Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളനെന്ന വിളി ഇഷ്ടമില്ല, മത്സരത്തിനു ഞാനില്ല: സലിം കുമാർ

salim-jagadheesh

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ചുറ്റും നടക്കുന്നതെല്ലാം രാഷ്ട്രീയ വർത്തമാനങ്ങൾ. പതിവിൽ നിന്നും വിപരീതമായി ഇക്കുറി ഭാഗ്യം പരീക്ഷിക്കാൻ ഒരു താരനിര തന്നെ ഇറങ്ങിയിട്ടുണ്ട്. ഗണേഷ്കുമാറിനു പുറമേ ജഗദീഷ്, മുകേഷ്, സിദ്ദിഖ് എന്നീ പേരുകളാണ് ഇതുവരെ പറഞ്ഞു കേട്ടത്.

ഇതിനിടയിൽ പത്തനാപുരത്ത് വിജയസാധ്യത ഇല്ലാത്ത ജഗദീഷിനായി ഊർജം കളയാൻ സലിംകുമാർ പറഞ്ഞതായുള്ള വാർത്തകളും പുറത്തു വന്നു. ഈ സാഹചര്യത്തിൽ എന്താണ് യഥാർതത്തിൽ സംഭവിച്ചതെന്നും എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നുമുള്ള കാര്യങ്ങൾ സലിംകുമാർ തന്നെ മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

ജഗദീഷിനെതിരായി വന്ന പരാമർശം

ജഗദീഷിനായി ഊർജം കളയാൻ ഞാനില്ല എന്നു ഞാൻ പറഞ്ഞിട്ടില്ല, മറിച്ച് പത്തനാപുരത്തു പോയി ഊർജം കളയാൻ ഞാനില്ല എന്നാണ് പറഞ്ഞത്. ഞാൻ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞിട്ട് എന്തു കിട്ടാനാണ്? പത്താനാപുരത്ത് ജഗദീഷ് മാത്രമല്ല മൽസരിക്കുന്നതെന്ന് കേൾക്കുന്നത്. ഗണേഷും ജഗദീഷും എന്നെ പ്രചാരണത്തിനായി വിളിച്ചിട്ടില്ല. ഞാൻ പത്തനാപുരത്തേക്കു പോകുന്നതുമില്ല. കോൺഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടി ഞാൻ പ്രചാരണത്തിനിറങ്ങുന്നുണ്ട്. സിദ്ദിഖ് മത്സരിച്ചാൽ അദ്ദേഹത്തിന് േവണ്ടി പ്രചാരണത്തിനിറങ്ങും. മുകേഷ് സ്ഥാനാർഥിയായാൽ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നില്ല. എല്ലാവർക്കും വേണ്ടി പ്രാർഥിക്കും. കോൺഗ്രസ് സ്ഥാനാർഥികൾക്കായി മാത്രമേ പ്രചാരണത്തിന് ഇറങ്ങുന്നുള്ളു.

എന്തുകൊണ്ട് ഞാൻ മൽസരിക്കുന്നില്ല?

എന്നെ ആരും മത്സരിക്കാൻ വിളിച്ചില്ല. ആരെങ്കിലും മത്സരിക്കാൻ വിളിച്ചാലും ഞാൻ ഒരിക്കലും പോകില്ലായിരുന്നു. അതു മറ്റൊന്നും കൊണ്ടല്ല, കള്ളാ എന്ന വിളി കേൾക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ്. രാഷ്ട്രീയക്കാരെ എപ്പോൾ വേണമെങ്കിലും കള്ളാ എന്നു വിളിക്കാം. ഞാൻ മര്യാദയ്ക്ക് ഇവിടെ ജീവിച്ചു പൊക്കോട്ടെ. എന്നെ വെറുതേ കള്ളാ എന്നു വിളിക്കുമ്പോൾ നമ്മൾ അതിനെ ചോദ്യം ചെയ്യാൻ പോകും. പിന്നെ അതിന്റെ പുറകേയുള്ള കാര്യങ്ങളായി. പൊതുമുതൽ കൈയാളുന്നവനെ ഏതു സമയത്തു വേണമെങ്കിലും കള്ളാ എന്നു വിളിക്കാം. ഇതിനു തെളിവൊന്നും വേണ്ട. ആരോപണങ്ങൾ ഉന്നയിക്കാം. അതെനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ രാഷ്ട്രീയത്തിലേക്ക് മൽസരിക്കാൻ ഇറങ്ങുന്നതുമില്ല. സലിം കുമാർ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നു.

Your Rating: