Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കൽ നീതി നിങ്ങളെ തേടി വരും...

ravindra-patil-salman രവീന്ദ്ര പാട്ടീൽ (ഇടത്), സൽമാൻ ഖാൻ (വലത്)

കോടതി മുറിയിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തേക്ക് വരുമ്പോൾ അഭിമാനം കൊണ്ട് സൽമാൻ‌ ഖാന്റെ ശിരസ്സ് ഉയർന്നിരുന്നില്ല. 13 വർഷങ്ങൾ നീണ്ട, കോടതികൾ പലതു കയറിയിറങ്ങിയ കേസിനൊടുവിൽ ബോളിവുഡിന്റെ മോസ്റ്റ് എലിജിൾ ബാച്ചിലർ ‘അഗ്നി ശുദ്ധി’ വരുത്തി തിരിച്ചെത്തിയെങ്കിലും സാധാരണക്കാരന്റെ മനസ്സിൽ ആ കളങ്കം എന്നും നിലനിൽക്കും. നീതി നടപ്പായോ എന്ന സംശയം അവന്റെ ഉള്ളിൽ ബാക്കിയാകും.

കേസിലെ ഏറ്റവും പ്രധാന സാക്ഷിയായ സൽമാൻ ഖാന്റെ സുരക്ഷാ ഭടൻ രവീന്ദ്ര പാട്ടീലിന്റെ മൊഴി ഭാഗികമായി മാത്രമേ വിശ്വസിക്കാനാകൂ എന്നതിനിലാണ് സൽമാൻ കുറ്റവിമുക്തനാക്കപ്പെട്ടത്. പൂർണ വിശ്വാസത്തിലെടുക്കാവുന്ന സാക്ഷിയല്ലത്രെ രവീന്ദ്ര പാട്ടീൽ.

കൈവിലങ്ങുകളെയും ജയിലറകളെയും മറികടന്നാലും മുന്നോട്ടുള്ള വഴികളിൽ രവീന്ദ്ര പാട്ടീൽ എന്ന ആ യുവാവിന്റെ ഗന്ധവും ആ ആത്മാവിന്റെ സാമീപ്യവും സൽമാനെ വേട്ടായാടിയേക്കാം. ആ ഒറ്റ അപകടം തകർത്ത ജീവിതത്തിനും നരകയാതന അനുഭവിച്ചുള്ള മരണത്തിനും എപ്പോഴെങ്കിലും സൽമാൻ ഉത്തരം പറയേണ്ടിയും വന്നേക്കാം.

2002 ഫെബ്രുവരി – താരത്തെ കാക്കാനെത്തിയ 24–കാരൻ

മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് നിരന്തരം വധഭീഷണി ഉണ്ടാകുന്നെന്ന് കാണിച്ച് സൽമാൻ ഖാൻ പൊലീസിന് പരാതി നൽകി. താരത്തിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയ പൊലീസ് അദ്ദേഹത്തിന് സേനയിൽ നിന്ന് തന്നെ ഒരു ബോഡി ഗാർഡിനെ ഏർപ്പാടാക്കി കൊടുത്തു. ആ നറുക്ക് വീണത് 24-കാരനായ രവീന്ദ്ര പാട്ടീൽ എന്ന യുവ കോൺസ്റ്റബിളിന്.

സുമുഖനും ആരോഗ്യവാനുമായ ആ ചെറുപ്പക്കാരൻ അങ്ങനെ സൽമാന്റെ സന്തത സഹചാരിയായി. പോകുന്നിടത്തൊക്കെ ഒരു നിഴൽ പോലെ അയാൾ സൽമാനെ പിന്തുടർന്നു. ആരം അടുത്ത് കാണാൻ കൊതിക്കുന്ന താരത്തിന്റെ കാവൽക്കാരന്റെ ജോലി പാട്ടീലിനും നന്നേ ബോധിച്ചു.

ravindra-patil

2002 സെപ്റ്റംബർ 28- കഥയിലെ വഴിത്തിരിവ്, ജീവിതത്തിലെയും

തീർത്തും നിർഭാഗ്യകരമായ ആ സംഭവം നടന്ന ദിവസം രാത്രി സൽമാൻ ജുഹുവിലുള്ള മാരിയറ്റ് ഹോട്ടലിലിരുന്ന് മദ്യപിക്കുകയായിരുന്നു. രവീന്ദ്ര പാട്ടീലാകട്ടെ പുറത്ത് സൽമാന്റെ കാറിലും. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് അതിവേഗതയിൽ കാറോടിച്ചപ്പോൾ തന്നെ രവീന്ദ്ര പാട്ടീൽ അദ്ദേഹത്തോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം വേഗത കുറയ്ക്കാൻ കൂട്ടാക്കിയില്ല. പിന്നീടാണ് അപകടം നടക്കുന്നത്.

അപകടമുണ്ടായ ശേഷവും സൽമാന് അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ ധൃതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാനായിരുന്നുവെന്ന് പാട്ടീൽ പിന്നീട് മൊഴി നൽകി. 8 മണിക്കൂറുകൾക്ക് ശേഷം സൽമാൻ അറസ്റ്റിലാകുമ്പോൾ നടത്തിയ പരിശോധനിയിൽ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അംശം 65 മില്ലീ ഗ്രാം ആയിരുന്നു. സൽമാനെതിരെ പാട്ടീൽ പൊലീസിൽ മൊഴി കൊടുക്കുകയും ചെയ്തു.

salman

ഇനി സിനിമയെ വെല്ലും സംഭവകഥ

നീതിന്യായ വ്യവസ്ഥിതിയുടെ കെടുകാര്യസ്ഥത കേസ് വലിച്ചു നീട്ടി. അതിനിടെ പ്രധാന സാക്ഷിയായ പാട്ടീലിനെ സ്വാധീനിക്കാൻ ‘പല വഴി പലർ’ ശ്രമിച്ചു. പക്ഷേ അദ്ദേഹം തന്റെ മൊഴിയിൽ ഉറച്ചു നിന്നു. പൊലീസ് സേനയിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരാൾക്ക് താങ്ങാവുന്നതിലധികമായി ആ ‘സ്വാധീനശ്രമങ്ങൾ’. സൽമാനാവട്ടെ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച വക്കീലിനെ കേസും ഏൽപിച്ചു. ഒടുവിൽ സമ്മർദ്ദം താങ്ങാനാവാതെ ഒരു നാൾ രവീന്ദ്ര പാട്ടീൽ എങ്ങോട്ടോ ഓടിപ്പോയി. പാട്ടീലിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

കേസിന്റെ വാദം കേൾക്കാനായി കോടതി കൂടിയപ്പോഴൊന്നും പാട്ടീൽ ഹാജരായില്ല. കേസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പാട്ടീലിന്റെ അഭാവത്തിൽ പൂർണമായി നിലച്ചു. ഒരു ലീവ് പോലും എഴുതി നൽകാതെ പോയ അദ്ദേഹം എവിടെയാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ഒടുവിൽ ആ കേസിന്റെ എഫ്ഐആർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ തന്നെ പാട്ടീലിനെതിരെ ഒരു അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചു.

പാട്ടീലിനെ പിടി കൂടാനായി പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിക്കപ്പെട്ടു. അധികം കഷ്ടപ്പെടാതെ തന്നെ അവർ അദ്ദേഹത്തെ മുംബൈയിലെ ഒരു ചെറുകിട ലോഡ്ജിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പാട്ടീലിനെ പിന്നീട് അർതർ റോഡ് ജയിലിലേക്ക് മാറ്റി. അദ്ദേഹം എന്തിന് ഓടിപ്പോയെന്നോ എങ്ങോട്ട് പോയെന്നോ ഒരു കോടതിയും ജഡ്ജിയും ചോദിച്ചില്ല.

ജയിലിൽ മറ്റു കൊടും കുറ്റവാളികൾക്കൊപ്പം ഒരു കുറ്റവും ചെയ്യാത്ത പാട്ടീലും കിടന്നു. ജയിൽ മോചിതനാക്കണമെന്ന് പല തവണ കോടതിയോടപേക്ഷിച്ചിട്ടും നീതി അവിടെയും കണ്ണടച്ചു. അവിടെ വച്ച് അദ്ദേഹത്തിന് ട്യൂബർകുലോസിസ് പിടിപെട്ടു. മാസങ്ങൾക്ക് ശേഷം പാട്ടീൽ ജയിൽ മോചിതനായി. തിരിച്ചെത്തിയ അദ്ദേഹത്തെ വീട്ടുകാർ സ്വീകരിച്ചില്ല. അതിനിടെ അദ്ദേഹത്തിന് തന്റെ ജോലിയും നഷ്ടമായിരുന്നു.

salman-accident

ആരോരുമില്ലാതായതോടെ പാട്ടീൽ വീണ്ടും എങ്ങോട്ടോ മറഞ്ഞു. 2007-ൽ മുംബൈയിലെ ഒരു തെരുവിൽ ഭിക്ഷ തെണ്ടിയിരുന്ന പാട്ടീലിനെ അദ്ദേഹത്തിന്റെ സുഹൃത്ത് തിരിച്ചറിഞ്ഞു. മതപ്രായനായ അദ്ദേഹത്തെ ആ സുഹൃത്ത് അവിടുത്തെ ഒരു സർക്കാർ ആശുപത്രിയിലാക്കി. അരോഗദൃഢഗാത്രനായിരുന്ന ആ ചെറുപ്പക്കാരൻ അപ്പോഴേക്ക് എല്ലുകൾ മാത്രമുള്ള വെറുമൊരു ശരീരമായി മാറിയിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം ഛർദ്ദിച്ച് നരകിച്ച് ഒടുവിൽ 2007 ഒക്ടോബർ 4-ന് അദ്ദേഹം ഇൗ ലോകത്തോട് വിട പറഞ്ഞു.

മരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് അദ്ദേഹം ആ സുഹൃത്തിനോട് പറഞ്ഞത് ഇതാണ്. ‘‘ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു. പക്ഷേ ഡിപ്പാർട്ട്മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്ക് എന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം’’. ആരും കേൾക്കാത്ത ഗദ്ഗദമായി ആ വാക്കുകൾ ഒടുങ്ങിയപ്പോഴും പുറത്ത് സൽമാന്റെ സിനിമകൾക്ക് ഹർഷാരവം മുഴക്കുകയായിരുന്നു ആരാധകർ.

salman-police

കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല

വിപ്ലവനായകന്റെ ഇൗ വാക്കുകൾ വെറും പറച്ചിലല്ല എന്നു രവീന്ദ്ര പാട്ടീൽ എന്ന ഇൗ പൊലീസുകാരന്റെ കഥ കേൾക്കുമ്പോൾ നമുക്ക് ബോധ്യമാകും. മനസ്സിൽ നായകന്റെ വേഷം ഉറപ്പിച്ച നടന് വില്ലന്റെ മുഖച്ഛായ കൊടുക്കാൻ ആരും ഇഷ്ടപ്പെടില്ല. പക്ഷേ സത്യത്തിന്റെ മുഖം എന്നും വികൃതമാണല്ലോ.

രവീന്ദ്ര പാട്ടീൽ ഞങ്ങൾക്കറിയാം താങ്കൾ സമാധാനത്തോടെയല്ല ഉറങ്ങുന്നതെന്ന്. പക്ഷേ ഒന്നുറപ്പ് പറയാം ഒരിക്കലും തളരാത്ത പോരാട്ട വീര്യത്തിന്റെ പര്യായമയി താങ്കൾ എന്നെങ്കിലും ഓർമിക്കപ്പെടും. ഒരു പക്ഷേ നായകൻ വില്ലനായ ഇൗ സംഭവ കഥയിൽ നിന്ന് നാളെ ഒരു സിനിമ തന്നെ പിറന്നേക്കാം. പക്ഷേ ഒന്നുറപ്പ് പറയാം. ‘‘ഇൻ ഫ്യൂച്ചർ യു വിൽ റെസ്റ്റ് ഇൻ പീസ്’’.