Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി തന്നെ മമ്മൂട്ടി

mammootty-rajnikanth

അതെ, അക്കാര്യം ഉറപ്പായി. തമിഴിൽ സാക്ഷാൽ രജനികാന്ത് തന്നെ ഭാസ്കരനാകും ! സിദ്ദീഖ് - മമ്മൂട്ടി കൂട്ടുകെട്ടൊരുക്കിയ ‘ഭാസ്കർ ദ് റാസ്കൽ’ തമിഴിലേക്കു റീമേക്ക് ചെയ്യുമെന്നു ചിത്രം ബോക്സ് ഓഫിസിൽ ഹിറ്റായ നാൾ മുതൽ അണിയറ വാർത്തകൾ സജീവമായിരുന്നു.

പല നായകരുടെയും പേരുകളും ഉയർന്നു. രജനി മുതൽ അജിത് വരെ നീണ്ടു ആ പട്ടിക. ഒടുവിൽ, അഭ്യൂഹങ്ങൾക്കു തിരശീലയിടുകയാണു സിദ്ദീഖ്. ‘‘ അജിത്തല്ല, ഭാസ്കർ ചെയ്യുന്നത്. രജനിയാണ്. അദ്ദേഹം ചിത്രം കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. നിർമാതാവും റെഡിയാണ്. അഡ്വാൻസും തന്നു. ഇനി, ചിത്രീകരണം തുടങ്ങണം. മിക്കവാറും അടുത്ത വർഷമാകും ഷൂട്ട് തുടങ്ങുക. രജനിയുടെ ഡേറ്റ് ലഭിക്കണം. അദ്ദേഹം തമിഴ് ചിത്രം ‘കബലി’യുടെ ചിത്രീകരണം കഴിഞ്ഞതേയുള്ളൂ. ഇനി, ഷങ്കറിന്റെ യന്ത്രിരന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങാണു പൂർത്തിയാകാനുള്ളത്.

sidhiq-mammootty

അതിനുശേഷമേ ഭാസ്കർ റീമേക്കിനായി അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുകയുള്ളൂ. അടുത്ത വർഷത്തേക്കു പടം തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.’’ രജനിയെ നായകനായി ചിത്രമൊരുക്കുകയെന്ന അപൂർവ അവസരം കൂടിയാണു സിദ്ദിഖിനെ കാത്തിരിക്കുന്നത്. 18 വർഷത്തിനു ശേഷം ലാലുമായി ഒന്നിക്കുന്ന കിങ് ലയർ, ബോഡി ഗാർഡിനു ശേഷം ദിലീപിനെ നായകനാക്കി പുതിയ ചിത്രം. സിദ്ദീഖ് തിരക്കിലാണ്. പുതിയ ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം മനോരമയോട്.

ഭാസ്കർ തമിഴിലെത്തുമ്പോൾ

തീർച്ചയായും തമിഴ് പ്രേക്ഷകരുടെ താൽപര്യം കൂടി കണക്കിലെടുത്തുള്ള മാറ്റങ്ങളുണ്ടാകും. പ്രത്യേകിച്ചും, ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. പേരിലും മാറ്റമുണ്ടാകും. തമിഴ് തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. രജനിക്കായി കാത്തിരിക്കുകയാണ്. എന്തായാലും, തമിഴ് റീമേക്കിനു ശേഷം മാത്രമേ ഹിന്ദി, തെലുങ്ക് റീമേക്കുകൾ ചെയ്യുന്നുള്ളൂ. പലരും റീമേക്ക് അവകാശം ചോദിച്ചുവെങ്കിലും കൊടുത്തിട്ടില്ല.

മലയാളത്തിൽ

ലാലുമൊത്തു ചെയ്യുന്ന കിങ് ലയർ മിക്കവാറും ഏപ്രിലിൽ തിയറ്ററുകളിലെത്തും. ഒരുപാടു വർഷങ്ങൾക്കു ശേഷമാണു ഞാനും ലാലും ചേർന്നു സിനിമ ചെയ്യുന്നത്. ലാലാണു സംവിധാനം, ഞാൻ തിരക്കഥയും. മാന്നാർ മത്തായി സ്പീക്കിങ്ങാണ് ഒടുവിൽ ഞങ്ങൾ ഒരുമിച്ചു ചെയ്തത്. അതിനുശേഷം, ഹിറ്റ്ലറും ഫ്രണ്ട്സും ഞാൻ ഒറ്റയ്ക്കാണു ചെയ്തതെങ്കിലും ലാൽ നിർമാതാവായി ഒപ്പമുണ്ടായിരുന്നു. കിങ് ലയർ സിദ്ദീഖ് - ലാൽ ബ്രാൻഡിലുള്ള ചിത്രമാണ്. കോമഡിക്കു പ്രാധാന്യമുള്ള സിനിമ.

വീണ്ടും ദിലീപിനൊപ്പം

അതെ. എന്റെ പുതിയ ചിത്രത്തിൽ നായകൻ ദിലീപാണ്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഹ്യൂമറിന്റെ പശ്ചാത്തലം തന്നെയാണ് ഈ സിനിമയ്ക്കും. ഡിസംബറിൽ ഷൂട്ടിങ് തുടങ്ങാനാണു ശ്രമം. ഈ ചിത്രം പൂർത്തിയാക്കിയ ശേഷമാകും ഭാസ്കറിന്റെ തമിഴ് റീമേക്ക്.

∙ഒന്നൊഴികെ, ചെയ്ത ചിത്രങ്ങളെല്ലാം മറ്റു ഭാഷകളിലേക്കു റീമേക്ക് ചെയ്യപ്പെടുകയും അവയെല്ലാം സൂപ്പർ ഹിറ്റാകുകയും ചെയ്ത ചരിത്രമാണു സിദ്ദീഖിന്റേത്. ഫ്രണ്ട്സ് മുതൽ ബോഡി ഗാർഡ് വരെയുള്ള ചിത്രങ്ങൾ പല ഭാഷകളിലും സിദ്ദീഖിനു പ്രശസ്തി നൽകി. മോഹൻലാൽ നായകനായ ‘ലേഡീസ് ആൻഡ് െജന്റിൽമാൻ’ മാത്രമാണു മറ്റു ഭാഷകളിലേക്കു റീമേക്ക് ചെയ്യാതിരുന്നത്. അതിനു വ്യക്തമായ കാരണവുമുണ്ട്, സിദ്ദീഖിനു പറയാൻ.‘‘ ആ ചിത്രത്തിന്റെ റീമേക്ക് അവകാശം പലരും ചോദിച്ചിരുന്നു. മലയാളത്തിനു മാത്രം ചേരുന്ന വിഷയമായിരുന്നു അത്. നാടകീയതയുടെ അംശം കുറവുള്ള ചിത്രമായതിൽ തമിഴിലും തെലുങ്കിലുമൊക്കെ എത്ര കണ്ടു സ്വീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല.’’