Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി അറിയാൻ ആ ഫയൽ ഇപ്പോഴും സെക്രട്ടേറിയേറ്റിലെ ഇരുണ്ട വഴികളിൽ: സനൽ

pinarayi-sanal

നിയമപ്രശ്‌നങ്ങളില്ലാത്ത സാധാരണ ഫയലുകളൊന്നും 24 മണിക്കൂറില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കയ്യില്‍ വയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലില്‍ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. അങ്ങനെയൊരു ഫയലിന്റെ കാര്യമാണ് സംവിധായകൻ സനൽകുമാര്‍ ശശിധരനും മുഖ്യമന്ത്രിയോട് പറയാനുള്ളത്.

സനൽ സംവിധാനം ചെയ്ത ഒഴിവ് ദിവസത്തെ കളി എന്ന സിനിമയുടെ നികുതി ഇളവ് ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ നാളിത് വരെയായി അതിലൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് സനല്‍ പറയുന്നു. ഫയലുകൾ വേഗം തീർപ്പാവണമെന്ന ആഹ്വാനം അന്തരീക്ഷത്തിലുള്ളപ്പോഴും കസേരകളിൽ ഉറങ്ങുന്ന ഉദ്യോഗസ്ഥവൃന്ദം അതൊക്കെ അനുസരിക്കുന്ന കാലം ഒരിക്കലും വരില്ലെന്നു കരുതണോ എന്നും അദ്ദേഹം ചോദിക്കുന്നു.

സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയാൻ, കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സിനിമയാണ് ഒഴിവുദിവസത്തെ കളി. ഇത് ജൂൺ 17 ന് തിയേറ്ററുകളിലെത്തുകയാണ്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടുന്ന സിനിമകൾക്ക് നികുതി ഇളവ് ലഭ്യമാകുന്ന ഒരു പതിവ് കഴിഞ്ഞ കുറേക്കാലമായി നിലവിലുള്ളതാണ്. ഞാനും കഴിഞ്ഞ ഒരാഴ്ചയായി അപേക്ഷകൊടുത്ത് കാത്തിരിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലിനെ നേരിൽ കണ്ട് കൊടുത്ത അപേക്ഷയാണ്. അതിപ്പോഴും സെക്രട്ടേറിയേറ്റിലെ ഇരുണ്ട വഴികളിലൂടെ അലയുന്നു എന്നാണ് അറിയുന്നത്. കീഴ്‌വഴക്കങ്ങളനുസരിച്ച് അന്നോ പിറ്റേന്നോ തന്നെ ഉത്തരവാകേണ്ട അപേക്ഷയാണ് ഇങ്ങനെ എന്ന് തീർപ്പാകുമെന്നറിയാതെ അലയുന്നതെന്നോർക്കണം. ഫയലുകൾ അതിവേഗം തീർപ്പുകൽ‌പിക്കണമെന്നും കാലതാമസമുണ്ടാകരുതെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ നിലവിലിരിക്കുമ്പോൾ തന്നെ അർഹമായതെന്ന് മുഖത്തെഴുത്തുള്ള ഒരു അപേക്ഷ ഇങ്ങനെ അനിശ്ചിതമായി കറങ്ങി നടക്കുന്നത്. കഴിഞ്ഞ വലതുപക്ഷ സർക്കാരിന്റെ കാലത്ത് ഒരാൾ‌പ്പൊക്കം എന്ന എന്റെ സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച അപേക്ഷ രണ്ടുദിവസത്തിനുള്ളിൽ തീർപ്പായിരുന്നു.

എനിക്കറിയാത്തത് എന്തുതരം പുരോഗമനമാണ് വലതുപക്ഷത്തു നിന്നും ഇടതുപക്ഷത്തേക്ക് ഭരണം മാറുമ്പോൾ ഉണ്ടാകണമെന്ന് എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കേണ്ടതെന്നാണ്. ഫയലുകൾ വേഗം തീർപ്പാവണമെന്ന ആഹ്വാനം അന്തരീക്ഷത്തിലുള്ളപ്പോഴും കസേരകളിൽ ഉറങ്ങുന്ന ഉദ്യോഗസ്ഥവൃന്ദം അതൊക്കെ അനുസരിക്കുന്ന കാലം ഒരിക്കലും വരില്ലെന്നു കരുതണോ എന്നാണ്..

ഇന്നോ നാളെയോ എങ്കിലും ആ ഫയലിൽ ഉത്തരവുണ്ടായില്ലെങ്കിൽ ആ ഉത്തരവുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല എന്നതാണ് വസ്തുത. വലിയ ഡിസ്ട്രിബ്യൂട്ടർമാരും മറ്റുമില്ലാതെ ജനങ്ങളുടെ സഹകരണത്തോടെയാണ് സിനിമ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. അതിനിടയിൽ അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയും അധികാരകേന്ദ്രങ്ങളിൽ കയറിയിറങ്ങണം എന്ന് വരുന്നത് അനീതിയല്ലേ എന്ന് അങ്ങുതന്നെ തീരുമാനിക്കുക. ഇടപെടുമെന്നും തീർപ്പുണ്ടാവുമെന്നും ആഗ്രഹിക്കുന്നു. സനല്‍കുമാർ ശശിധരൻ പറഞ്ഞു.  

Your Rating: