Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മയുടെ പണം ആനയെ വിറ്റ് ഉണ്ടാക്കിയതല്ല’

salim-ganesh

ഗണേഷ്കുമാറിനു മറുപടിയുമായി സലിംകുമാർ. രണ്ടു ദിവസം മുൻപല്ല, ഈ നിമിഷം വരെയും അമ്മയിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ‌‌ലഭിച്ചിട്ടില്ലെന്ന് സലിംകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു. ആനുകൂല്യം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണെന്ന് പോലും എനിക്കറിയില്ല. എന്തുതന്നെ ആയാലും ഇതുവരെ ഒന്നും എനിക്കു ലഭിച്ചിട്ടില്ല. സലിം കുമാർ വ്യക്തമാക്കി.

രണ്ടു ദിവസം മുൻപു വരെ അമ്മയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയ സലിംകുമാർ ഇതുവരെ അമ്മ സംഘടനയിൽ നിന്ന് രാജിവച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പു കാലത്ത് മാധ്യമശ്രദ്ധ നേടാനുള്ള നാടകമായിരുന്നു സലിംകുമാർ നടത്തിയതെന്നുമാണ് ഗണേഷ്കുമാർ ആരോപിച്ചത്.

‘ഇൻഷുറൻസ് കാശ് ആണ് ആനുകൂല്യം എന്ന് ഇവർ പറയുന്നത്. ഇത് എന്നെപ്പോലുള്ള നൂറുകണക്കിന് അമ്മയിൽ നിന്നുള്ള കലാകാരൻമാർ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. അല്ലാതെ ഒരാളുടെയും ആനയെവിറ്റ് ഉണ്ടാക്കിയ പൈസയല്ല അത്. കലാകാരൻമാർ കഷ്ടപ്പെട്ടതിന്റെ ഒരു ഓഹരിയാണ് ഇത്. ആ സ്റ്റേജ്ഷോയിലും ഞാൻ ഗണേഷ്കുമാറിനെ ഒരു സ്കിറ്റിലോ ഒരു പാട്ടിലോ ഒന്നിലും കണ്ടിട്ടില്ല. ഞാൻ അതിന് അദ്ദേഹത്തെ കുറ്റം പറയുന്നുമില്ല, കാരണം സ്റ്റേജിൽ കയറി പാട്ടു പാടാനും സ്കിറ്റ് കളിക്കാനുമൊക്കെ കലാകാരനായിരിക്കണം. സലിംകുമാർ പറഞ്ഞു.

ഈ ആനുകൂല്യം എന്നു പറയുന്നത് സ്കിറ്റ് കളിച്ചും പാട്ടുപാടിയും ഉണ്ടാക്കിയതാണ്. എന്നാൽ ഇതുവരെ ആയിട്ടും എനിക്കിത് ലഭിച്ചിട്ടില്ല. ആത് എന്താണെന്നു എനിക്കറിയില്ല. അത് എന്താണെന്ന് അന്വേഷിക്കണം. ഒരു ഭാരവാഹിയായിട്ട് ഇരുന്നാൽ പോര അതു കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടതും കൂടിയുണ്ട്. മണ്ടുപറമ്പിലെ ഉണ്ണിക്ക് അറിയാം അന്വേഷിച്ചിട്ടാണ് പറയാനുള്ളതെന്ന്. ചുമ്മാതെ ഒരോന്നും പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ കിട്ടിയിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണം– സലിംകുമാർ പറഞ്ഞു.

ഞാൻ രാജിക്കത്ത് കൊടുക്കേണ്ട ആൾ മമ്മൂട്ടി ആണ്. ഞാൻ അദ്ദേഹത്തിനാണ് രാജിക്കത്ത് കൊടുത്തത്. ഗണേഷ്കുമാറിന്റെ കൈയിൽ കൊടുക്കേണ്ട ആവശ്യമില്ല. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനു മനസിലാകില്ല. ഒരു കലാകാരനേ ഇതൊക്കെ മനസിലാകൂ. ഇത്തരം കാര്യങ്ങൾ അമ്മയിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്. ഇത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. അമ്മയുടെടേതായിട്ടുള്ള രഹസ്യമായിട്ടുള്ള കാര്യങ്ങൾ പരസ്യമായി പറയേണ്ടതല്ല. ഇൻഷുറൻസ് പോലുള്ള കാര്യങ്ങൾ അമ്മയുടെ മീറ്റിങ്ങിനകത്ത് പറയേണ്ട സംഭവങ്ങളാണ് അല്ലാതെ തേർഡ് റേറ്റ് രാഷ്ട്രീയക്കാരനെപ്പോലെ തെരുവിൽ നിന്ന് വിളിച്ചു പറയേണ്ട സംഭവമല്ല. ഇനി അഥവാ വിളിച്ചു പറഞ്ഞാലും ഈ നിമിഷം വരെ എനിക്ക് കിട്ടിയിട്ടുമില്ല.

ആദ്യം കാര്യങ്ങൾ അന്വേഷിക്കുക. വൈസ്പ്രസിഡന്റ് ആയിട്ട് ഇരുന്നാൽ പോര, കാര്യങ്ങൾ അന്വേഷിച്ചിട്ട് പത്രക്കാരുടെ മുന്നിൽ ഞെളിഞ്ഞിരിക്കുക. അതെങ്കിലും അറിയാനുള്ള മനഃസ്ഥിതി ഇല്ലെങ്കിൽ പിന്നെ ഈ വക കാര്യത്തിനു നിൽക്കരുത്. സലിംകുമാർ പറഞ്ഞു.