞാനെന്താ സാറേ ഈ എഴുതിം വരച്ചും വെച്ചത്. ഇതാണോ സാറിന്റെ സിനിമ..?

സൈനുദ്ദീൻ എന്നെക്കാൾ ഭാഗ്യവാനായിരുന്നു. ചിത്രീകരണത്തിനിടയിൽ ഞാൻ പോലും പ്രതീക്ഷിക്കാതെ പലയിടത്തായി ഏഴ് ചെറു വേഷങ്ങൾ സൈനുദ്ദീനു നൽകാൻ എനിക്ക് സാധിച്ചു. ഒരു വേഷത്തിൽ അവൻ ആഗ്രഹിച്ചപോലെ സംഭാഷണവും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞതോടെ സൈനുദ്ദീന് ചിത്രീകരണം കാണാൻ വന്ന മറ്റൊരു സംവിധാകന്റെ സിനിമയിൽ വേഷം കിട്ടി. പിന്നെ വേഷങ്ങളോടു വേഷങ്ങളായി. സൈനുദ്ദീൻ മലയാളത്തിലെ അറിയപ്പെടുന്ന നടനായി. ഒരിക്കൽ കാതിൽ വീണ അവന്റെ ശബ്ദത്തിൽ വീടു വെച്ചതും വാഹനം വാങ്ങിയതും ട്രൂപ്പുണ്ടാക്കിയതും എല്ലാം ഞാൻ കേട്ടു. അവൻ അഭിനയിക്കുന്നത് കാണാൻ ഞാനൊരു സെറ്റിൽ ചെന്നു. കഥാപാത്ര വേഷത്തിൽ മുന്നിൽ വന്നു കൈ രണ്ടും ചേർത്ത പിടിച്ച ആ സൈനുദ്ദീൻ സ്പർശം ഇതാ ഈ അക്ഷരങ്ങൾ എനിക്കിപ്പോൾ തരുന്നു.

കുറെക്കാലം അവൻ എഴുതിയ നോട്ടു പുസ്തകം എന്റെ ശേഖരത്തിൽ ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ അവൻ മാഞ്ഞപോലെ ആ പുസ്തകവും മാഞ്ഞു.

ഞാൻ ഓർക്കുന്നു, ചില താളുകളിൽ അവൻ എഴുതിയത് വീട്ടിലേക്ക് വാങ്ങേണ്ട അത്യാവശ്യ സാധനങ്ങളായിരുന്നു.

Your Rating: