Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടെ ആഷിക്കുണ്ട്; പ്രതീക്ഷ കൈവിടാതെ സനൽകുമാർ

sanal-aashiq

അലച്ചിലുകൾക്കൊടുവിൽ സനൽ കുമാർ ശശിധരന്റെ ഒഴിവു ദിവസത്തെ കളിക്ക് വിതരണക്കാരെത്തുന്നു. ബിഗ് ഡ്രീംസ് എന്ന കമ്പനിയാണ് സിനിമ വിതരണം ചെയ്യുക. സിനിമയുടെ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സംവിധായകൻ ആഷിക് അബുവും. സിനിമയുടെ മികവ് തന്നെയാണ് ആഷികിനെ ഇതിലേക്കെത്തിച്ചത്. ഇരുപത്തിയഞ്ച് തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

ഒഴിവു ദിവസത്തെ കളി കണ്ട ആഷിക് അബു, മികവാർന്ന ചിത്രമാണിതെന്നും അത് പ്രേക്ഷകരിലേക്കെത്താൻ വേണ്ട സഹായം ചെയ്തു തരാമെന്നും ഉറപ്പുതരികയായിരുന്നു. സനൽ കുമാർ ശശിധരൻ പറഞ്ഞു. വിതരണക്കാർക്കെല്ലാം പേടിയായിരുന്ന‌ു ചിത്രം ഏറ്റെടുക്കുവാൻ. അതുകൊണ്ടു തന്നെ സർക്കാർ തീയറ്ററുകളിൽ മാത്രം പ്രദര്‍ശനമൊതുക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഇത്തരത്തിലുള്ള ചിത്രങ്ങളെ പ്രൊമോട്ട് ചെയ്യാൻ ആമിർ ഖാനെ പോലുള്ള വൻ താരങ്ങളെത്തുന്ന പതിവുണ്ട്. ഇവിടെ അത്തരത്തിലൊരു കാര്യമില്ല. എന്തായാലും ഇപ്പോൾ പ്രതീക്ഷയുണ്ട്. സനൽ പറഞ്ഞു.

കരി, ഒരാൾപൊക്കം എന്നീ ചിത്രങ്ങളുടെയെല്ലാം വിതരണം ഏറ്റെടുത്ത കമ്പനിയാണ് ബിഗ് ഡ്രീംസ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെടുകയും നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ കളിക്കുകയും ചെയ്ത ചിത്രമാണ് ഒഴിവു ദിവസത്തെ കളി. എന്നാൽ കേരളത്തിലെ തീയറ്ററുകളിൽ ആ സിനിമയൊന്നു പ്രദർശിപ്പിക്കുവാൻ സിനിമയുടെ സംവിധായകൻ മുട്ടാത്ത വാതിലുകളില്ല. അവാർഡ് സിനിമയെന്ന കാറ്റഗറിയിൽ അകപ്പെട്ടതിനാൽ വിതരണക്കാർക്കെല്ലാം ഏറ്റെടുക്കുവാൻ മടി കാണിച്ച ചിത്രത്തിനൊടുവിൽ വഴിയൊരുങ്ങിയിരിക്കയാണ്. ഒരു നല്ല സിനിമയാണ് ഇതോടെ പ്രേക്ഷകരിലേക്കെത്തുക.  

Your Rating: