Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറിവിളിക്കുന്നവരോട് സഹതാപം മാത്രം: സനൽകുമാർ ശശിധരൻ

sanal-sindhu

ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധുവിനെക്കുറിച്ചുള്ള സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ, എന്നാല്‍ ഞാനൊന്നു നീട്ടി തുപ്പിയാലോ ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാന്‍’... എന്നായിരുന്നു സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്'. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. വിമർശനം അതിര്കടന്നപ്പോൾവിശദീകരണവുമായി സനൽകുമാർ ശശിധരൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

Sanal Kumar Sasidharan | Exclusive Interview | I Me Myself | Manorama Online

മനസിലാക്കലിനെക്കുറിച്ചും മാനസികാവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള ഒരു ഭീതിതമായ തിരിച്ചറിവാണ് കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലവാരത്തിനൊപ്പിച്ചു മാത്രമേ മറ്റൊരാൾ സംസാരിക്കാവൂ എന്ന നിയമം നടപ്പാക്കാൻ ജനക്കൂട്ടം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച.

പരിഹാസമോ കറുത്ത ഹാസ്യമോ എന്തോ ആവട്ടെ അതൊക്കെ മാനസികനിലയിൽ സാരമായ തകരാറുപോലുമുള്ള ക്രിമിനലുകൾക്കുവരെ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചുകൊള്ളണം എന്നത് പൊതുബോധം മാധ്യമങ്ങൾ പോലും സ്വീകരിച്ചിരിക്കുന്നു. ഫെയ്സ്ബുക്കിൽ ഏറെക്കാലമായി എന്റെതായ ഭാഷയിൽ/രീതിയിൽ സംസാരിക്കുന്ന ആളാണ് ഞാൻ.

ഏതാണ്ട് ഏഴുവർഷമായി ഞാനിവിടെയുണ്ട്. ഒരാൾ ഏതുരീതിയിൽ ഇടപെടും എന്നത് അയാളുടെ മുൻ‌കാലത്തെ വാക്കുകളും പ്രവർത്തികളും ഒക്കെ അപഗ്രഥിച്ചുകൊണ്ടാണ് മനസിലാക്കാൻ സാധിക്കുക. അതൊന്നും നോക്കാതെ വാച്യാർത്ഥം പോലും നേരേ പരിശോധിക്കാതെ കേട്ടപാടെ പോസ്റ്റിനടിയിൽ വന്ന് തെറിപറയുന്നവരാണ് സംസ്കാരം പഠിപ്പിക്കുന്നത്. അതൊക്കെ മനസിലാക്കാം. കലാകാരന് ഉത്തരവാദിത്തമുണ്ടെന്ന് അലറിവിളിക്കുന്ന മാധ്യമങ്ങൾ തന്നെ തങ്ങൾക്ക് ഒരു കാര്യത്തെ വിശകലനം ചെയ്യാനോ മനസിലാക്കാനോ ഉള്ള യാതൊരു ഉത്തരവാദിത്തവുമില്ല എന്നമട്ടിൽ വിശദീകരണം തരൂ എന്ന് മുറവിളിക്കുന്നത് മനസിലാക്കാൻ കഴിയില്ല.

അളിഞ്ഞ പൊതുമനസിന്റെ അടിമകളായി എല്ലാവരും മാറിക്കോളണം എന്ന നിയമമാണ് അവരും അടിച്ചേൽ‌പിക്കാൻ ശ്രമിക്കുന്നത്. എന്റെ സ്റ്റാറ്റസിനെ വളച്ചൊടിച്ച് ഇന്നലെ ഒരു ചാനലിലെ സ്ക്രോൾ സംവിധായകൻ സനൽ കുമാർ ശശിധരൻ ഒളിമ്പ്യൻ പിവി സിന്ധുവിനെ അപമാനിച്ചു എന്ന രീതിയിലായിരുന്നു. എന്റെ പ്രൊഫൈലിലൂടെ ഒരഞ്ചുമിനുട്ട് കണ്ണോടിച്ചാൽ പോലും ഇത്ര
അടിസ്ഥാനരഹിതമായ ഒരു വാർത്ത പ്രചരിപ്പിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. ദുരന്തമെന്നല്ലാതെ ഇതേക്കുറിച്ച് യാതൊന്നും പറയാനില്ല. പലരീതിയിൽ സ്ത്രീകളെ അടിമത്തം അനുഭവിപ്പിക്കുന്ന, പുരുഷമേധാവിത്തം കൊടികുത്തിവാഴുന്ന ഒരു രാജ്യത്തുനിന്നും വന്ന പിവി സിന്ധുവും ദീപാ കർമാർകറും സാക്ഷി മാലിക്കും ആ രാജ്യത്തിന്റെ പതാക ലോകത്തിനു മുന്നിൽ ഉയർത്തി പാറിക്കുകയായിരുന്നു ചെയ്തത്.

പെൺ‌കുഞ്ഞുങ്ങൾ ജനിച്ചുവീഴുമ്പോൾ തന്നെ കൊന്നുകളയുന്ന സ്ഥലങ്ങൾ ഇപ്പോഴുമുള്ള രാജ്യമാണിത്. സ്ത്രീകൾ ദാരുണമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്ന വാർത്തകൾ നിരന്തരം വരുമ്പോഴും അവൾ രാത്രി ഒറ്റയ്ക്ക് പുറത്തുപോയതെന്തിന് അവൾ എന്തിന് പ്രകോപനപരമായി വസ്ത്രം ധരിച്ചു എന്നമട്ടിൽ കൊല്ലപ്പെട്ടവളെ വിചാരണ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളുമുള്ള രാജ്യമാണിത്. ആ രാജ്യത്തു നിന്നാണ്, മീശപിരിച്ചുനടക്കുകയും കൊടിയ സ്ത്രീവിരുദ്ധത ജീവിതചര്യയാക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ രാജ്യസ്നേഹത്തിന് ആഘോഷിക്കാനായി ഈ മൂന്ന് സ്ത്രീകൾ തിളക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയത്.

അതിനെ താറടിച്ചുകാണിക്കുന്ന നിരവധി അഭിപ്രായങ്ങൾ (എല്ലാവർക്കും മനസിലാകുന്ന തരത്തിൽ) ഉയർന്നുവരുന്ന മാനസികാവസ്ഥകൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. “എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ! എന്നാൽ ഞാനൊന്നു തുപ്പിയാലോ?.. ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാൻ!!“ ഇതായിരുന്നു ആ മാനസികാവസ്ഥ.

ഞാനെന്താണ് എഴുതിയതെന്ന് മനസിലാക്കാൻ എന്റെ പോസ്റ്റുകൾ ഫോളോ ചെയ്യുന്ന ആർക്കും ഒരു പ്രയാസവുമില്ല. ആ പോസ്റ്റിനു മുൻ‌പും പിൻ‌പുമായി വന്നിട്ടുള്ള എന്റെ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ തന്നെ ഇത് മനസിലാകും. എന്നാൽ സംഭവിച്ചത് എന്റെ വരികളെ വാച്യാർത്ഥത്തിൽ വായിച്ചുകൊണ്ട് അതിനെ മുൻ‌നിർത്തി നേരേ വിപരീതാർത്ഥം ആരോപിച്ച് എന്നെ തെറിപറയുന്ന ഒരാൾ‌ക്കൂട്ടം പെട്ടെന്ന് ഉണ്ടായി എന്നതാണ്.

ഈ ആൾക്കൂട്ടത്തിന്റെ പ്രതികരണം വായിച്ചാൽ മാത്രം മതി അവർ എത്രമാത്രം കാപട്യവും സ്ത്രീവിരുദ്ധതയും ഉള്ളിൽ പേറിയാണ് ഈ അക്രമണം നടത്തുന്നതെന്ന് മനസിലാക്കാൻ. ആ ആൾക്കൂട്ടത്തിന്റെ തെറിവിളി കമന്റുകൾക്ക് മറുപടിപറയേണ്ട യാതൊരു ബാധ്യതയും ഉത്തരവാദിത്തവും എനിക്കില്ല. പക്ഷെ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്ന ഒരു മാധ്യമം അപകീർത്തിയുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രചരണം നടത്തുന്നത് നമ്മുടെ സമൂഹം എത്രമാത്രം ജീർണാവസ്ഥയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ന‌ൽകുന്നത്.

പറയുന്നതൊക്കെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആയിക്കോളണമെന്ന കടുമ്പിടുത്തം ഒരു ഫാസിസ്റ്റ് കടുമ്പിടുത്തമാണ്. വ്യത്യസ്തമായ ഒരു ഭാഷ, വ്യത്യസ്തമായ ഒരു അഭിപ്രായം ഉയരാൻ പാടില്ല എന്ന അതിന്റെ അജണ്ടകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ഒരു പ്രഖ്യാപിത ഇടതുപക്ഷ മാധ്യമത്തിന് ഭൂഷണമല്ല.

ഒരുവരിപോലും വായിച്ചുമനസിലാക്കാനുള്ള കഴിവോ മാനസികവളർച്ചയോ ഇല്ലാതെ നിർബാധം തെറിവിളികൾ തുടരുന്ന സംസ്കാരസംരക്ഷകരോടും രാജ്യ സ്നേഹികളോടും പറയാനുള്ള ഒറ്റവാക്ക്. സഹതാപം! 

Your Rating: