Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരാഗത്തെ പുകഴ്ത്തി സത്യൻ അന്തിക്കാട്

sathyan-anthikkad-anuraga-karikkin

അനുരാഗ കരിക്കിൻ വെള്ളത്തെ പുകഴ്ത്തി മുതിർന്ന സംവിധായകൻ സത്യൻ അന്തിക്കാട്. പ്രേക്ഷകന്റെ അഭിരുചിയോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളമെന്നാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്. 

പ്രേക്ഷകന്റെ അഭിരുചികളോട് ചേർന്ന് നിൽക്കുന്പോഴാണ് ഒരു സിനിമ പ്രിയപ്പെട്ടതാകുന്നത്. അടുത്ത കാലത്ത് അങ്ങനെ കുറെ ചിത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഏറ്റവും പുതിയ ഇഷ്ടം 'അനുരാഗ കരിക്കിൻവെള്ള'ത്തിനോടാണ്. കാണുന്നത് സിനിമയല്ല, ജീവിതം തന്നെയാണെന്ന തോന്നലുണ്ടാക്കാൻ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിരിക്കുന്നു. 

നന്മയുള്ള- വിശുദ്ധിയുള്ള ചിരി ഈ ചിത്രം സമ്മാനിക്കുന്നു. സന്തോഷമുണ്ട്.

 

കണ്ടുമടുത്ത പതിവ് കാഴ്ചകളിൽ നിന്ന് മലയാളസിനിമയും മാറുകയാണ്. ഖാലിദ് റഹ്മാന് നന്ദി പറയുന്നു. ഒപ്പം സ്വാഭാവികമായ സംഭാഷണങ്ങളെഴുതിയ നവീൻ ഭാസ്കറിനും, അതിമനോഹര ദൃശ്യങ്ങളൊരുക്കിയ ജിംഷി ഖാലിദിനും.

ബിജു മേനോനും, ആസിഫ് അലിയും, ആശാ ശരത്തും, പുതിയ നായികയുമടക്കം എല്ലാവരും അതിശയിപ്പിക്കും വിധം അഭിനയിച്ചു. ഓരോ ചലനത്തിലും ചിരിയൊളിപ്പിക്കുന്ന സൗബിൻ ഷാഹിർ പ്രത്യേകിച്ചും.'അനുരാഗ കരിക്കിൻവെള്ള'ത്തിന്റെ ടീമിലുള്ള എല്ലാവർക്കും, ഓഗസ്റ്റ് സിനിമക്കും അഭിനന്ദനങ്ങൾ.

പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ അഭിനന്ദിച്ച് മറ്റു പല പ്രമുഖരും നേരത്തെ രംഗത്തെത്തിയിരുന്നു.