Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഒരിക്കലും ഒരു നടിയും അതിനു മുതിരില്ല: സജിത മഠത്തിൽ

സജിത മഠത്തിൽ

ആക്രമണത്തിനിരയായ നടിയ്ക്കു പിന്തുണയുമായി സജിത മഠത്തിൽ. കുറ്റക്കാരെ പരിഗണന ഏതുമില്ലാതെ ശിക്ഷിക്കണമെന്നും ഈ പ്രാകൃതസ്വഭാവങ്ങള്‍ ഒരിക്കലും അനുവദിച്ചുകൂടെന്നും സജിത വ്യക്തമാക്കി.

സജിതയുടെ വാക്കുകളിലേക്ക്–

കലാകാരിയുടെ സർഗ്ഗാത്മക ജീവിതം എങ്ങിനെയാണ് പകൽ മാത്രമായി ചുരുക്കാൻ സാധിക്കുക? എത്ര വേണ്ടെന്നു തീരുമാനിച്ചാലും എത്രയോ തവണ അപരിചിതരായ ഡ്രൈവർമാർക്കൊപ്പം ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.

നേരം വൈകി പോകുന്ന ഷൂട്ടിങ്ങ് അർധരാത്രിയിൽ അവസാനിച്ച് തളർന്നു മറ്റൊരു ലൊക്കേഷനിലേക്ക് യാത്ര പുറപ്പെടുന്ന എത്രയോ കലാകാരികളുണ്ട്. പരസ്പര വിശ്വാസത്തിന്റെ പുറത്ത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എത്രയോ തവണ പ്രൊഡക്ഷൻ ഡ്രൈവർമാർ 'ഞങ്ങളെ എത്തിച്ചിട്ടുമുണ്ട്.

ചിലപ്പോഴെങ്കിലും ഇതിനിടയിൽ ഉണ്ടായിട്ടുള്ള ചെറിയ ചില ബുദ്ധിമുുട്ടുകൾ രഹസ്യമായി പരസ്പരം പറഞ്ഞ് ഞങ്ങൾ കലാകാരികൾ അടക്കിയിട്ടുമുണ്ട്. പരിമിതമെങ്കിലുമുള്ള ഒരു പരസ്പര വിശ്വാസം ആ ആൺലോകത്ത് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഇനി ഒരിക്കലും ഒരു നടിയും അതിനു മുതിരില്ല. ഒരോ വൈകിയ യാത്രയും വലിയ സാഹസം തന്നെയാണവൾക്ക് ! അല്ലെങ്കിൽ മുതിരരുത് ! ഇങ്ങിനെകൂടുതൽ ഉൾവലിഞ്ഞ പെൺജീവിതമാണോ ഈ ദൈവത്തിന്റെ നാട് ആഗ്രഹിക്കുന്നത്?

ഒരിക്കലും അനുവദിച്ചുകുടാ ഈ പ്രാകൃത സ്വഭാവങ്ങൾ. പരിഗണന ഏതുമില്ലാതെ ശിക്ഷിക്കണം ഈ ക്രിമിനലുകളെ ! പീഢനങ്ങൾ പുറത്തു പറയാതെ ഉള്ളിൽ വിങ്ങലുമായി ജീവിക്കണ്ട എന്നു തീരുമാനിച്ച എന്റെ സഹോദരി നിന്നെ ഞാൻ വിങ്ങുന്ന മനസ്സോടെ ചേർത്തു പിടിക്കുന്നു.. കൂടെ ഉണ്ട്!

അവളുടെ വേദനിക്കുന്ന കുടുബത്തിനും അവൾക് ധൈര്യം നൽകിയ പ്രിയപ്പെട്ട ലാൽസാറിനും കുടുബത്തിനും ഏറെ നന്ദി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാനുള്ള ജാഗ്രത കാണിച്ചതിന് ! ' മാധ്യമങ്ങളും സർക്കാറും നീതിന്യായ വ്യവസ്ഥയും അവൾക്കൊപ്പം നിൽകണം. ജീവിതത്തെ അവൾ വിശ്വസിക്കേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്! നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ മറ്റൊരു കലാകാരി!

Your Rating: