Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യും

hay

കലാഭവൻ മണിയുടെ മരണത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ടെലിവിഷൻ അവതാരകൻ സാബുമോനെയും ചലച്ചിത്ര താരം ജാഫർ ഇടുക്കിയേയും വീണ്ടും ചോദ്യം ചെയ്യും. മണിയുടെ ഔട്ട് ഹൗസായ പാടിയിൽ ഉണ്ടായിരുന്നുവെന്ന വിവരത്തെ തുടർന്ന് ഇരുവരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. അതേസമയം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ കുടുംബം ചാലക്കുടി പൊലീസിൽ ഇന്ന് പരാതി നൽകും.

അതിനിടെ, ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു രാവിലെ മണിച്ചേട്ടൻ ആരോഗ്യവാനായിരുന്നുവെന്ന് പാടിക്ക് സമീപം കട നടത്തുന്ന മണികണ്ഠൻ. പാടിയിൽ രാത്രി വൈകിയും മദ്യസൽക്കാരം നടത്തിയിരുന്നു. പിറ്റേന്ന് പാടിയിൽ നിന്ന് എന്തോ ചാക്കിലാക്കി കൊണ്ടു പോകുന്നതും കണ്ടു. എല്ലാം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മണികണ്ഠൻ മനോരമ ന്യൂസിനോട് പറഞ്ഞു.

നടൻ കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാൽ അന്വേഷണത്തിന്റെ ഗതിമാറ്റാൻ അന്വേഷണസംഘം തീരുമാനിച്ചു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിൽ അഴിച്ചുപണി നടത്തും.

മണിയുടെ സുഹൃത്തുക്കളടക്കം 10 പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ രണ്ടു ദിവസമായി തുടർച്ചയായി ചോദ്യംചെയ്തു വരികയാണ്. കലാഭവൻ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാൽ കൊച്ചിയിലെ രാസപരിശോധനാ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തിൽ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ഫൊറൻസിക് സർജന്മാരായ ഡോ. പി.എ. ഷീജു, ഡോ. രാഗിൽ, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയിൽ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇവർ പരിശോധനാ ഫലങ്ങൾ പങ്കുവച്ചു.

ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവർ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയിൽ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നൽകിയിട്ടില്ല. ഐജി എം.ആർ. അജിത്കുമാർ, ജില്ലാ റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്, സിഐ ക്രിസ്പിൻ സാം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു കേസിന്റെ സ്ഥിതി വിലയിരുത്തി. തുടർന്ന് അന്വേഷണ സംഘത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി.

ഇതേസമയം, മുൻപ് അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി കെ.എസ്. സുദർശൻ ഇപ്പോൾ സംഘത്തിൽ ഇല്ലെന്നാണു വിവരം. കൊച്ചി കാക്കനാട്ടെ രാസപരിശോധനാ ലാബിൽ നടന്ന മണിയുടെ ആന്തരികാവയവ പരിശോധനയിൽ ‘ക്ലോർപൈറിഫോസ്’ എന്ന വീര്യം കൂടിയ കീടനാശിനിയും മീഥെൽ ആൽക്കഹോളും (വിഷമദ്യം) കണ്ടെത്തി. സാധാരണ മദ്യമായ ഇഥെയിൽ ആൽക്കഹോളും വിഷമദ്യമായ മീഥെയിൽ ആൽക്കഹോളും തുല്യ അളവിലാണു കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശേഖരിച്ച ആമാശയം, കരൾ, വൃക്കകൾ, രക്തം എന്നിവയിലാണു കീടനാശിനിയും വിഷമദ്യവും കണ്ടെത്തിയത്.

മണിയുടെ മരണം സ്ഥിരീകരിച്ചപ്പോൾ മീഥെയിൽ ആൽക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കീടനാശിനി ഉള്ളിൽ കടന്നതിന്റെ ലക്ഷണങ്ങൾ മണി കാണിച്ചിരുന്നില്ല. രാസപരിശോധനാ ഫലം രണ്ടു നിഗമനങ്ങളിലേക്കാണു ഫൊറൻസിക് വിദഗ്ധരെ എത്തിക്കുന്നത്. വീര്യം കൂട്ടാൻ ചെറിയ അളവിൽ കീടനാശിനി കലർത്തിയ വിഷമദ്യം അറിയാതെ കഴിക്കാൻ ഇടവരിക, അല്ലെങ്കിൽ ബോധപൂർവം കഴിക്കുക.

ക്ലോർപൈറിഫോസ് അതിരൂക്ഷ ഗന്ധമുള്ള കീടനാശിനിയായതിനാൽ ഇത് ഒരാൾ അറിയാതെ കഴിക്കണമെങ്കിൽ അതിന്റെ അളവു ചെറുതായിരിക്കണം. ചെറിയതോതിൽ കീടനാശിനി കലർന്ന വിഷമദ്യം മണി അറിയാതെ കഴിച്ചതാവാനുള്ള സാധ്യത ബലപ്പെടുത്തുന്നതാണു രാസപരിശോധനാ ഫലമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

related stories