Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ മൾട്ടിപ്ലക്സ് കൊള്ള; ടിക്കറ്റുകൾക്ക് തോന്നിയ നിരക്ക്

kerala-multiplex-theatre

മൾട്ടിപ്ലക്സ് കൊള്ള ലീഗൽ മെട്രോളജി അറിഞ്ഞത് ഇപ്പോൾ മാത്രം. സിനിമക്കനുസരിച്ചും ദിവസങ്ങൾക്കനുസരിച്ചും തോന്നിയ ടിക്കറ്റ് നിരക്കാണു കേരളത്തിൽ മൾട്ടിപ്ലക്സുകൾ ഈടാക്കുന്നത്. 120 മുതൽ 250 വരെയാണു മിക്ക മൾട്ടിപ്ലക്സുകളിലേയും നിരക്ക്. ചില മൾട്ടിപ്ലക്സുകളിൽ റിലീസ് ദിവസമാണെങ്കിൽ 180 രൂപയുടെ ടിക്കറ്റ് മാത്രമാണു വിൽക്കുന്നത്. ഇത് കൂടാതെയാണു 50 രൂപയുടെ മിനറൽ വാട്ടറും 150 രൂപയുടെ പോപ് കോണും. ചോദ്യം ചെയ്യുന്നവരോടു ലക്‌‌ഷ്വറി ടാക്സ് ഇനത്തിലാണു പണമീടാക്കുന്നതെന്ന വരട്ടു ന്യായമാണു അധികൃതർ നിരത്തുക.

കേരളത്തിൽ തോന്നിയ നിരക്കാണു തിയറ്ററുകൾ ഈടാക്കുന്നതെങ്കിൽ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ മൾട്ടിപ്ലക്സിൽ നിശ്ചിത നിരക്കിൽ കൂടുതൽ വാങ്ങാൻ കഴിയില്ല. 120 രൂപയാണു പരമാവധി ഈടാക്കാൻ കഴിയുന്ന തുക. ചെന്നൈയിലെ സത്യം, എസ്കേപ്പ് തുടങ്ങി പ്രമുഖ മൾട്ടിപ്ലക്സുകളിലെല്ലാം 120 രൂപ മാത്രമാണു ടിക്കറ്റ് നിരക്ക്. സർക്കാർ തീരുമാനം അനുസരിച്ചു തിയറ്ററിലെ ആദ്യ വരി സീറ്റുകൾ 10 രൂപയ്ക്കു പാവങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു. ബാക്കിയെല്ലാം സീറ്റുകളും 120 രൂപ ടിക്കറ്റിൽ ലഭിക്കും. തമിഴ്നാട്ടിൽ 120 രൂപയ്ക്കു സിനിമ പ്രദർശിപ്പിക്കുന്നവർ തന്നെയാണു കേരളത്തിൽ വന്നു ജനങ്ങളെ പിഴിയുന്നത്.

നഗരസഭകൾ സീലടിച്ചു നൽകിയ ടിക്കറ്റുകളാണു തിയറ്ററുകൾ പ്രേക്ഷകർക്കു നൽകുന്നത്. സാധാരണ തിയറ്ററുകളിൽ നിശ്ചിത നിരക്കിലുള്ള ടിക്കറ്റുകൾക്കു സീലടിക്കുന്നതു മനസ്സിലാക്കാമെങ്കിലും ഒരോ സമയത്തും ഒരോ നിരക്ക് ഈടാക്കുന്ന മൾട്ടിപ്ലക്സുകളിൽ നിന്നു നഗരസഭകൾ എങ്ങനെയാണു നികുതി പിരിക്കുന്നതെന്നു വ്യക്തമല്ല. കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനോട് ചോദിച്ചപ്പോൾ നഗരസഭയിലുള്ളവരെ കാണേണ്ട പോലെ കണ്ടാൽ എന്തു നടക്കുമെന്നാണു മറുപടി ലഭിച്ചത്.

മൾട്ടിപ്ലക്സിൽ ഭക്ഷണ സാധനങ്ങളുടെ വില സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുന്നില്ലെങ്കിൽ സാധാരണ തിയറ്ററുകളിലും സമാനമായ സ്ഥിതിയാണു നിലനിൽക്കുന്നത്. 12 രൂപ എംആർപിയുള്ള ടെട്ട്രാപായ്ക്ക് ജ്യൂസുകൾ 20 രൂപയ്ക്കും 10 രൂപയുടെ പഫ്സ് 20 രൂപയ്ക്കും 35 രൂപ എംആർപിയുള്ള സോഫ്റ്റ് ഡ്രിങ്കുകൾ 50 രൂപയ്ക്കുമാണു തിയറ്ററുകളിൽ വിറ്റഴിക്കുന്നത്. മിക്ക തിയറ്ററുകളിലും തമിഴ് തൊഴിലാളികൾക്കു സ്നാക് ബാർ കരാർ നൽകിയിരിക്കയാണു തിയറ്ററുടമകൾ. നികുതി വെട്ടിയ്ക്കുന്നതിൽ നഗരസഭകളും തിയറ്ററുകളും ഒത്തുകളിക്കുന്നതിനാൽ ഇതൊന്നും ചോദ്യം ചെയ്യാൻ ആർക്കും കഴിയാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്്.

അവശകലാകാരൻമാരുടെ ക്ഷേമനിധി മുതൽ ചലച്ചിത്ര വികസന കോർപറേഷനുള്ള പണം വരെ ടിക്കറ്റിനൊപ്പം സെസിനത്തിൽ പ്രേക്ഷകനെ പിഴിഞ്ഞാണു ഇപ്പോൾ വാങ്ങുന്നത്. മൂന്നു രൂപ വീതമാണു കഴിഞ്ഞിടെ ഇത്തരത്തിൽ സംസ്ഥാനത്തു കൂട്ടിയത്. താരങ്ങളെ സഹായിക്കാൻ താരങ്ങളുടെ സംഘടനയായ അമ്മയുള്ളപ്പോൾ സിനിമ കാണുന്ന പ്രേക്ഷകൻ അതിനു പണം നൽകണമെന്നു പറയുന്നതു കടന്ന കൈയ്യാണെന്നു സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും.

കേരളത്തിൽ നിർമാതാക്കൾക്കും വിതരണക്കാർക്കും മൾട്ടിപ്ലക്സ് ഉടമകൾക്കും കലാകാരൻമാർക്കുമെല്ലാം സംഘടനകളുണ്ടെങ്കിലും പ്രേക്ഷകർക്കു മാത്രമാണു സംഘടനയില്ലാത്തത്. അത് വരെ എല്ലാവരുടെയും കറവപ്പശുവായി പാവം പ്രേക്ഷകൻ തുടരും. തിയറ്ററുകളിലെ അമിത നിരക്കു മൂലം കൂടുംബങ്ങൾ തിയറ്ററിൽ പോകാത്ത സ്ഥിതി നഗരങ്ങളിലുണ്ട്. നാലു പേർ തിയറ്ററിൽ സിനിമ കാണാൻ പോയാൽ 1000 രൂപ പൊടിയുമെന്നതിനാൽ സുഭാഷ് പാർക്കിൽ പോയിരിക്കുന്നതാണു ലാഭമെന്നു ചിന്തിക്കുന്ന ഒട്ടേറപ്പെർ നമ്മുടെ ഇടയിലുണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. 

Your Rating: