Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14 ലക്ഷം മാത്രം മുടക്കിയ ഒരു ഗംഭീരസിനിമ

sanal കോട്ടയം ബസേലിയസ് കോളജിൽ മലയാളം സമാജത്തിന്റെയും ഡിബേറ്റ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ‘ഒഴിവു ദിവസത്തെ കളി’ എന്ന ചലച്ചിത്രത്തെക്കുറിച്ചു നടത്തിയ സംവാദത്തിൽ പങ്കെടുക്കാനെത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ. ഡോ. ഷൈന ഏബ്രഹാം, ഡോ. സെൽവി സേവ്യർ, പ്രഫ. തോമസ് കുരുവിള എന്നിവർ സമീപം. ചിത്രം: മനോരമ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ തന്റെ സിനിമ തിയറ്ററുകളിലും ശ്രദ്ധിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ‘ഒഴിവു ദിവസത്തെ കളി’ എന്ന ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ. കൃത്യമായി തയാറാക്കാത്ത തിരക്കഥയുമായാണ് ഒഴിവു ദിവസത്തെ കളി ചിത്രീകരിച്ചത്. ഇത് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും വെല്ലുവിളിയായിരുന്നു. സന്ദർഭങ്ങൾക്കനുസരിച്ച് അഭിനേതാക്കൾ സംഭാഷണം രൂപപ്പെടുത്തുകയായിരുന്നുവെന്നും പ്രസ് ക്ലബിലെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര രംഗത്തു വ്യത്യസ്തമായ പരീക്ഷണങ്ങളുമായി എത്തുന്നവർക്കു നിർമാതാക്കളെ കണ്ടെത്താനാണു ബുദ്ധിമുട്ട്. 14 ലക്ഷം മാത്രമാണു സിനിമയുടെ നിർമാണ ചെലവ്. അഭിനേതാക്കളും അണിയറ പ്രവർത്തകരും കൃത്യമായി പ്രതിഫലം വാങ്ങാത്തതുകൊണ്ടാണ് ഇത്ര ചെറിയ തുകയിൽ സിനിമയെടുക്കാനായത്.

സംതൃപ്തി മാത്രമായിരുന്നു ടീമംഗങ്ങൾക്കുള്ള പ്രതിഫലമെന്നും സനൽ കുമാർ പറ‍ഞ്ഞു. ഐഎഫ്എഫ്കെയിലും മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. വലിയ താരങ്ങളെ കൈകാര്യം ചെയ്യാനുള്ള താൽപര്യക്കുറവിനാലാണ് ഏറെയും പുതുമുഖങ്ങളെ സിനിമകളിൽ അവതരിപ്പിക്കുന്നതെന്നു സനൽ കുമാർ പറഞ്ഞു. സർക്കാരിനെയോ ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളെയോ ആശ്രയിക്കാതെതന്നെ സിനിമ ചെയ്യാൻ യുവസംവിധായകർക്കു കഴിയണം.

സംസ്ഥാന പുരസ്കാരം നേടിയ ചിത്രങ്ങൾക്കു പത്തുലക്ഷം രൂപ നൽകും, സർക്കാർ തിയറ്ററിൽ രണ്ടാഴ്ചത്തെ പ്രദർശനം ഉറപ്പാക്കും തുടങ്ങിയ അടൂർ കമ്മിറ്റി നിർദേശങ്ങൾ പാലിക്കാൻ ചലച്ചിത്ര അക്കാദമിക്കു കഴിയുന്നില്ലെന്നും സനൽ പറഞ്ഞു. പുതിയ സിനിമ സെക്സി ദുർഗയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ഒഴിവു ദിവസത്തെ കളി’ സിനിമയുടെ നിർമാതാവ് ഷാജു മാത്യു, അഭിനേതാവ് അരുൺ നായർ എന്നിവർ പ്രസംഗിച്ചു. 

Your Rating: