Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ ഞങ്ങളുടെ ആഹ്ലാദത്തിന് മുറിവേൽപ്പിച്ചു: രഞ്ജിത്

ranjith

ലീലയുടെ വ്യാജപ്രിന്റ് ഇറക്കിയതിന് പിന്നിലും സിനിമയെ തകർക്കാൻ ശ്രമിക്കുന്ന കറുത്ത കൈകളാണെന്നും അതിന് പിന്നിൽ ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും സംവിധായകൻ രഞ്ജിത് പറയുന്നു. ലീല തിയറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുന്നതിന് മുൻപേ ചിത്രത്തിന്റെ വ്യാജപ്രിന്റ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതിനെതിരെ സൈബർസെല്ലിൽ പരാതി നൽകിയെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രഞ്ജിത് പറയുന്നു.

രഞ്ജിത്തിന്റെ വാക്കുകളിലേയ്ക്ക്–

‘കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും ജീവിക്കുന്ന വലിയ പ്രവാസി സമൂഹത്തിന് മുന്നിലും ഈ സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാനും എന്റെ സഹപ്രവർത്തകരും. എന്നാൽ ഇന്നലെ രാത്രിയാണ് ഈ ആഹ്ലാദത്തെ മുറിവേൽപ്പിക്കുന്ന രീതിയിൽ ചിലരുടെ ശ്രമമുണ്ടായത്.

ഏതെല്ലാമോ മാർഗങ്ങൾ ഉപയോഗിച്ച് അവർ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തു. ഈ പൈറസി മലയാളസിനിമ എന്നും നേരിടുന്നതാണ്. ഈ അവസരത്തിൽ പ്രത്യേകിച്ചും. സിനിമ ദേശം കടന്ന് കടലും കടന്ന് മറ്റ് ഭൂഖണ്ഡങ്ങളിലെ പ്രേക്ഷകരിലെത്തുന്ന സമയത്ത് അത് തകർക്കാൻ ശ്രമിക്കുന്ന കറുത്ത കൈകൾ ആരൊക്കെയാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും. അവർക്കെതിരെ നിയമനടപടി ഉണ്ടാകും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞു. നിമയത്തിന്റെ വഴിയിൽ അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കും. ദയവ് ചെയ്ത് ഈ ശ്രമത്തിന് ഒപ്പം നിങ്ങൾ ചേരാൻ പാടില്ല. സിനിമയെ സ്നേഹിക്കുന്നവർ അതിന് മുതിരരുത്.

ലോകത്തിന്റെ വലിയൊരു വാതിലാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. അത് അടച്ചുകളയാനാണ് ഇത്തരം ശക്തികൾ ശ്രമിക്കുന്നത്. മറ്റ് മാർഗങ്ങളിലൂടെ ഇതിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളോട് ഒന്നും പറയാനില്ല. ഏറെ തടസങ്ങളും യുദ്ധങ്ങളും കടന്നാണ് ഈ സിനിമ പ്രേക്ഷകന് മുന്നിൽ എത്തിച്ചത്.

നിങ്ങൾ എല്ലാവരും തിയറ്ററിലും ഓൺലൈനിലൂടെയും സിനിമകാണുക. വിലയിരുത്തുക. നല്ല സിനിമാശ്രമങ്ങൾക്കൊപ്പം പ്രേക്ഷകർ നിൽക്കുക. രഞ്ജിത് പറഞ്ഞു.

Your Rating: