Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ‍ൃദയത്തിൽ സൂക്ഷിക്കാം രാജേഷ് പിള്ളയെ

rajesh-pillai-image

സിനിമ രാജേഷ് പിള്ളയ്ക്ക് ജീവിതത്തെക്കാൾ വലുതായിരുന്നു. സിനിമയായിരുന്നു അദ്ദേഹം ശ്വസിച്ചതും ഉച്ഛ്വസിച്ചതും. സിനിമയ്ക്കായി അദ്ദേഹം ജീവിച്ചു ഇപ്പൊ ദാ സിനിമയ്ക്കായി തന്നെ മരിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ചോദിച്ചു വാങ്ങിയ മരണം.

ഒരു ചെറിയ പനി വന്നാൽ പോലും രണ്ടു ദിവസം ലീവെടുത്ത് ജോലിയുടെ ടെൻഷൻ ഒഴിവാക്കി വീട്ടിലിരിക്കുന്നവരാണ് മലയാളികൾ. ഡോക്ടർമാർ കർശന വിശ്രമം നിർദേശിച്ചിട്ടും എന്തിനാണ് രാജേഷേട്ടാ നിങ്ങൾ സിനിമയെടുക്കാൻ പോകുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ഉടൻ മറുപടി എത്തി. അതിന് സിനിമ എന്റെ ജോലിയല്ലല്ലോ. ഇതെന്റെ ജീവനാണ്. ജീവിതമാണ്. എന്നെ മുന്നോട്ട് നയിക്കുന്ന വെളിച്ചമാണ്. ഇതു വിട്ടിട്ട് വീട്ടിലിരിക്കാൻ എനിക്കാവുമോ ? ഇല്ല ഒരിക്കലും പറ്റില്ല. സിനിമ വിട്ട് രോഗത്തിന്റെ പിറകെ പോകാൻ അദ്ദേഹത്തിനാവില്ലായിരുന്നു.

രാജേഷ് പിള്ള മദ്യം കൈ കൊണ്ട് പോലും തൊട്ടിട്ടില്ല. സിനിമ മാത്രമാണ് അദ്ദേഹത്തെ മത്തു പിടിപ്പിച്ചത്. അതിനിടെ ശരീരവും ആരോഗ്യവും ഭക്ഷണവും ശ്രദ്ധിക്കാതായതോടെയാണ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് അദ്ദേഹത്തെ പിടി കൂടിയത്. എന്നിട്ടും അദ്ദേഹം തളർന്നില്ല. ഒരുതരത്തിൽ രോഗത്തെ അദ്ദേഹം അവജ്ഞയോടെ അവഗണിക്കുകയായിരുന്നു.

rajesh

സിനിമയ്ക്കായി എത്ര സമയം മാറ്റി വയ്ക്കാനും എത്ര ബുദ്ധിമുട്ടാനും അദ്ദേഹം തയ്യാറായിരുന്നു. ചെറിയ ഷോട്ടുകൾ പോലും പൂർണതയിലെത്തിക്കാൻ എത്ര ടേക്ക് പോകാനും അദ്ദേഹത്തിനു മടിയില്ലായിരുന്നു. കഥാപാത്രത്തിന്റെ കണ്ണുകളും കൈവിരലുകളും പോലും എങ്ങനെയിരിക്കണമെന്ന വ്യക്തമായ ധാരണ രാജേഷിലെ സംവിധായകനുണ്ടായിരുന്നു.

വേട്ട എന്ന ചിത്രം ഷൂട്ട് ചെയ്തത് പലപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ നിന്ന് പോയി വന്നാണ്. രോഗം അതികഠിനമായി ശരീരത്തെ ആക്രമിച്ചപ്പോഴും തന്റെ സർഗശേഷിയെ അതു കീഴ്പ്പെടുത്താതിരിക്കാൻ അദ്ദേഹം ആവുന്നത് ശ്രമിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയപ്പോഴേക്ക് ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോഴും ചിത്രത്തിന്റെ എഡിറ്റിങ്ങിനെക്കുറിച്ചും മറ്റു ജോലികളെപ്പറ്റിയുമായിരുന്നു ചിന്തകളത്രയും. ഒടുവിൽ വിഷമതകൾക്കിടയിലും അദ്ദേഹം തന്റെ ചിത്രം പൂർത്തിയാക്കി.

വെള്ളിയാഴ്ച റിലീസ് െചയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ സെൻസറിങ് ബുധനാഴ്ച നടക്കുമ്പോൾ വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു.

rajesh-pillai

2005–ൽ പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയാണ് രാജേഷ് പിള്ള ആദ്യം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനവേഷത്തിലെത്തിയ ചിത്രം പക്ഷെ ബോക്സ് ഓാഫിസിൽ തിളങ്ങിയില്ല. പിന്നീട് 6 വർഷങ്ങൾക്ക് ശേഷം 2011–ലാണ് മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ട്രാഫിക്കുമായി അദ്ദേഹം എത്തിയത്.

സിനിമ ചരിത്രമായെന്നു മാത്രമല്ല ആദ്യ സിനിമ പരാജയപ്പെട്ട ഫിലിംമേക്കറുടെ ഗംഭീര തിരിച്ചു വരവിനും മലയാള സിനിമ സാക്ഷിയായി. പിന്നീട് ട്രാഫിക്ക് ഹിന്ദിയിൽ‌ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കുറച്ചു കാലത്തേക്ക് ബോംബെയിലേക്ക് താമസം മാറി. എന്നാൽ ഹിന്ദിയിൽ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. 2 വർഷത്തോളം അതിന്റെ ഷൂട്ടിങ്ങിനായി മാറ്റി വച്ചെങ്കിലും ഇന്നേ വരെ ചിത്രം റിലീസ് ചെയ്തിട്ടില്ല.

vettah-rajesh

തിരികെ വന്നപ്പോഴേക്ക് അസുഖം അൽ‌പം കൂടി തീവ്രമായി അലട്ടി തുടങ്ങിയിരുന്നു. എന്നിട്ടും അത് വക വയ്ക്കാതെ അമല പോൾ നിവിൻ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിലി എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ രോഗവും കലശലായി. ഡോക്ടർമാർ കർശനമായി വിശ്രമം നിർദേശിച്ചിരുന്നെങ്കിലും അത് വക വയ്ക്കാതെ വീണ്ടും തന്റെ ജീവനായ സിനിമയ്ക്ക് പിന്നാലെയായി രാജേഷിന്റെ യാത്ര.

rajesh-pillai-manju

ആശുപത്രയിലാകും മുമ്പും വേട്ടയെക്കുറിച്ചായിരുന്നു ആധി മുഴുവൻ. തന്റെ കരിയറിലെ മികച്ച സിനിമയാകും ഇതെന്നും ചാക്കോച്ചൻ ഞെട്ടിക്കുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യം തീരെ അനുവദിക്കാഞ്ഞിട്ടും വേട്ടയ്ക്കൊപ്പം ആദ്യാവസാനം രാജേഷ് ഉണ്ടായിരുന്നു. സിനിമയ്ക്കൊപ്പമുണ്ടായ ആ സാന്നിധ്യമാണ് ഇൗ ലോകത്തിലെ അദ്ദേഹത്തിന്റെ ബാക്കിയുള്ള വർഷങ്ങൾ വെട്ടിച്ചുരുക്കിയത്. മോട്ടോർ സൈക്കിൾ ഡയറീസ്, ലൂസിഫർ തുടങ്ങി പിറക്കേണ്ടിയിരുന്ന ഒരുപാട് ചിത്രങ്ങളെ ചാപിള്ളകളാക്കിയതും. ഹ‍ൃദയത്തിൽ സൂക്ഷിക്കാം നമുക്ക് രാജേഷ് പിള്ളയെ. പ്രണാമം.

Your Rating: