Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടെഴുത്ത‍് ഫാക്ടറി

SREENIVASAN--SKETCH.jpg.image.784.410

90 രൂപ ശമ്പളത്തിന് എഴുതിയ തിരക്കഥാകൃത്തുണ്ട് മലയാളസിനിമയ്ക്ക്, ശാരംഗപാണി. തയ്യൽതൊഴിലാളിയും പുന്നപ്രവയലാർ സമരസേനാനിയുമായിരുന്ന ശാരംഗപാണി തെക്ക് തിരുവിതാംകൂറിലിരുന്ന് എഴുതിയ വടക്കൻ പാട്ട് സിനിമകൾ വാണിജ്യ വിജയത്തിന്റെ പടയോട്ടങ്ങളായിരുന്നു. ആ തിരക്കഥകൾ മലയാളസിനിമയെ കോടമ്പാക്കത്തുനിന്ന് ആലപ്പുഴ ഉദയായിൽ എത്തിച്ചു.

ഉമ്മ സിനിമയ്ക്ക് സംഭാഷണമെഴുതാൻ കുഞ്ചാക്കോ കണ്ടെത്തിയ ശാരംഗപാണി മലയാള കൊമേഴ്സ്യൽ സിനിമയിലെ ആദ്യ 'അപ്ലൈഡ് റൈറ്ററാ'യിരുന്നു. സിനിമയെന്ന വ്യവസായത്തോടു ചേർന്നുനിന്നുള്ള എഴുത്തിന്റെ മാസ്റ്ററായിരുന്നു ശാരംഗപാണി. തോപ്പിൽ ഭാസിയും എസ്എൽ പുരം സദാനന്ദനുമെല്ലാം സിനിമയെഴുതിയ കാലമായിരുന്നു അത്. വൈക്കം മുഹമ്മദ് ബഷീറും കാക്കനാടനും മലയാറ്റൂരും സുരാസുവുമൊക്കെ വഴി സിനിമ സാഹിത്യത്തോടു ചേർന്നുനിന്ന കാലം. എം.ടി. വാസുദേവൻ നായരിലൂടെ സിനിമ നാടകശീലങ്ങളും ഇൻഡോറും വിട്ട് പുറത്തിറങ്ങി. പി. പത്മരാജനിലൂടെ പുതിയ ആകാശത്തേക്കു ചിറകു നിവർത്തി. മലയാളിത്തനിമയുള്ള വൈകാരികതയുടെയും നാടകീയതയുടെയും കഥകളുമായി ലോഹിതദാസ് വന്നു. ശ്രീനിവാസനിലൂടെ മലയാളി സ്വയം കണ്ണാടി നോക്കി ചിരിച്ചു. രഞ്ജിത്തിലും രൺജി പണിക്കരിലുമെത്തുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്നതായി തിരക്കഥ. തിരക്കഥ സ്വയം താരമായി.

തിരക്കഥാകൃത്ത് അപ്പോഴും ഒറ്റയാനായിരുന്നു. മലയാളം മണ്ണുകപ്പി ചിരിച്ച റാംജിറാവുവിലൂടെയും തുടർ സിനിമകളിലൂടെയുമാണ് മലയാളത്തിൽ വമ്പൻ വാണിജ്യവിജയത്തിന്റെ കൂട്ടെഴുത്തു സഖ്യം വ്യവസ്ഥാപിതമായത്. സിദ്ധിക്ക്- ലാലുമാരിലൂടെ. പിന്നീടങ്ങനെ സഖ്യങ്ങൾ പലതുവന്നു– റാഫി മെക്കാർട്ടിൻ, സിബി- ഉദയൻ അങ്ങനെ. ഇവരുടെ വിജയസമവാക്യം വിനോദസിനിമയുടെ നായകരൂപമാക്കി ദിലീപിനെ മാറ്റി.

സ്‌ക്രീനിൽ നിറയെ ചിരിയെഴുതുന്നവരുടെ നിര നീണ്ടപ്പോൾ മിമിക്രി സ്‌കിറ്റ് ചേർത്തുവച്ചാൽ സിനിമയാകുമെന്നായി. ആ കൃഷി ഒത്തിരിക്കാലം വിളവെടുത്തില്ല. മാറുന്ന തിരക്കഥയുടെ വിജയം മുഴക്കിയതും കൂട്ടെഴുത്തു സഖ്യങ്ങളാണ്– ബോബി-സഞ്ജയ് രചിച്ച ട്രാഫിക്കും ശ്യാം പുഷ്‌കരൻ- ദിലീഷ് നായർ രചിച്ച സോൾട്ട് ആൻഡ് പെപ്പറും. ആ വിജയങ്ങൾക്ക് ഈ വർഷം അഞ്ചാണ്ടാവുന്നു. ന്യൂജനറേഷൻ സിനിമകളെന്ന് ഇനം തിരിച്ച സിനിമകളുടെ കുത്തൊഴുക്കായി പിന്നീട്. ഒറ്റയ്ക്കും കൂട്ടായുമെഴുതിയവരുണ്ട്. അനൂപ് മേനോൻ ഒറ്റയ്ക്കു തിരക്കഥയെഴുതിയ ബ്യൂട്ടിഫുൾ എന്ന സിനിമയുടെ വിജയം പുതിയ സിനിമയുടെ കരുത്ത് തെളിയിച്ചു. താരസാന്നിധ്യങ്ങൾക്കായി ബജറ്റിലേറെയും ചെലവാക്കേണ്ടിവരുന്ന ബിഗ്ബജറ്റ് സിനിമകളായിരുന്നില്ല അവ. ശീലങ്ങൾ പൊളിച്ചു മാറ്റമൊരു ചെറുകാറ്റായ് മലയാളത്തിൽ കടന്നു.

കഷണ്ടിയുള്ള തലയിൽ വിഗ്ഗില്ലാതെ നല്ല തിരക്കഥകൾക്കായി ഫഹദ്ഫാസിൽ എന്ന നടൻ ഉദയം ചെയ്തതും അതേ കാലത്തായിരുന്നു. ഫഹദിന്റെ വരവ് പുതിയ തിരക്കഥകൾ തേടുന്നതായിരുന്നു. തിരക്കഥകൾ തിരിച്ചടിച്ച് കരിയറിൽ കേടുപാട് വരുത്തിയ പൃഥിരാജിനെ നല്ല തിരക്കഥകൾ വീണ്ടെടുത്തു. വരാനിരിക്കുന്ന പൃഥിരാജ് സിനിമകളിലേറെയും നവാഗതരാണ് രചിക്കുന്നത്. മറ്റൊരു വഴിയിലൂടെ വിനീത് ശ്രീനിവാസൻ വിജയത്തിന്റെ മലയാളിത്തമുള്ള മലർവാടി തേടി. ആ മലർവാടിയിൽനിന്നാണ് കോടികൾ വാരുന്ന നായകനായ നിവിൻ പോളിയും അജുവുമെല്ലാം പിറന്നത്. കാശുറപ്പായ ചേരുവകളിൽ ആ കൂട്ടുകെട്ടിൽ സിനിമകൾ പിറന്നു കൊണ്ടേയിരിക്കുന്നു. ഈ അഞ്ചാണ്ടിനുള്ളിൽ നൂറുകണക്കിനു പുതിയ എഴുത്തുകാർ സിനിമയിലെത്തി.

പുതിയവരുടെ എഴുത്തിനെ മലയാളസിനിമ വിശ്വസിച്ചുതുടങ്ങി. പ്രശസ്ത തിരക്കഥാകൃത്തുക്കൾ പലരും എഴുതി തോറ്റിടത്ത് ചെറുപ്പം വിജയക്കൊടി നാട്ടി. അഞ്ചുവർഷത്തിനിടെ സൂപ്പർഹിറ്റായ സിനിമകളുടെ രചനകളിലേറെയും നിർവഹിച്ചതു പുതിയ എഴുത്തുകാരാണ്. ഈ സിനിമകളിലേറെയും സംഭവിച്ചത് കൂട്ടെഴുത്തുകളിലൂടെയുമാണ്. എഴുത്തുകൂട്ടങ്ങൾ മലയാളസിനിമയിൽ വർധിക്കുകയും ചെയ്യുന്നു.

തിരക്കഥയെഴുത്താണ് വേദന: വിനീത് ശ്രീനിവാസൻ

സിനിമയോട് അച്‌ഛൻ കാണിക്കുന്ന ആത്മാർഥതയും നിഷ്‌ഠയും എനിക്ക് ഇഷ്‌ടമാണ്. ഇഷ്‌ടമല്ലാത്ത കാര്യം അവസാന നിമിഷമുള്ള അച്‌ഛന്റെ എഴുത്താണ്. അതിനുവേണ്ടി എടുക്കുന്ന സ്‌ട്രെയിൻ, അതുമാറ്റാനുള്ള തുടരൻ സിഗററ്റ് വലി. വെളുപ്പിന് എഴുന്നേൽക്കുന്നു, എഴുതുന്നു, രാത്രിവരെ അത് ഷൂട്ട് ചെയ്യുന്നു, പിന്നെയും ഉറങ്ങാതെ എഴുതുന്നു. സിഗററ്റ് വലിക്കുന്നു. മനപ്പൂർവം ഇങ്ങനെ ചെയ്യുന്നതല്ല. നേരത്തെ എഴുതുന്നതുതന്നെയാണ് അച്‌ഛനും ഇഷ്‌ടം. പക്ഷേ പല പല തിരക്കുകൾകൊണ്ട് അങ്ങനെയായിപ്പോകുന്നതാണ്. അച്‌ഛൻ ഇങ്ങനെ അവസാന നിമിഷം സ്‌ട്രെയിൻ ചെയ്യുന്നതുകണ്ട് ഞാൻ ഒരു തീരുമാനമെടുത്തു. തിരക്കഥ എഴുതിത്തീർത്ത് തിരുത്തലുകളും കഴിഞ്ഞ് ഫൈനൽ ആകാതെ എന്റെ സിനിമയുടെ ഷൂട്ടിങ് ഞാൻ തുടങ്ങില്ല. കഥയ്‌ക്കായി തപസ്സിരിക്കുക, തിരക്കഥയെഴുതുക, ഷൂട്ട് ചെയ്യുക, കംപോസിങ്ങിന് ഇരിക്കുക, ബാക്ക് ഗ്രൗണ്ട് മ്യൂസിക് തയാറാകുമ്പോൾ ഒപ്പം ഇരിക്കുക. ഒരു കലാരൂപം ഇങ്ങനെ രൂപപ്പെട്ടു വരുന്നതിന്റെ ഒപ്പം യാത്ര ചെയ്യാൻ എനിക്ക് ഇഷ്‌ടമാണ്. ഷൂട്ടിങ് എനിക്ക് നല്ല രസമാണ്. എന്റെ സ്‌ട്രെയിൻ പേപ്പറിലാണ്. തിരക്കഥയെഴുത്താണ് വേദന. ഞാൻ ഏറ്റവും ഇൻസെക്യുർ ആകുന്ന, ആളുകളെ ഫേസ് ചെയ്യാൻ പറ്റാത്ത, സോഷ്യൽ ലൈഫ് വേണ്ട എന്ന് ആഗ്രഹിക്കുന്ന പീരിയഡാണ് അത്.

കഥയ്ക്ക് കൊമ്പുണ്ടായിരുന്നു ലോഹിക്കാലം

അച്ഛനെ തോൽപ്പിക്കുന്ന മകൻ, മകൻ മരിക്കണമെന്ന് ആഗ്രഹിക്കുന്ന അച്ഛൻ, സഹോദരങ്ങൾ ചേർന്ന് ഒരു പാവം മനുഷ്യനെ ഭ്രാന്തനാക്കുന്നു– കിരീടം, കാരുണ്യം, തനിയാവർത്തനം പോലെയുള്ള ഹിറ്റ് സിനിമകളുടെ കഥയെപ്പറ്റി ചോദിച്ചാൽ ലോഹിതദാസ് ഇത്രയൊക്കെയേ പറയുമായിരുന്നുള്ളൂ. ആ ഒറ്റവരിയിൽ നിന്നാണ് അന്നൊക്കെ ഒരു സിനിമ തുടങ്ങിയിരുന്നത്. കഥയും കഥാപാത്രങ്ങളും ക്ലൈമാക്സും നാടകീയതയുമൊക്കെ എഴുത്തുകാരന്റെ മനസ്സിൽ മാത്രം. ലോഹിതദാസിന്റെ പേനയിലായിരുന്നു അന്ന് മലയാള സിനിമയുടെ വിശ്വാസം. മമ്മൂട്ടിയും ലാലുമൊക്കെ കഥയെന്തെന്നറിയാതെ ഡേറ്റ് കൊടുക്കുമായിരുന്നു, ലോഹിയാണ് എഴുതുന്നതെന്നു കേട്ടാൽ. എഴുത്ത് അത്രമേൽ ക്രിയേറ്റീവായിരുന്നു അന്ന്. മനസ്സിൽ ഒരു കഥയുടെ മുളപൊട്ടിയിട്ടുണ്ട് എന്ന് കഥാകൃത്തുക്കൾ പറയുമ്പോൾ തലയിലൊരു കൊമ്പുമുളച്ചു എന്ന് ലോഹിതദാസ് പറയും. നെറ്റിയിൽ തടിച്ചുപൊങ്ങിയതുപോലെ രണ്ടു മുഴകൾ പ്രത്യക്ഷപ്പെടും.

എഴുതാൻ പാകമായി എന്ന് അങ്ങനെയാണ് അറിഞ്ഞിരുന്നത്. അതോടെ ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്കു താമസം മാറും. എല്ലാവരും ഉറങ്ങിക്കിടക്കുന്ന പാതിരാത്രികളിലായിരുന്നു ലോഹിതദാസിന്റെ എഴുത്ത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ എഴുതുന്നതിനൊപ്പം സ്വയം ഉറക്കെ പറഞ്ഞും ആസ്വദിച്ചും ഇങ്ങനെ എഴുതും. എഴുത്ത് ഒരാളുടെ മാത്രം സ്വകാര്യ അനുഭവമായിരുന്ന അക്കാലം അങ്ങനെ കടന്നു പോയി.

എഴുതിയാൽ മാത്രം തീരുന്നില്ല, പണി

എഴുത്തുകാരൻ എന്ന ഏകാംഗധർമമല്ല തിരക്കഥാകൃത്തിന്റേതെന്ന് മലയാളസിനിമ തിരിച്ചറിയുകയാണിന്ന്. ലൊക്കേഷനിലും സംവിധായകനരികിൽ തിരക്കഥാകൃത്തുണ്ട്. കഥയും സന്ദർഭവും വിശദീകരിച്ച് ഇതാകണം സംഭാഷണം എന്ന് അഭിനേതാവിന് നിർദേശം നൽകുകയാണ് ഏറെ സംവിധായകരും ഇന്നു ചെയ്യുന്ന രീതി. എഴുതിവച്ച സംഭാഷണത്തെ കൂടുതൽ ജീവസുറ്റതാക്കുയാണ് ലക്ഷ്യം. അപ്പോൾ അഭിനേതാവ് സ്വാഭാവികതയോടെ പറയുന്ന സംഭാഷണം സിനിമയുടെ മൊത്തം കഥായാത്രയോടും കഥാപാത്രത്തോടും ചേരുമോ എന്ന തീരുമാനം തിരക്കഥാകൃത്തിന്റേതാകണം. കൂടുതൽ സിനിമകളും തൽസമയം സംഭാഷണവും റിക്കോർഡ് ചെയ്യുന്നു. അവിടെ തിരക്കഥാകൃത്തിന്റെ ജോലി എഴുത്തുമുറിയിൽ ഒതുങ്ങില്ല. കൂടുതൽപേർ ചേർന്നുള്ള എഴുത്തുകൾ ഹിന്ദിയിലും തെലുങ്കിലുമെല്ലാമുണ്ട്. ഒരു വർഷമെങ്കിലും സമയമെടുക്കാതെ തിരക്കഥാജോലി പൂർത്തിയാക്കാനാവില്ല ഇപ്പോൾ. സൂക്ഷ്മമായ പഠനത്തിനും യാത്രകൾക്കുമെല്ലാം മുൻഗണനയുണ്ട്.

കഴിഞ്ഞ വർഷം 140 മലയാളസിനിമകളുണ്ടായി. വർഷത്തിലൊരു തിരക്കഥയാണ് ഒരാളിൽനിന്ന് ഉണ്ടാകുന്നതെങ്കിൽ അത്രയധികം തിരക്കഥാകൃത്തുക്കളുടെ ആവശ്യം സിനിമയിലുണ്ടെന്നർഥം. അതുകൊണ്ടാവും, കൊച്ചിയിലും തിരുവനന്തപുരത്തും തമ്പടിച്ച് തിരക്കഥയെഴുതുന്ന നൂറുകണക്കിനുപേരുണ്ട്. ഒരുകാലത്ത് കവികളെന്നപോലെ ഇക്കാലത്ത് തിരക്കഥാകൃത്തുക്കളാണ് മലയാളത്തിൽ ഏറെയും. തിരക്കഥയുടെ പൾസ് നോക്കി വിജയമുറപ്പിക്കുന്ന സ്‌ക്രിപ്റ്റ് ഡോക്ടർമാരാണ് കൂട്ടുകെട്ടിൽ ചിലർ. ചിലരാവട്ടെ ആശയം പറയുന്നവർ. മറ്റു ചിലർ നല്ല സംഭാഷണം എഴുതുന്നവർ- തിരക്കഥ തയാറാക്കലിൽ പല ഡ്യൂട്ടികളുണ്ട്. സിനിമയെ മാറ്റിയതിൽ വലിയ പങ്ക് തിരക്കഥയ്ക്കുതന്നെയാണെന്ന് എല്ലാ താരങ്ങളും സമ്മതിക്കുന്നു. അവരെല്ലാം പറയുന്നു- ഹീറോ തിരക്കഥയാണ്.

ആഷിക്ക് അബുവിന്റെ എഴുത്തുസംഘം

'പേര് വയ്ക്കണം എന്ന് ആഷിക്ക് അബു പറഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പേര് ഞങ്ങളെഴുതിയ മിക്ക സിനിമകളിലും വയ്ക്കേണ്ടിവരുമായിരുന്നു. 22 ഫീമെയിൽ കോട്ടയം സിനിമയുടെ ആശയം പോലും അദ്ദേഹത്തിന്റേതായിരുന്നു'- തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ പറയുന്നു. മലയാള സിനിമയിൽ ശ്യാം പുഷ്‌കരനോളം പലതരം എഴുത്തുകൂട്ടുകെട്ട് സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്തുണ്ടാവില്ല. 'സോൾട്ട്‌ ആൻഡ്‌ പെപ്പർ' മുതൽ എട്ടു സിനിമകളിലും ശ്യാം വ്യത്യസ്‌തമായ കൂട്ടുകെട്ടിന്റെ ഭാഗമായി. ദീലീഷ്‌ നായരും ശ്യാമും ചേർന്നായിരുന്നു 'സോൾട്ട്‌ ആൻഡ്‌ പെപ്പർ' എഴുതിയത്. '22 ഫീമെയിൽ കോട്ടയ'ത്തിൽ അഭിലാഷ്‌ നായരായി സഹരചയിതാവ്‌. 'ടാ തടിയാ'യിൽ ദീലീഷും ശ്യാമും അഭിലാഷും ചേർന്നെഴുതി. 'അഞ്ചുസുന്ദരി'കളിൽ എം. മുകുന്ദന്റെ കഥയെ ആസ്‌പദമാക്കി 'സേതുലക്ഷ്മി' രചിച്ചപ്പോൾ കൂട്ടെഴുത്തുകാരനായത്‌ മുനീർ അലി. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കഥയെ ആസ്‌പദമാക്കി 'ഇടുക്കി ഗോൾഡ്‌' രചിച്ചപ്പോൾ ദീലീഷുമായി എഴുതി. 'ഇയ്യോബിന്റെ പുസ്‌തകം' രചിക്കാൻ ഗോപൻ ചിദംബരത്തോടൊപ്പം ചേർന്നു. 'റാണിപദ്‌മിനി'യിൽ ഒപ്പം എഴുതിയത്‌ രവി ശങ്കർ. കൂട്ടുകൂടിയ ഏഴുസിനിമകൾക്കുശേഷം കഥയും തിരക്കഥയും സംഭാഷണവും ശ്യാം എഴുതുന്ന മഹേഷിന്റെ പ്രതികാരം ഇപ്പോൾ തിയറ്ററിലുണ്ട്‌. ഇനി ഒറ്റയ്‌ക്കേ എഴുതൂ എന്ന വാശി ശ്യാമിനില്ല. അടുത്ത സിനിമ അഞ്ചുപേർ ചേർന്നാകും എഴുതുന്നതെന്ന്‌ ശ്യാം പറയുന്നു. കാർ വർക്ക് ഷോപ്പിലെന്നപോലെ അഞ്ചുപേർ ചേർന്ന് എബിസിഡിയുടെ തിരക്കഥയെഴുതിയതും സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അതിനെ ഏകോപിപ്പിച്ചു കൊണ്ടുപോയതും തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ ഓർക്കുന്നു

ഒന്നിപ്പിച്ചാൽ ഒരുപാടുപേരാകാം: മാർട്ടിൻ പ്രക്കാട്ട്

സംവിധായകനു മികച്ച ഏകോപനം നടത്താൻ കഴിയുമെങ്കിൽ കൂട്ടെഴുത്തിലൂടെ ഏറ്റവും മികച്ച തിരക്കഥ സൃഷ്ടിക്കാം. എന്റെ മൂന്നു സിനിമകളിലും ഒന്നിലേറെ എഴുത്തുകാർ ഉണ്ടായിരുന്നു. സംവിധായകൻ കൂടി തിരക്കഥയുടെ ഭാഗമാകുമ്പോൾ എഴുതിത്തയാറാക്കിയ തിരക്കഥ മനപ്പാഠം പോലെ ഷൂട്ട് ചെയ്യാം. സിനിമയുടെ ഇമോഷൻസ് കൃത്യമായി പകർത്താൻ കഴിയും. സിനിമ സംഭാഷണ പ്രധാനമായിരുന്ന കാലത്തായിരുന്നു ഒറ്റയെഴുത്ത്. ദൃശ്യങ്ങൾ വലിയ ഘടകങ്ങളായപ്പോൾ കൂട്ടായ ചിന്തകളും ചർച്ചകളും എഴുത്തും കൂടി.

കൂട്ടെഴുത്തിന്റെ ഉടമയാര്?: ബിപിൻചന്ദ്രൻ

കൂട്ടെഴുത്തിനും ചർച്ച ചെയ്ത് സീനുകൾ പുതുക്കുന്നതിനും ഒരുപാടു പ്രചോദനങ്ങളുണ്ട്. പക്ഷേ, സൃഷ്ടിയുടെ ഉടമസ്ഥതയെയും ഉത്തരവാദിത്തത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഉയർന്നുവരാം. ചെമ്മീന്റെയും യവനികയുടെയും വിജയത്തിൽ എസ്.എൽ.പുരം സദാനന്ദനുള്ള പങ്ക് തമസ്കരിക്കപ്പെട്ട കാലം മുതൽ നന്ദി കിട്ടാത്ത പണിയായിരുന്നു സംഭാഷണ രചന. ആ പണിക്ക് ട്രോൾ യുഗത്തിൽ അൽപം തിളക്കം വച്ചു.

എഴുത്തുകാർ ശ്രദ്ധിക്കപ്പെടുന്നില്ല: ആർ. ഉണ്ണി

ഒരാൾ കഥയും മൂന്നുപേർ തിരക്കഥയും പത്തുപേർ സംഭാഷണവുമെഴുതുന്നുണ്ട്. ഇതിൽ വിജയങ്ങളും സംഭവിക്കുന്നുണ്ട്. എന്നാൽ എഴുത്തുകാർ ശ്രദ്ധിക്കപ്പെടുന്നില്ല. ചില സംവിധായകർ ബോധപൂർവം എഴുത്തുകാരെ ഒതുക്കിനിർത്തുന്നുണ്ട്. എഴുത്തു തീരുംവരെ മതി എഴുത്തുകാർ എന്ന സമീപനവുമുണ്ട്. ന്യൂജെൻ എന്ന പ്രയോഗം എനിക്കിഷ്ടമില്ലെങ്കിലും പുതുതലമുറ സംവിധായകർ എഴുത്തുകാരെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട് എന്നു വ്യക്തമാണ്.

ചർച്ചയൊക്കെ ഉണ്ടെങ്കിലും എനിക്കെന്റെ എഴുത്തു മതി: അൽഫോൻസ് പുത്രൻ

മലയാള സിനിമയിൽ എഴുത്തുകാർ കുറവാണ്. അതുകൊണ്ടാണു സ്വന്തം സിനിമകൾക്കു ഞാൻതന്നെ കഷ്ടപ്പെട്ടു കഥയും തിരക്കഥയും എഴുതുന്നത്. എന്നെ സംബന്ധിച്ച് അതാണു നല്ലതെന്നു തോന്നിയിട്ടുണ്ട്. എന്നാൽ, എല്ലാ സിനിമകൾക്കും കഥയും തിരക്കഥയും സംവിധാനവും ഒരാൾതന്നെ ചെയ്യുന്നതു നന്നാവണമെന്നില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നായ ദേവാസുരം പോലുള്ള സിനിമകൾ ഉദാഹരണം. വളരെ കഷ്ടപ്പെട്ടാണു ഞാൻ എഴുതുന്നത്. എഴുതിയും മാറ്റിയെഴുതിയും എഴുത്തുകാരനാവുകയായിരുന്നു. എടുത്തെടുത്താണല്ലോ സിനിമ പഠിക്കുന്നത്. അതുപോലെ സ്ക്രിപ്റ്റ് തയാറാക്കുമ്പോൾ സിനിമയിലെ സഹപ്രവർത്തകരുമായി ചർച്ച ചെയ്യാറുണ്ട്. അവരുടെ നിർദേശങ്ങൾ കേൾക്കും. എങ്കിലും എനിക്കിഷ്ടമുള്ളതേ എഴുതൂ. എഴുത്തിൽ വേറെ കൈകടത്തലുകൾ അനുവദിക്കാറില്ല. അതിന്റെ ആവശ്യം ഇതുവരെ ഉണ്ടായിട്ടുമില്ല.

തിരമാറ്റം-വിനോദ് നായർ, ഉണ്ണി കെ. വാരിയർ, എൻ.ജയചന്ദ്രൻ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.