Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്ക പറഞ്ഞു ‘ഡിജിപി ആയല്ലോ ഇനിയെന്ത് വേണം’; അപൂർ‌വസാമ്യത്തെക്കുറിച്ച് സാജു നവോദയ

shaji-mammootty

പുതിയ സർക്കാരിന്റെ തീരുമാനങ്ങളിൽ കോളടിച്ചത് ശരിക്കും പാഷാണം ഷാജിക്കാണ്. ഡിജിപിയായി ലോക്നാഥ് ബെഹ്റ സ്ഥാനമേറ്റതോടെ വിശ്രമമില്ലാതായത് ഷാജിയുടെ ഫോണിനും. ഡിജിപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ആശംസകളറിയിക്കാൻ സിനിമയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തുരുതുരാ ഫോൺ പ്രവാഹമാണ്.

മമ്മൂക്കയോടൊപ്പം തോപ്പിൽ ജോപ്പന്റെ സെറ്റിലാണ് സാജു നവോദയ( പാഷാണം ഷാജി‌). സെറ്റിലെത്തിയ ഉടനെ മമ്മൂക്ക കൈകൊടുത്ത് അഭിനന്ദനമറിയിച്ചു. ഡിജിപിയായല്ലോ? ഇനിയെന്തുവേണം എന്നു ചോദിച്ച് ആശംസകളറിയിച്ചു. തോപ്പിൽ ജോപ്പനിൽ പൊലീസായാണ് വേഷമിടുന്നത്. യൂണിഫോമും കൂടി ഇട്ടതോടെ തനി ഡിജിപിയായി( ലുക്കിൽ മാത്രം). ഇനി ‌അദ്ദേഹത്തിന്റെ മാനറിസങ്ങളും സംസാര രീതിയും പഠിക്കണം. അടുത്ത അഞ്ചു വർഷത്തേക്ക് കലക്കണം.

അദ്ദേഹത്തെ നേരിൽകാണണമെന്ന് ആഗ്രഹമുണ്ട്. ഇനിയുള്ള പ്രോഗ്രാമുകളിൽ ഡിജിപിയായി എന്നെ പ്രതീക്ഷിക്കാം. അദ്ദേഹം കഴിവുള്ളയാളാണ്. ജിഷകൊലക്കേസൊക്കെ അദ്ദേഹം വേഗം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

പാഷാണം ഷാജി എന്ന പേരിൽ നാലോ അഞ്ചോ ഫേസ് ബുക്ക് പേജുക‌ളുണ്ട്. അതെല്ലാം വ്യാജമാണ്. ഒരു കുട്ടി സിഗററ്റ് വലിക്കുന്ന വീഡിയോ എന്റെ പേരിലുള്ള പേജിൽ ആരോ ഷെയർ ചെയ്തു. ആ കുട്ടിയുടെ കൂട്ടുകാർ ഞാനൊരു പ്രോഗ്രാമിനു ചെന്നപ്പോൾ അവിടെ വന്ന് എന്നോട് പറഞ്ഞു ചേട്ടൻ ആ പേജിൽ നിന്ന് ആ വീഡിയോ മാറ്റണമെന്ന്. ആ കുട്ടി ആത്മഹത്യയുടെ വക്കിലാണെന്ന്. ഞാനെന്റെ ഫോണെടുത്തു കാണിച്ചു കൊടുത്തു എനിക്കങ്ങനെ ഒരു പേജില്ലാ എന്ന്. ഒരു ചെറുപ്പക്കാരനായിരുന്നു എന്റെ പേരിൽ പേജ് നടത്തിയിരുന്നത്.

സമൂഹമാധ്യമങ്ങളിലെ കളിയാക്കലുകൾ അതിരുകടക്കുന്നുണ്ടെന്നു തന്നെയാണ് എനിക്ക് പറയാനുള്ളത്. തെറ്റ് എല്ലാമനുഷ്യർക്കും പറ്റും. ഏത് സാഹചര്യത്തിലാണ് തെറ്റ് പറ്റിയതെന്നു കൂടി പരിശോധിക്കണം. അതിന് ‌അവരുടെ കുടുംബത്തെ വരെ മോശമായി ചിത്രികരിച്ച് വലിച്ച് കീറി ഒട്ടിക്കുന്നതിനോട് യോജിപ്പില്ല. എനിക്ക് അനുകരിക്കാൻ അറിയാത്തതു കൊണ്ടല്ല, മറ്റുള്ളവർക്ക് വിഷമമാകണ്ടല്ലോ എന്നു കരുതിയാണ് ഞാൻ അനുകരണം ഒഴിവാക്കിയത്. ( ഷാജി കണ്ണിറുക്കി ചിരിക്കുന്നു).